മമതാ ബാനര്‍ജിക്ക് വഴിയൊരുക്കുന്നതിനു വേണ്ടി ഹൃദയാഘാതമേറ്റ രോഗിയുമായെത്തിയ ആംബുലന്‍സ് മണിക്കൂറുകളോളം തടഞ്ഞു നിര്‍ത്തി െകാല്‍ക്കത്ത പോലീസ്

single-img
24 December 2015

Kolkatha

കൊല്‍ക്കത്ത പോലീസ് ഹൃദയാഘാതമേറ്റ രോഗിയുമായെത്തിയ ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത് വിവാദമാകുന്നു. 50 വയസുകാരി മെഹര്‍ജാന്‍ ബീഗത്തെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാനുള്ള ബന്ധുക്കളുടെ ശ്രമം തടഞ്ഞാണ് റോഡില്‍ പൊലീസ് കാട്ടുനീതി നടപ്പാക്കിയത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഹനവ്യൂഹം എത്തുമെന്ന പ്രതീക്ഷയില്‍ കൊല്‍ക്കത്ത പൊലീസ് എക്‌സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ പിടിച്ചിട്ട് മണിക്കൂറുകള്‍ റോഡ് ബ്ലോക്കാക്കുകയാണ് ചെയ്തത്.

മുഖ്യമന്ത്രി കടന്നു പോയതിന് ശേഷം മാത്രമേ വാഹനം കടത്തി വിടുകയുള്ളുവെന്നായിരുന്നു പൊലീസ് നിലപാടെങ്കിലും മമത ബാനര്‍ജി എപ്പോള്‍ എത്തുമെന്നോ വിമാനത്തിലാണോ, വാഹനവ്യൂഹത്തിനൊപ്പം റോഡ് മാര്‍ഗമാണോ എന്ന കാര്യത്തിലും പൊലീസിന് നിശ്ചയമില്ലായിരുന്നു. ഒരു വിവരങ്ങളുമറിയാതെ ആംബുലന്‍സ് അടക്കം പിടിച്ചിട്ട പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്്.

അവസാനം മുഖ്യമന്ത്രി വിമാനത്തിലാണ് കൊല്‍ക്കത്ത നഗരത്തിലെത്തിയത്. ആംബുലന്‍സിലെ രോഗിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിന്റെ കാലുപിടിച്ച് നോക്കിയെങ്കിലും കേട്ടില്ലെന്ന പരാതിയുമുണ്ട്. ഒടുവില്‍ ഉന്നത പൊലീസ് സംഘം എത്തിയതിന് ശേഷമാണ് ആംബുലന്‍സ് കടത്തിവിട്ടത്.