ഫ്രീബേസിക്ക്‌സ് പദ്ധതി തങ്ങളുടെ രാജ്യത്ത് നടപ്പിലാക്കേണ്ടെന്ന് ഈജിപ്ത് ഫേസ്ബുക്കിന് നിര്‍േദ്ദശം നല്‍കി

single-img
2 January 2016

mark-zuckerberg

ഫ്രീബേസിക്ക്‌സ് പദ്ധതി തങ്ങളുടെ രാജ്യത്ത് നടപ്പിലാക്കേണ്ടെന്ന് ഈജിപ്ത് ഫേസ്ബുക്കിന് നിര്‍േദ്ദശം നല്‍കി. ഇന്ത്യയില്‍ ഫ്രീബേസിക്ക്‌സ് നടപ്പാക്കുന്നതിന് ടെലികോം റെഗുലേറ്ററി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈജിപ്തും പദ്ധതിയെ എതിര്‍ത്തത്. ഈജിപ്തിലെ മൂന്നു മില്യണ്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ആക്‌സസ് എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് ഇവിടെ ഫ്രീബേസിക്ക്‌സ് അവതരിപ്പിച്ചത്. എന്നാല്‍ ഫ്രീബേസിക്ക്‌സ് പദ്ധതി രാജ്യത്ത് നടപ്പാക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ ഈജിപ്ത് അധികൃതര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഈജിപ്തില്‍ ഇനി ഫ്രീബേസിക്ക്‌സ് ലഭ്യമാകില്ല എന്നത് നിരാശ ഉണ്ടാക്കുന്ന കാര്യമാണെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രതികരിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് ഫ്രിബേസിക്ക്‌സ് പദ്ധതി നിര്‍ത്തലാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അറബ് വസന്തം തുടങ്ങിയതിന്റെ അഞ്ചാം വാര്‍ഷികം ജനുവരി 25ന് ഈജിപ്തില്‍ നടക്കാനിരിക്കേ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ടെലികോം ഓപ്പറേറ്റര്‍ക്ക് ഫ്രീബേസിക്ക്‌സ് ട്രയല്‍ റണ്‍ നടത്താന്‍ അനുവദിച്ച രണ്ട് മാസ സമയം അവസാനിച്ചത് കൊണ്ടാണ് പദ്ധതി നിര്‍ത്തലാക്കാനാവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.