ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ടത് ഇന്ത്യക്കാരാണോ അതോ ഒരു വിദേശകമ്പനിയുടെ സാമ്പത്തിക ശക്തിയാണോ എന്നു ജനങ്ങള്‍ക്ക് തീരുമാനിക്കാന്‍ ഇനി രണ്ട് നാളുകള്‍ മാത്രം

single-img
28 December 2015

M3ട്രായ്ക്ക് ഫേസ്ബുക്കിന്റെ കുരുക്കില്‍ കുടുങ്ങിയവരുടെ വകയായി 5.5 ലക്ഷം മെയിലുകള്‍ വന്നുവെന്നാണ് പറയുന്നത് .

http://savetheinternet.in വഴി ഇന്നു ഒരു 15 മിനിറ്റു മുമ്പുവരെ ട്രായുടെ കണ്‍സള്‍ട്ടേഷനു മറുപടിയായി പോയ കത്തുകളുടെ എണ്ണം 165218 . (എണ്ണം ഓരോ അര മണിക്കൂറിലും ബുള്ളറ്റിന്‍ ബാബു ഇവിടെ പറയുംhttps://twitter.com/bulletinbabu )

നമുക്കിതു മതിയോ ?
ട്രായ്ക്ക് മറുപടി അയക്കാനുള്ള അവസാനതിയതിയായ ഡിസംബര്‍ 30 ലേയ്ക്ക് ഇന്നടക്കം 3 ദിവസമേ ഉള്ളൂ.. ഒന്നൊത്തുപിടിച്ചാല്‍ കൂടുതല്‍ ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താം. ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ടത് ഇന്ത്യക്കാരാണോ അതോ ഒരു വിദേശകമ്പനിയുടെ സാമ്പത്തിക ശക്തിയാണോ എന്നുകൂടി തീരുമാനിക്കപ്പെടേണ്ട സമയമാണിത് . ഫേസ്ബുക്ക് ഇന്ത്യയുടെ വരുമാനത്തിന്റെ മൂന്നിലൊന്നോളം (ഏകദേശം നൂറു കോടി രൂപയാണ് ) ഫ്രീ ബേസിക്സിനെ രക്ഷിച്ചെടുക്കാനുള്ള പരസ്യങ്ങള്‍ക്കായി ഫേസ്ബുക്ക് ചെലവാക്കുന്നത് . പത്രങ്ങളില്‍ 2 പേജ് ഫുള്‍പേജ് പരസ്യങ്ങളായും ബില്‍ബോര്‍ഡുകളായും ടിവി സിനിമാ യൂട്യൂബ് പരസ്യങ്ങളായും എന്തിന്? ഗ്രാമപ്രദേശങ്ങളില്‍ ഐസ്ക്രീം ട്രക്കുകളായും വരെ ഇന്റര്‍നെറ്റ്.ഓര്‍ഗ് അവര്‍ക്കനുകൂലമായി പൊതുബോധ നിര്‍മ്മാണത്തിനു ശ്രമിയ്ക്കുകയാണ്.

