മുന്‍ കേന്ദ്രസര്‍ക്കാരുകളുടെ കാലത്ത് സംസ്ഥാനത്ത് നിര്‍മ്മിച്ച ടോയ്‌ലെറ്റുകളെല്ലാം സ്വന്തം കണക്കില്‍ ചേര്‍ത്ത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍

single-img
8 January 2016

SBM

മുന്‍ കേന്ദ്രസര്‍ക്കാരുകളുടെ കാലത്ത് സംസ്ഥാനത്ത് നിര്‍മ്മിച്ച ടോയ്‌ലെറ്റുകളെല്ലാം സ്വന്തം കണക്കില്‍ ചേര്‍ത്ത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍. കുടിവെള്ള സാനിറ്റേഷന്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ 12,19,948 ശൗചാലയങ്ങള്‍ നിര്‍മിച്ചെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ 2014 ഒക്‌ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ലക്ഷ്യമിട്ട 45,000ത്തോളം ശൗചാലയങ്ങള്‍ നിര്‍മിക്കുവാനുളള നടപടികള്‍ ആരംഭിച്ചിട്ടെയുളളു എന്നുള്ളതാണ് സത്യം.

കേരളത്തില്‍ 12 ലഷത്തിലധികം ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി 286 കോടിയിലധികം രൂപ ചെലവഴിച്ചെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ പദ്ധതിപ്രകാരം നിര്‍മിക്കുന്നതാകട്ടെ 45,000ത്തോളം ശൗചാലയങ്ങള്‍ മാത്രമാെണന്നാണ് ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ മൂന്നുലക്ഷത്തിലധികം വീടുകളില്‍ ശൗചാലയമില്ലെന്നാണ് കണക്കുകള്‍. അതേസമയം 2014ല്‍ മാത്രം ആരംഭിച്ച സ്വച്ഛ് ഭാരത് മിഷന്‍ വെബ്‌സൈറ്റില്‍ ആധികാരികമായി കാണിച്ചിരിക്കുന്നത് തങ്ങള്‍ ഇതുവരെ പന്ത്രണ്ടുലക്ഷത്തിലധികം ശൗചാലയങ്ങള്‍ കേരളത്തില്‍ നിര്‍മിച്ചുവെന്നാണ്.

കേരളത്തില്‍ സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സംസ്ഥാന സര്‍ക്കാരിനു കീഴിലുളള ശുചിത്വ മിഷനാണ്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ കേരളത്തില്‍ സെന്‍ട്രല്‍ റൂറല്‍ സാനിറ്റേഷന്‍ പ്രോഗ്രാം, ടോട്ടല്‍ സാനിറ്റേഷന്‍ ക്യാംപൈന്‍, നിര്‍മല്‍ ഭാരത് അഭിയാന്‍ എന്നിങ്ങനെ വിവിധ പദ്ധതികളിലായി പല കേന്ദ്ര ഗവണ്‍മെന്റുകള്‍ നിര്‍മിച്ച് നല്‍കിയ ശൗചാലയങ്ങളെല്ലാം സ്വച്ഛ് ഭാരത് മിഷന്റെ അക്കൗണ്ടില്‍ ചേര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

വിവരാവകാശ പ്രവര്‍ത്തകനായ ടി.എസ്. അമല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിരിക്കുകയാണ്.