അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കിയത് പ്രവിശ്യാ ഗവര്‍ണര്‍ അത്ത മുഹമ്മദ് നൂര്‍

single-img
6 January 2016

Afgan

ഇന്ത്യയ്ക്ക് വേണ്ടി ഭീകരരോടു പൊരുതി ഒരു അഫ്ഗാന്‍ ഗവര്‍ണര്‍. അഫ്ഗാനിസ്ഥാനിലെ മാസര്‍ ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കിയത് ബല്‍ക്ക് പ്രവിശ്യയുടെ ഗവര്‍ണ്ണറായ അത്ത മുഹമ്മദ് നൂറാണ്. ഇന്ത്യയ്ക്കായി കയ്യില്‍ തോക്കുമായി തീവ്രവാദികളെ ലക്ഷ്യം വയ്ക്കുന്ന ഗവര്‍ണ്ണറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

ബല്‍ക്ക് പ്രവിശ്യയുടെ തലസ്ഥാനമായ മാസര്‍ ഇ ഷെരീഫില്‍ ആയുധമെടുത്ത് പോരാടിയത് കൂടാതെ സൈനികരോട് ചര്‍ച്ച ചെയ്യുന്നതിന്റെയും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. പ്രത്യേക സേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷനെക്കുറിച്ചുള്ള അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമര്‍ സിന്‍ഹ, അത്തയുടെ നിരീക്ഷണമുള്ളതിനാല്‍ കോണ്‍സുലേറ്റിലെ എല്ലാകാര്യങ്ങളും സുരക്ഷിതമാണെന്ന് ട്വീറ്റും ചെയ്തിരുന്നു. ആവശ്യത്തിന് ഉപകരിക്കുന്ന സുഹൃത്തെന്ന വിശേഷണവും അദ്ദേഹം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്.

ആക്രമണത്തിനെത്തിയ മൂന്ന് ഭീകരരെ അഫ്ഗാന്‍ സുരക്ഷാസേന വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. പ്രത്യാക്രമണത്തിനിടെ രണ്ട് സുരക്ഷാ ജീവനക്കാര്‍ മരിക്കുകയും ആറ് സൈനികര്‍ക്കും മൂന്ന് സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.