ദരിദ്രര്‍ക്ക് ആഹാരം നല്‍കാനായി ഔറംഗാബാധില്‍ റൊട്ടി ബാങ്ക് ആരംഭിച്ചു

single-img
28 December 2015

roti-bank

വിശന്നു വലഞ്ഞെത്തുന്നവര്‍ക്ക് ആഹാരം നല്‍കാനായി ഔറംഗാബാദില്‍ റൊട്ടി ബാങ്ക് ആരംഭിച്ചു. പാവപ്പെട്ടവര്‍ക്കും രോഗബാധയാല്‍ വലയുന്നവര്‍ക്കും തൊഴില്‍രഹിതര്‍ക്കും റൊട്ടി ബാങ്കില്‍ നിന്ന് ഭക്ഷണമെടുത്ത് കഴിക്കാവുന്ന രീതിയിലാണ് ഐസംവിധാനം. റൊട്ടി ബാങ്കിലേക്ക് ആഹാരം നല്‍കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ഭക്ഷണം സംഭാവന നല്‍കുകയും ചെയ്യാം.

ഹാറൂണ്‍ മുക്തി ഇസ്ലാമിക് സെന്റര്‍ സ്ഥാപകന്‍ യൂസഫ് മുകാതിയുടെ നേതൃത്വത്തിലഅാണ് ഔറംഗാബാദിലെ റൊട്ടി ബാങ്ക് ആരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ റൊട്ടി ബാങ്കാണ് ഔറംഗാബാദില്‍ തുടങ്ങിയത്. നേരത്തെ യു.പിയിലെ ബുന്ദേല്‍ഖന്ദിലും സമാനമായ റൊട്ടി ബാങ്ക് തുടങ്ങിയിരുന്നു.
പട്ടിണി മൂലം വലയുന്ന നിരവധി പേരെ താന്‍ കണ്ടുമുട്ടിയിട്ടുണ്ടെന്നും അത്തരക്കാര്‍ക്ക് ഒരു കൈത്താങ്ങാകുന്നതിന് വേണ്ടിയാണ് റൊട്ടി ബാങ്ക് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയോടും അഞ്ച് സഹോദരിമാരോടും കൂടിയാലോചിച്ചാണ് താന്‍ ഈ പദ്ധതി ാരംഭിച്ചതെന്നും യൂസഫ് പറഞ്ഞു.

ഈ മാസം അഞ്ചിന് ആരംഭിച്ച റൊട്ടി ബാങ്കിലേക്ക് ആദ്യ ദിനം തന്നെ 250 പേര്‍ ഭക്ഷണം സംഭാവന ചെയ്തു. വീട്ടില്‍ തയ്യാറാക്കുന്ന രണ്ട് ചപ്പാത്തിയും വെജിറ്റബിള്‍ അല്ലെങ്കില്‍ നോണ്‍ വെജിറ്റബിള്‍ കറിയുമാണ് ഓരോരുത്തരില്‍ നിന്നും സ്വീകരിക്കുന്നത്. രാവിലെ 11 മണി മുതല്‍ വൈകിട്ട് 11 മണി വരെയാണ് റൊട്ടി ബാങ്കിന്റെ പ്രവര്‍ത്തന സമയം.

റൊട്ടി ബാങ്കില്‍ ഭക്ഷണം നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ള ഓരോ നിക്ഷേപകനും ഒരു പ്രത്യേക കോഡ് നല്‍കുകയും തുടര്‍ന്ന് ഇവര്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷം ആവശ്യക്കാര്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.