ഉരു നിര്‍മ്മാണത്തില്‍ ബേപ്പൂര്‍ തന്നെ കേമം; പണിപൂര്‍ത്തിയാക്കി ഇരുനില ഉല്ലാസ നൗക കടലിലിറങ്ങി

single-img
26 December 2015

Beppur Uru

ബേപ്പൂര്‍: ഉരു എന്ന വാക്ക് കേട്ടാല്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന സ്ഥലപ്പേരാണ് ബേപ്പൂര്‍. പണ്ട് മുതല്‍ക്കെ ഉരു നിര്‍മാണത്തില്‍ ബേപ്പൂരിന്റെ പേരും പെരുമയും ലോകപ്രശസ്തമാണ്. ബേപ്പൂരിന്റെ ഖ്യാതിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചൂടിപ്പിച്ച് ഡബിള്‍ ഡക്കര്‍ ഉല്ലാസ നൗക കടല്‍ കടന്നു.
ഖത്തറിലെ വ്യവസായ പ്രമുഖന്‍ അല്‍നഈമിക്കു വേണ്ടി ബേപ്പൂരിലെ അല്‍ഫ എന്റര്‍പ്രൈസസ് നിര്‍മിച്ച ഉരു വെള്ളിയാഴ്ച അര്‍ധരാത്രി കടലിലിറങ്ങി. ബേപ്പൂര്‍ കമ്യൂണിറ്റി ഹാളിനു സമീപത്തെ യാര്‍ഡില്‍ പണിപൂര്‍ത്തീകരിച്ച ഉരു നദീമുഖത്തോടു ചേര്‍ത്തു ഉരുളന്‍ ബാലൂസില്‍ കയറ്റി, രാത്രിയിലെ വേലിയേറ്റ തക്കത്തില്‍ ദവ്വറുപയോഗിച്ചു വലിച്ചാണ് നദിയിലെത്തിച്ചത്. പതിവില്‍ നിന്നു വ്യത്യസ്തമായി ഉരുവിന്റെ പിന്‍ഭാഗമാണ് ആദ്യം വെള്ളത്തിലെത്തില്‍ ഇറക്കിയത്.

മുകള്‍ ഭാഗത്തു 110 അടിയും അടിഭാഗത്തു 84 അടിയുമാണ് നീളം. 20 അടി ഉയരവും 29 അടി വീതിയുമുള്ള ഉരുവിനു രണ്ടു തട്ടുകളുണ്ട്. ഖത്തര്‍ ശൈഖിന്റെ കപ്പിത്താനായ യൂസുഫ് അഹമ്മദ് അല്‍ അമ്മാരിയുടെ നിര്‍ദേശപ്രകാരം വിദേശയിനം തേക്കുപയോഗിച്ചാണ് ഉല്ലാസനൗക നിര്‍മിച്ചത്. ഖത്തറില്‍ വിനോദ സഞ്ചാരത്തിനു ഉപയോഗിക്കാനുള്ളതാണിത്. എന്‍ജിന്‍ ഘടിപ്പിച്ച ഉരു ബേപ്പൂരില്‍ നിന്നു ദുബായിലേക്കാണ് കൊണ്ടുപോയത്. അവിടെ ആഡംബര പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉരു ഖത്തറിലേക്ക് യാത്രയാകും.

വളരെ സൂക്ഷ്മതയോടെയാണ് ദൗത്യം നിറവേറ്റുന്നതെന്നു അല്‍ഫ എന്റര്‍പ്രൈസസ് ഉടമ മാളിയേക്കല്‍ ആലിക്കോയയും ഖലാസി മൂപ്പന്‍ കെ. അബ്ദുറഹിമാനും പറഞ്ഞു. തച്ചുശാസ്ത്ര വിദഗ്ധരായ ബേപ്പൂര്‍ എടത്തൊടി സത്യന്‍, പുഴക്കര ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ 30 തൊഴിലാളികള്‍ ഒന്നര വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. ആധുനിക സാങ്കേതിക വിദ്യകളെ അതിജീവിച്ചു തികച്ചും പരമ്പരാഗത മാര്‍ഗങ്ങളാണ് നിര്‍മാണത്തിനു സ്വീകരിച്ചത്. നീളം കൂടിയ നാടന്‍ മരങ്ങള്‍ കിട്ടാത്തതിനാല്‍ കീലിനും അനുബന്ധ നിര്‍മിതികള്‍ക്കും മലേഷ്യന്‍ കൊയ്‌ലയാണ് ഉപയോഗിച്ചിരിക്കുന്നത്.

യൂസുഫ് അഹമ്മദ് അല്‍ അമ്മാരിയുടെ ഓര്‍ഡര്‍ പ്രകാരം മറ്റൊരു ഉരു കൂടി അല്‍ഫ എന്റര്‍പ്രൈസസ് ബേപ്പൂരില്‍ നിര്‍മിക്കുന്നുണ്ട്. ഖത്തറിലേക്കു തന്നെയുള്ള ഈ ഉരുവിനു 130 അടി നീളവും 33 അടി വീതിയുമാണുള്ളത്. 2014 ജൂണില്‍ പണി തുടങ്ങിയ ഉരു അടുത്ത ഏപ്രിലില്‍ നീറ്റിലിറക്കാനാണ് ലക്ഷ്യമിടുന്നത്.