ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൃശ്യഭംഗി ബി.ബി.സിയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ലോക പ്രേക്ഷകരുടെ മുന്നിലേക്ക്

single-img
5 January 2016

Kerala-tourism

ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൃശ്യഭംഗി ബി.ബി.സിയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ലോക പ്രേക്ഷകരുടെ മുന്നിലേക്ക്. ചിത്രീകരണവുമായി ബ ന്ധപ്പെട്ട് കേരളത്തിലെത്തുന്ന ബി.ബി.സി., റഷ്യന്‍ ടി.വി. വാര്‍ത്താസംഘങ്ങള്‍ക്ക് സംസ്ഥാന ടൂറിസം വകുപ്പ് ആതിഥ്യം വഹിക്കുന്നു. അന്താരാഷ്ട്ര പ്രശസ്ത യാത്രാലേഖകര്‍ക്കും ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കും ടൂര്‍ഓപ്പറേറ്റര്‍മാര്‍ക്കുമായി കേരള ടൂറിസം ഡിപ്പാര്‍ട്ടമെന്റ് സംഘടിപ്പിക്കുന്ന പരിചയപ്പെടുത്തല്‍ സഞ്ചാരം (ഫാം) പരിപാടിയുടെ ഭാഗമായാണ് ഈ സന്ദര്‍ശനമെന്ന് ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.

ഈ പദ്ധതി ലോക പ്രേക്ഷകര്‍ക്ക് മുന്നില്‍ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ബി.സി. വേള്‍ഡ് ന്യൂസ് ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്ന ‘ദി ട്രാവല്‍ ഷോ’ എന്ന പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ എത്തിക്കഴിഞ്ഞു. പത്ത് വരെ ഇവര്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ചിത്രീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

റഷ്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര ടെലിവിഷന്‍ കമ്പനിയായ എന്‍.ടി.വി.യാണ് ടൂറിസംവകുപ്പിന്റെ ആതിഥ്യം സ്വീകരിച്ച് അടുത്തതായി കേരളത്തിലെത്തുന്നത്. ‘ലെറ്റ്‌സ് ഗോ, ലെറ്റ്‌സ് ഈറ്റ്’ എന്ന ഈ പരിപാടിയുടെ ചിത്രീകരണത്തിനായി 15 മുതല്‍ 18 വരെ എന്‍.ടി.വി. സംഘം കേരളത്തിലുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.