പാകിസ്ഥാനുമായുള്ള ഇടപെടലുകളില്‍ പുലര്‍ത്തുന്ന രഹസ്യാത്മകത നിഗൂഡമാണ്. രാജ്യത്തെ ജനങ്ങളെയും, മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്തും അന്താരാഷ്‌ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഇന്ത്യയുടെ നിലപാടുകള്‍ക്ക് ഏല്‍ക്കുന്ന കനത്ത തിരിച്ചടിയായിരിക്കും.

single-img
26 December 2015

 


നമ്മളെല്ലാവരും ആത്യന്തികമായി പാകിസ്ഥാനുമായി സഹകരണവും സമാധാനവും കാംക്ഷിക്കുന്നവരാണ്. അത് കൊണ്ട് തന്നെ ഒരു സാധാരണ ഭാരതീയനെ സംബന്ധിച്ചിടത്തോളം ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ ലാഹോര്‍ സന്ദര്‍ശനം ഏറെ അഭിനന്ദനീയവും, പ്രതീക്ഷ നല്‍കുന്നതുമാണ്. പക്ഷെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സന്ദര്‍ശനത്തെ സംശയത്തോടെ കാണുന്നതിനു ഒരു പശ്ചാത്തലമുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം അടിസ്ഥാനപരമായി കശ്മീരിനെ സംബന്ധിച്ചുള്ളതാണ്. ഈ പ്രശ്നം സംസാരിക്കുവാന്‍ അജണ്ടയില്‍ എങ്കിലും ഉള്‍പ്പെടുത്തണമെങ്കില്‍ അതിനു നമ്മള്‍ വച്ചിരുന്ന ഉപാധി മുംബൈ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ നല്‍കണം എന്നതാണ്. അതിര്‍ത്തി കടന്നു വരുന്ന തീവ്രവാദമാണ് വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ പ്രശ്നം. ഈ രണ്ടു വിഷയങ്ങളില്‍ സമവായവും നടപടിയും ഇല്ലാതെ ഭാരതത്തിനു പാകിസ്ഥാനുമായി ഒരു ഇഞ്ച് മുന്നോട്ടു പോവാന്‍ സാധിക്കില്ല. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തില്‍ ബി.ജി.പി. നേതൃത്വത്തിന് ഒരു കാഴ്ചപ്പാടും ഇല്ല എന്നത് അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് തന്നെ വ്യക്തമായതാണ്. വിഷയത്തില്‍ അവധാനതയില്ലാതെ നടത്തിയ ഇടപെടലാണ് കാര്‍ഗില്‍ യുദ്ധത്തില്‍ കലാശിച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തില്‍ അവിടുത്തെ ജനാധിപത്യ സര്‍ക്കാരിനും, പട്ടാള നേതൃത്വത്തിനും വ്യത്യസ്ത താല്പര്യങ്ങളാണ് ഉള്ളത്. അത് കൊണ്ട് തന്നെ ഭാരതം ഈ വിഷയത്തില്‍ നേരിടുന്ന പ്രശ്നം ഔദ്യോഗികമായി പട്ടാള നേതൃത്വത്തോട് സംസാരിക്കാന്‍ കഴിയില്ല എന്നതും, ജനാധിപത്യ സംവിധാനാതോട് സംസാരിച്ചിട്ട് കാര്യമില്ല എന്നതുമാണ്.

