രാഹുല്‍ ഗാന്ധിയോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് പഞ്ചാബിലെ കോണ്‍ഗ്രസ്സ് വക്താവ് ആം ആദ്മിയില്‍ ചേര്‍ന്നു

single-img
26 December 2015

Sukhpal-S-Khaira-PC

ഛണ്ഡിഗഢ്: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് പഞ്ചാബിലെ പാര്‍ട്ടി വക്താവ് സുഖ്പാല്‍ സിംഗ് ഖൈറ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. പി.സി.സി അധ്യക്ഷനായ അമരീന്ദര്‍ സിംഗിനെ നിയമിച്ച രാഹുലിന്റെ നടപടിയാണ് ഖൈറയില്‍ വിയോജിപ്പ് ഉണ്ടാക്കിയത്.

അധികാരത്തിനു വേണ്ടി രാഹുല്‍ ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് ഖൈറ ആരോപിച്ചു. പി.സി.സി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഖൈറ ഉന്നയിച്ചത്. കിഴവനും അഴിമതിക്കാരനും മാടമ്പിയുമാണ് സിംഗ്. തനിക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാവാതിരിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലുമായി കൈകോര്‍ത്തിരിക്കുകയാണ്. ലുധിയാന സിറ്റി സെന്റര്‍ അഴിമതി, അമൃത്സര്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് അഴിമതി തുടങ്ങിയവ
ഏഴുവര്‍ഷമായി കോടതിയില്‍ കെട്ടിക്കിടക്കുകയാണെന്നും ഖൈറ ആരോപിച്ചു.

നാടിനെ കൊള്ളയടിക്കാന്‍ ഇരുകക്ഷികളും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും മറ്റൊരു പാര്‍ട്ടിയെയും അധികാരത്തിലെത്താന്‍ ഇവര്‍ അനുവദിക്കില്ലെന്നും കുറ്റപ്പെടുത്തിയ ഖൈറ, കോണ്‍ഗ്രസും അകാലിദളും ഒരേ നായണത്തിന്റെ ഇരുവശങ്ങളാണെന്നും വിമര്‍ശിച്ചു. ഭാര്യ പ്രണീത് കൗറിന്റെ പേരിലുള്ള സ്വിസ് ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് അമരീന്ദര്‍ സിംഗ് ജനങ്ങളോട് ഉത്തരംപറയണമെന്നും ഖൈറ ആവശ്യപ്പെട്ടു.
നേരത്തെ, ആം ആദ്മി പാര്‍ട്ടി പഞ്ചാബ് കണ്‍വീനര്‍ സുച സിംഗ് ഛോട്ടേപൂര്‍ ഖൈറയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.