വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ഇസ്ലാം മതപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന ഫോട്ടോഗ്രാഫര്‍ക്ക് വധഭീഷണി; സ്റ്റുഡിയോ കത്തിച്ചു

single-img
26 December 2015

shafeelk

കണ്ണൂര്‍: ‘വാട്ട് ഈസ് ഇസ്ലാം’ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇസ്ലാം മതപരമായതും, അല്ലാത്തതുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന ഫോട്ടോഗ്രാഫര്‍ക്ക് വധഭീഷണി. ഫോട്ടോഗ്രാഫറുടെ സ്റ്റുഡിയോ അജ്ഞാതര്‍ കത്തിച്ചു. കണ്ണൂര്‍ തളിപ്പറമ്പിലെ ഫോട്ടോഗ്രാഫറായ റഫീഖ് തളിപ്പറമ്പയുടെ സ്റ്റുഡിയോ ശനിയാഴ്ച പുലര്‍ച്ചെ തീയിട്ടത്. സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന ക്യാമറയും കത്തിനശിച്ചു.

മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ തട്ടമിടുന്നതുമായി ബന്ധപ്പെട്ട് റഫീഖ് സ്വീകരിച്ച നിലപാടുകള്‍ ഈ ഗ്രൂപ്പില്‍ ചര്‍ച്ചാവിഷയമായിരുന്നു. തുടര്‍ന്ന് ഈ സന്ദേശങ്ങള്‍ ഉയര്‍ത്തി റഫീഖിന് നാട്ടില്‍ നിന്നുതന്നെ നേരത്തെ വധഭീഷണി ലഭിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് മുന്‍പ് തന്നെ റഫീഖിനെതിരായി സോഷ്യല്‍ മീഡിയ വഴി ഇസ്ലാം സമുദായത്തെ അവഹേളിക്കുന്നുവെന്ന് വ്യാപക പ്രചാരണവും നടന്നിരുന്നു. ഭീഷണി മുഴക്കിയ സന്ദേശങ്ങളും, ഓഡിയോ ക്ലിപ്പുകളും അടക്കം പൊലീസിന് റഫീഖ് പരാതി നല്‍കിയിട്ടുണ്ട്.

തനിക്ക് മതവിശ്വാസം ഇല്ലെന്നും, എന്നാല്‍ തന്റെ ഭാര്യയ്ക്കും, കുടുംബത്തിനും അടക്കം മതവിശ്വാസമുണ്ടെന്നും, അവരുടെയും മറ്റുളളവരുടെയും മതവിശ്വാസങ്ങളെ താന്‍ ഹനിക്കാറില്ലെന്നും റഫീഖ് വ്യക്തമാക്കുന്നു.
വധഭീഷണികള്‍ നേരിട്ടതിനെ തുടര്‍ന്ന് തനിക്ക് യോജിക്കാന്‍ പറ്റാത്ത കാര്യങ്ങളില്‍ താന്‍ വിമര്‍ശനം ഉന്നയിച്ചത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും റഫീഖ് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ സ്റ്റുഡിയോയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.