narendra-modi-nawaz-sharif-pti_650x400_81451055752

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വളരെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമീപനമാണ് പാകിസ്ഥാന്റെ കാര്യത്തില്‍ ഇന്ത്യ എടുത്തിരുന്നത്. അന്താരാഷ്‌ട്ര സമൂഹത്തിലും ഇന്ത്യയുടെ നിലപാടിലെ കണ്‍സിസ്റ്റന്സി പാകിസ്ഥാനെതിരെ ലോകരാജ്യങ്ങളെ അണിനിരത്തുന്നതിലും സഹായകമായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ പത്തു വര്‍ഷക്കാലം ഇന്ത്യന്‍ പ്രധാനമന്ത്രി അത് കൊണ്ട് തന്നെ പാകിസ്താന്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടില്ല. നയതന്ത്ര ബന്ധങ്ങളില്‍ രാഷ്ട്രതലവന്മാര്‍ സംവദിക്കുന്നതിനും, കൂടിക്കാഴ്ച നടത്തുന്നതിനും, എന്തിന്, ആലിംഗനത്തിലും, ഹസ്തദാനം ചെയ്യുന്നതില്‍ പോലും അര്‍ത്ഥങ്ങളുണ്ട്. അതില്‍ നിന്നെല്ലാം വേറിട്ട്‌ മോഡി ഒരു ഫോണില്‍ തീരുമാനമെടുത്തു എന്ന് മാധ്യമങ്ങള്‍ പറഞ്ഞാല്‍ അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ സാമാന്യ ബോധമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഈ സന്ദര്‍ശനം കാലേക്കൂട്ടി തീരുമാനിച്ച സന്ദര്‍ശനമാണ്. പാകിസ്താന്‍ പോലെ ഒരു രാജ്യത്ത്‌ ഒരു മുന്നൊരുക്കവുമില്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രി വിമാനമിറങ്ങി നവാസ്‌ ഷെരീഫിന്റെ വീട് സന്ദര്‍ശിച്ചു എന്ന് കേട്ടാല്‍ പുളകിതരായവര്‍ വിഡ്ഢികളാണ്. എസ്.പി.ജി. സുരക്ഷയുള്ളവര്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് യാത്ര ചെയ്യണമെങ്കില്‍ തന്നെ, അത് രഹസ്യമാക്കി വച്ചിട്ടുണ്ടെങ്കിലും, എസ്.പി.ജി. അന്വേഷണം നടത്തി ഗ്രീന്‍ സിഗ്നല്‍ കൊടുത്താല്‍ മാത്രമേ സാധിക്കു. അപ്പോഴാണ്‌ തീവ്രവാദത്തിനു പേര് കേട്ട ശത്രു രാജ്യത്തിന്റെ പട്ടാളത്തെയും, പോലീസിന്റെയും ഇടയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ചായ കുടിക്കാന്‍ പറന്നിറങ്ങി എന്ന് പറയുന്നത്. സ്വന്തം പ്രധാനമന്ത്രിമാരുടെയും, പ്രസിഡന്റുമാരുടെയും പോലും ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത ഒരു രാജ്യമാണ് പാകിസ്താന്‍. അല്‍പ്പദിവസങ്ങള്‍ക്ക് മുന്‍പേ നവാസ്‌ ഷെരീഫ്‌ തന്റെ രാജ്യത്തെ നേതാക്കന്മാരോട് ഇന്ത്യക്കെതിരെ സംസാരിക്കരുത് എന്ന് നിര്‍ദ്ദേശിച്ചത് കൂടെ കൂട്ടി വായിച്ചാല്‍ ഇത് മനസ്സിലാവും. ഇനി ഒരു വാദത്തിനു വേണ്ടി ഇതൊക്കെയായിരുന്നു സത്യമെന്നു ഒന്ന് അംഗീകരിച്ചാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പാകിസ്ഥാനില്‍ വച്ച് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു രാജ്യത്തിന്റെ അവസ്ഥ? രണ്ടു ആണവ ശക്തികളാണ് ഈ തീക്കളി കളിക്കുന്നതെന്ന് മോഡി മനസ്സിലാക്കണം. അത്രയ്ക്ക് മണ്ടനാണ് മോഡി എന്ന് വിശ്വസിക്കാന്‍ ഞാന്‍ വിഡ്ഢി അല്ല. അപ്പോള്‍ ഇത്തരമൊരു സന്ദര്‍ശനം നല്‍കുന്ന ഒരു സന്ദേശം എന്താണ്?

