യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച പരിധി കീടനാശിനി കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി ഒഴിവാക്കി; പച്ചക്കറികള്‍ ഇനി വിഷരഹിതം

single-img
6 January 2016

Tamil_vegetables

യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച പരിധി കീടനാശിനി കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി ഒഴിവാക്കിയപ്പോള്‍ പച്ചക്കറികളും പലവ്യഞ്ജനങ്ങളുമെല്ലാം വിഷരഹിതമായി. ‘സേഫ് ടു ഈറ്റ്’ പദ്ധതി പ്രകാരം വെള്ളായണി കാര്‍ഷിക കോളേജ് കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബാണ് പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി ഒഫ് ഇന്ത്യ പല പച്ചക്കറികളിലെയും പലവ്യഞ്ജനങ്ങളിലെയും അവശിഷ്ട കീടനാശിനി സംബന്ധിച്ച് പരിധി നിശ്ചയിച്ചിട്ടില്ല എന്നുള്ളത് മായം ചേര്‍ക്കലുകാര്‍ക്ക് ഗുണമാവുകയായിരുന്നു. എന്നാല്‍ വിഷാംശ പരിശോധനാ ലാബ് 2013 മുതല്‍ യൂറോപ്യന്‍ യൂണിയന്റെ പരിധി വച്ചാണ് കീടനാശിനി അവശിഷ്ട വറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. തമിഴ്‌നാടുള്‍പ്പെടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന പഴം, പച്ചക്കറികളില്‍ മാരകമായ തോതില്‍ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന് ജനങ്ങള്‍ അറിഞ്ഞത് ആ പരിശോധന റിപ്പോര്‍ട്ടിന്റെ ഫലമായാണ്.

കറിവേപ്പിലയില്‍ പോലും മാരകമായ കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ജനങ്ങള്‍ അന്യദേശ പച്ചക്കറികള്‍ ഒഴിവാക്കാന്‍ തുടങ്ങഇ. ഇതിനെ തുടര്‍ന്ന് കീടനാശിനി കമ്പനികള്‍ ഐ.സി.എ.ആറിന്റെ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പി.കെ. ചക്രവര്‍ത്തിയെ സമീപിക്കുകയും തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ പരിധിയും പാടില്ലെന്ന് കാര്‍ഷിക സര്‍വകലാശാലയ്ക്കും ലാബിനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മാത്രമല്ല കീടനാശിനി കമ്പനികള്‍ക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതായി ആരോപിച്ച് ഇന്‍വെസ്റ്റിഗേറ്റര്‍ സ്ഥാനത്തുനിന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഖിലേന്ത്യാ കീടനാശിനി പദ്ധതിയുടെ പ്രിന്‍സിപ്പലും വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട പരിശോധനാ ലാബ് മേധാവിയുമായ ഡോ. ബിജു തോമസ് മാത്യുവിനെ നീക്കുകയും ചെയ്തു.

2015 ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 48 പച്ചക്കറികളുടെ 187 സാമ്പിളുകളിലെ കീടനാശിനി അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ കറിവേപ്പിലയില്‍ മാത്രമാണ് വിഷാംശം കണ്ടെത്തിയത്. പക്ഷേ എപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ നടപടിയെടുക്കാനാവില്ല എന്നാണ് അധികൃതപക്ഷം.