ദേശീയത എന്നൊരു വികാരം മോഡിയ്ക്കോ ബിജെപിയ്ക്കോ അല്പമെങ്കിലും ഉണ്ടോ എന്നുകൂടി ഉള്ളതിനു ഒരു ലിറ്റ്മസ് ടെസ്റ്റാണിത് . “9/10 US Enterprice love H1B” എന്നും പറഞ്ഞ് ഇന്‍ഫോസിസ് അവരുടെ അമേരിക്കന്‍ കസ്റ്റമേര്‍സിനോട് അമേരിക്കന്‍ കോണ്‍ഗ്രസ്സിനു കൂടുതല്‍ വിസ അനുവദിക്കാന്‍ കത്തയക്കാന്‍ പറയുമ്പോലെ പരിഹാസ്യമാണ് ഫേസ്ബുക്കിന്റെ കാമ്പൈന്‍ . ഒരു രാജ്യത്തിന്റെ നയങ്ങള്‍ തീരുമാനിയ്ക്കുന്നതില്‍ ഒരു വിദേശകമ്പനിയുടെ റോള്‍ എന്താവണമെന്നുകൂടി തീരുമാനിക്കേണ്ട സമയമാണിത് . അമേരിക്കയിലോ ചൈനയിലോ ഗവണ്‍മെന്റിന്റെ പോളിസി നിര്‍മ്മാണത്തില്‍ ഇടപെട്ട് ഇത്തരം ഒരു തെറ്റീദ്ധാരണ പരത്തല്‍ കാമ്പൈന്‍ ഒരു ഇന്ത്യന്‍ കമ്പനി ചെയ്യുന്നെങ്കില്‍ അതിനോട് ഏതു തരത്തിലായിരിയ്ക്കും പ്രതികരിയ്ക്കുക എന്നുകൂടി ആലോചിയ്ക്കുക . പ്രധാനമന്ത്രിയെ സല്‍ക്കരിച്ചും ത്രിവര്‍ണ്ണ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും പരസ്യ പണമിറക്കിയും തെറ്റീദ്ധാരണാകാമ്പൈന്‍ വഴിയും ഇന്ത്യയുടെ ഭാവി ഇന്റര്‍നെറ്റീനെക്കുറിച്ചുള്ള പോളിസി നിര്‍മ്മാണം തങ്ങളുടെ ചൊല്‍പ്പടിയിലാക്കാമെന്നു ഒരു 300 ബില്യണ്‍ ഡോളര്‍ കമ്പനി കരുതുമ്പോള്‍ അതിനെ നിലക്കു നിര്‍ത്താനുള്ള കഴിവ് ഭരണകൂടത്തിനുണ്ടോ ഉണ്ടാവണമോ എന്നതു കൂടിയാണിപ്പോള്‍ വിഷയം . ഇന്ത്യന്‍ ഗവണ്‍മെന്റും അതിന്റെ നയരൂപീകരണവും ഫേസ്ബുക്കിന്റെ ഈ ഡിസ്ഇന്‍ഫര്‍മേഷന്‍ കാമ്പൈനിനു മുന്നില്‍ ഇപ്പോള്‍ തല കുനിച്ചാല്‍ ഇനി നമ്മള്‍ കാണാനിരിയ്ക്കുക ഗൂഗിളിനെതിരെ കോടതിവിധികളോ ഗവണ്‍മെന്റ് നടപടികളോ വരികയാണെങ്കില്‍ അപ്പോള്‍ അവര്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളോട് ഗവണ്‍മെന്റിനെതിരെ അണിനിരത്തുന്നതും മൈക്രോസോഫ്റ്റും പാര്‍ട്ണര്‍മാരും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പോളിസികള്‍ക്കെതിരെ അവരുടെ ഉപഭോക്താക്കളെ അണിനിരത്തുന്നതും ഒക്കെയാണ് .

ഗവണ്‍മെന്റ് എന്തു ചെയ്താലും ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ ഭാവി നിശ്ചയിക്കാന്‍ പണത്തിനു മേല്‍ പറക്കുന്ന ഒരു പൊതു അഭിപ്രായ രൂപീകരണം നമുക്കുണ്ടായേ തീരൂ. തെറ്റിദ്ധരിപ്പിച്ചു നേടുന്ന 5.5 ലക്ഷം സ്പാം ഈമെയിലുകളെക്കാള്‍ (ട്രായുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ലല്ലോ ഫേസ്ബുക്കിന്റെ ഈമെയില്‍ ) 1.65 ലക്ഷം വിഷയത്തിലൂന്നിയ മെയിലുകള്‍ക്ക് വിലയുണ്ടെങ്കിലും എണ്ണത്തില്‍ എങ്കിലും ഫേസ്ബുക്കിനെ ജനങ്ങളെ പറ്റിക്കുന്നവരാക്കി വിജയിക്കാന്‍ അനുവദിക്കണോ എന്ന ചോദ്യം ബാക്കിയാണ് .

അതിനാല്‍ http://savetheinternet.in ല്‍ ചെന്ന് Respond to TRAI now എന്നതില്‍ ക്ലിക്ക് ചെയ്യുക. മുന്‍കൂര്‍ തയ്യറാക്കിയ മറുപടി പ്രത്യക്ഷപ്പെടും . കമ്പ്യൂട്ടറില്‍ നിന്നാണെങ്കില്‍ വരുന്ന മറുപടി നിങ്ങളുടെ ഇമെയിലേയ്ക്ക് To CC അഡ്രസ്സുകള്‍ സഹിതം കോപ്പി പേസ്റ്റ് ചെയ്യുക (Done അടിച്ചതിനു ശേഷം gmail / yahoo / outlook ബട്ടണില്‍ ക്ലിക്കിയാല്‍ To CC Subject ഒക്കെ തന്നെ പുതിയ മെയില്‍ വിന്‍ഡോയില്‍ തുറന്നുവരും. മെസ്സേജ് മാത്രം കോപ്പി പേസ്റ്റിയാല്‍ മതിയാവും) . മൊബൈലില്‍ നിന്നാണെങ്കില്‍ ഇതു നിങ്ങളുടെ ഇമെയില്‍ ആപ്പില്‍ തന്നെ തുറന്നു വരും . കോപ്പി പേസ്റ്റ് ചെയ്യേണ്ടതില്ല.
അതു വായിച്ചു നോക്കുക. തിരുത്തുകളുണ്ടെങ്കില്‍ വരുത്തുക . നേരെ അയക്കുക. ഇത്രമാത്രമാണ് ചെയ്യേണ്ടത്

മൂന്നു ദിവസത്തിനുള്ളില്‍ 10 ലക്ഷം കടക്കല്‍ മലയാളികള്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്നതേ ഉള്ളൂ. നമുക്കൊന്നു നോക്കിയാലോ ?