 

കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷാ ഉപദേശക തലത്തിലുള്ള ഒരു കൂടിക്കാഴ്ച നടന്നതിന്റെ വിശദാംശങ്ങള്‍ ഇത് വരെ ഇന്ത്യന്‍ ജനതയ്ക്ക് അറിവായിട്ടില്ല. അതിനിടയ്ക്ക്‌ തിടുക്കത്തില്‍ സുഷമ സ്വരാജ് പാകിസ്താന്‍ സന്ദര്‍ശിച്ചു. അത് ഒരു ഉഭയകക്ഷി ചര്‍ച്ച ആയിരുന്നില്ല എന്ന് സുഷമ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ രണ്ടു രാജ്യങ്ങളുമായി നടക്കേണ്ട സെക്രട്ടറി തല, എന്‍.എസ്.എ. തല, വിദേശകാര്യ മന്ത്രിതല ചര്‍ച്ച പോലും പൂര്‍ണ്ണമായ രീതിയില്‍ നടക്കാതെ, ഒരു ഉഭയകക്ഷി ചര്‍ച്ചയും നടക്കാതെ, ഒരു വിവരവും പുറത്തു വിടാതെ പ്രധാനമന്ത്രി നടത്തിയ ഈ സന്ദര്‍ശനം നാളെ ഇന്ത്യ പാകിസ്താന്‍ ബന്ധത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. യു.എഫ്.ഒ. സമ്മേളനത്തില്‍ നടത്തിയ എഴുതി തയ്യാറാക്കിയ സംയുക്ത പ്രസ്ഥാവനയില്‍ നിന്ന് പോലും പിന്മാറിയ പാകിസ്ഥാനിലെ ജനാധിപത്യ ഭരണകൂടം നാളെ ഇന്ത്യക്കെതിരെ തിരിഞ്ഞാല്‍ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യ ഇളിഭ്യരായി നില്‍ക്കേണ്ടി വരും എന്ന് സംശയമില്ല. നയതന്ത്ര ബന്ധം മോഡിക്ക് വശമില്ലാത്ത മേഖലയാണ് എന്നത് മ്യാന്മാര്‍, നേപ്പാള്‍, പാകിസ്താന്‍, ചൈന വിഷങ്ങളില്‍ ആവര്‍ത്തിച്ച് വ്യക്തമായിട്ടുള്ളതാണ്. പാകിസ്ഥാനുമായുള്ള ഇടപെടലുകളില്‍ ഈ പുലര്‍ത്തുന്ന രഹസ്യാത്മകത നിഗൂഡമാണ്. ആ നിഗൂഡത നാളെ ഇന്ത്യയെ തിരിഞ്ഞു കൊത്തും എന്ന് യാതൊരു സംശയവും വേണ്ട. രാജ്യത്തെ ജനങ്ങളെയും, മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്തു, അന്താരാഷ്‌ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഇന്ത്യയുടെ നിലപാടുകള്‍ക്ക് ഏല്‍ക്കുന്ന കനത്ത തിരിച്ചടിയായിരിക്കും. പാകിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പാകിസ്താന്‍ സൈന്യത്തോടാണ്. കഴിഞ്ഞ കാലങ്ങളില്‍ എത്രയോ പട്ടാള അട്ടിമറിക്ക് പേര് കേട്ട പാകിസ്ഥാനില്‍ നാളെ വീണ്ടും ഒരു പട്ടാള അട്ടിമറിയുണ്ടായാല്‍ ഇന്ന് നടന്നിട്ടുള്ള ഈ നടപടികളെല്ലാം പതിന്മടങ്ങ്‌ ശക്തിയോടെ തിരിച്ചടിക്കും.

 

[quote arrow=”yes”]എറണാകുളം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയും സേ നോ ടു ഹർത്താൽ കൺവീനറുമാണു ലേഖകൻ[/quote]