70 വയസിന് മുകളിലുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നല്‍കുന്ന കാര്യം കേന്ദ്രപരിഗണനയില്‍

single-img
28 December 2015

Hajj

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്ത അഞ്ചാം തവണ അപേക്ഷകര്‍ക്കും 70 വയസിന് മുകളിലുളളവര്‍ക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നല്‍കുന്ന കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പരിഗണനയില്‍.

സംസ്ഥാന ഹജ്ജ് കമ്മറ്റി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണിത്. തീരുമാനം അനുകൂലമായാല്‍ കേരളത്തില്‍ നിന്നുളള ഹജ്ജ് ക്വാട്ടയില്‍ വന്‍വര്‍ധനയുണ്ടാകും. ഹറമില്‍ നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യന്‍ ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനം സീറ്റുകള്‍ വെട്ടിക്കുറച്ചിരുന്നു. ഇത്തവണ ഇവ പുനസ്ഥാപിക്കുന്നതിനൊപ്പം കൂടുതല്‍ സീറ്റ് അനുവദിക്കാനും സാധ്യതയുണ്ട്. നേരത്തെ 1,70,000 സീറ്റുകളായിരുന്നു ഇന്ത്യക്ക് അനുവദിച്ചത്. വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാട്ട 20 ശതമാനം വെട്ടിക്കുറച്ചപ്പോള്‍ 1,36,020 ആയി കുറഞ്ഞു. ഇതില്‍ 36,000 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കാണ് നല്‍കിയിരിക്കുന്നത്.

സൗദി ഭരണകൂടം മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വിദേശരാജ്യങ്ങള്‍ക്ക് ഹജ്ജ് ക്വാട്ട വീതിക്കുന്നത്. 2001 ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലായിരുന്നു 2015 വരെ സീറ്റ് അനുവദിച്ചത്. 2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലുളള കണക്കുകള്‍ കേന്ദ്രം സമര്‍പ്പിച്ചതിനാല്‍ സൗദി കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചേക്കുശമന്നും റിപ്പോര്‍ട്ടുകളുണ്ട്.