നേതാവിനെ ചൊല്ലി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് മുഖ്യമന്ത്രി;ഒറ്റക്കെട്ടായി മുന്നേറുമെന്ന്‌ സുധീരന്‍

single-img
31 December 2015

maxresdefaultഭരണത്തുടർച്ചയ്ക്കായി ഐക്യത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്‍റ് വി. എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. സംയുക്ത വാർത്താ സമ്മേളനത്തിലാണ് മൂന്നു പേരും ഇക്കാര്യം ആവശ്യപ്പെട്ടത്. സോണിയാഗാന്ധിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത വാർത്താ സമ്മേളനം.കൂട്ടായ നേതൃത്വത്തിന്റെ കീഴിലായിരിക്കും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് നേതാക്കള്‍ പറഞ്ഞു.

 
മറ്റ് പാര്‍ട്ടികളില്‍ ഉള്ളതുപോലെ നേതാവിനെ ചൊല്ലി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതാവിനെ മുൻകൂട്ടി തീരുമാനിക്കുന്ന രീതി കോൺഗ്രസിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോണ്‍ഗ്രസില്‍ നേതൃമാറ്റം എന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ പേരില്‍ പ്രചരിച്ച കത്ത് താന്‍ അയച്ചതല്ലെന്നും ചെന്നിത്തല പറഞ്ഞു. ഇന്ത്യയില്‍ ബിജെപിയും സംഘപരിവാറും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും യു.ഡി.എഫിന്‌ ഒരു രണ്ടാംമൂഴം ഉണ്ടാകാനും കേരളത്തിലെ എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ഒന്നിച്ച്‌ നില്‍ക്കണമെന്ന്‌ ചെന്നിത്തല പറഞ്ഞു.

 
പരിഹരിക്കാവുന്ന പ്രശ്നങ്ങളെ കോൺഗ്രസിലുള്ളൂവെന്നും ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് നീക്കുന്നതിനാണ് സംയുക്ത വാർത്താ സമ്മേളനം നടത്തിയതെന്നും നേതാക്കൾ അറിയിച്ചു. എല്ലാ കക്ഷികളുടെയും പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സുധീരന്‍ പറഞ്ഞു.ഐക്യത്തിന് പോറലേല്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും സുധീരന്‍ പറഞ്ഞു.