ബി.സി.സി.ഐയില്‍ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കണം; ലോധ കമ്മീഷന്‍ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമര്‍പ്പിച്ചു

single-img
4 January 2016

lodhaന്യൂഡല്‍ഹി: ബി.സി.സി.ഐ.യെ അടിമുടി പരിഷ്‌കരിക്കുന്നതിനായി ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബി.സി.സി.ഐ.യുടെ ഘടനയും ഭരണഘടനയും സംബന്ധിച്ച നിര്‍ദേശങ്ങളാണ് സമിതി സമര്‍പ്പിച്ചത്. ബി.സി.സി.ഐ. ഭാരവാഹികള്‍, വിവിധ സംസ്ഥാന അസോസിയേഷനുകളുടെ ഭാരവാഹികള്‍, മുന്‍ ക്യാപ്റ്റന്മാരായ ബിഷന്‍ സിങ് ബേബി, കപില്‍ദേവ്, സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരില്‍ നിന്ന് തെളിവെടുത്തശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് സമിതി പറഞ്ഞു.

ബി.സി.സി.ഐ.യ്ക്കും ഐ.പി.എല്ലിനും രണ്ട് വ്യത്യസ്ത ഭരണസമിതികള്‍ വേണം എന്നതാണ് അദ്ദേഹം സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ പ്രധാനം. ഐ.പി.എല്‍ ഭരണസമിതിക്ക് നിയന്ത്രിത സ്വയംഭരണാധികാരം മതിയെന്നും സമിതി ശുപാര്‍ശ ചെയ്തു. കളിക്കാരുടെ അസോസിയേഷന്‍ രൂപവത്കരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സമിതിയുടെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍:

  • ബിസിസിഐയ്ക്കും ഐപിഎല്ലിനും പ്രത്യേക ഭരണസമിതികൾ വേണം∙
  • ബിസിസിഐയിൽ ഒരു സംസ്ഥാനത്തുനിന്ന് ഒരു അസോസിയേഷൻ മതി. വോട്ടവകാശം ഒരു അസോസിയേഷനു മാത്രമായിരിക്കും.
  • ഐപിഎല്ലിന് നിയന്ത്രിത സ്വയംഭരണാവകാശം മതി∙
  • ബിസിസിഐയുടെ ഭരണഘടന മാറണം∙ സ്റ്റിയറിങ് കമ്മിറ്റിയിൽ ജി.കെ.പിള്ള അധ്യക്ഷനാകും.
  • ഓംബുഡ്സ്മാൻ, എത്തിക്സ്, ഇലക്ടറൽ ഓഫിസർ തുടങ്ങിയവരെ ഉൾപ്പെടുത്തണം.
  • ഐപിഎൽ ഗവേണിങ് കൗൺസിൽ പുനഃസംഘടിപ്പിക്കണം∙ സിഎജിക്കും കളിക്കാർക്കും കൗൺസിലിൽ പ്രാതിനിധ്യം ഉണ്ടായിരിക്കും.
  • ഇതിനായി കളിക്കാരുടെ അസോസിയേഷൻ രൂപീകരിക്കണം∙
  • ബിസിസിഐ ഭാരവാഹികളുടെ പ്രായം 70 വയസ്സിൽ കൂടരുത്∙
  • സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും ബിസിസിഐ ഭാരവാഹികൾ ആകരുത്∙
  • ഒരു സംസ്ഥാനത്ത് ഒരു ക്രിക്കറ്റ് അസോസിയേഷൻ മാത്രം∙
  • ബിസിസിഐയ്ക്ക് ഒരു സിഇഒയെ നിയമിക്കണം. ആറു പ്രൊഫഷണൽ മാനേജറുമാരും ഇദ്ദേഹത്തിനു കീഴിൽ വേണം. ‌‌
  • ഐപിഎല്ലിന് ഒൻപത് അംഗ ഭരണസമിതി; ഫ്രാ‍ഞ്ചൈസികൾക്കും പ്രാതിനിധ്യം