പോളിയോ ബാധിച്ച് 90 ശതമാനം ചലനശേഷിയും നഷ്ടപ്പെട്ടെങ്കിലും തളര്‍ന്നുപോകാതെ തന്റെ 38 വയസ്സിനിടയില്‍ പത്ത് സംസ്ഥാനങ്ങള്‍ ചുറ്റി സഞ്ചരിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി രക്തദാനം നടത്തിയ പ്രകാശ് മുകുന്ദന്‍ നാടാര്‍ ഇന്ന് 76മത് രക്തദാനം കേരളത്തില്‍ നടത്തി

single-img
24 December 2015

12432998_976086535788953_141545279_o

കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് തകര്‍ന്നുപോയ ജീവിതമായിരുന്നു പ്രകാശ് മുകുന്ദന്‍ നാടാരുടേത്. എന്നാല്‍ അതില്‍ തളര്‍ന്നുപോകാതെ വൈകല്യങ്ങളെ തോല്‍പ്പിക്കുന്ന മനസ്സിന്റെ പ്രചോദനം ശരീരത്തിലേക്ക് ആവാഹിച്ച് ലോകത്തിന് ജീവിച്ചുകാണിച്ചുകൊടുത്ത വ്യക്തികൂടിയാണ് അദ്ദേഹം. തന്റെ 38 വയസ്സിനിടയ്ക്ക് 76 പ്രാവശ്യം മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം രക്തം ദാനം ചെയ്യാന്‍ അത്തരത്തില്‍ ഒരു മനസ്സുള്ളയാള്‍ക്കു മാത്രമേ കഴിയൂ എന്നുള്ളതാണ് സത്യവും.

ഇന്ന് പ്രകാശ് നാടാര്‍ കേരളത്തിന്റെ തലസ്ഥാനജില്ലയിലും എത്തി. മറ്റൊന്നിനുമല്ല, രക്തം ദാനം ചെയ്യാന്‍ തന്നെ. തന്റെ 76മത് തവണത്തെ രക്തദാനം, താന്‍ സന്ദര്‍ശിക്കുന്ന പത്താമത്തെ സംസ്ഥാനമായ കേരളത്തില്‍ വെച്ചു നടത്തിയാണ് ഈ ക്രിസ്മസ് പ്രകാശ് നാടാര്‍ അവിസ്മരണീയമാക്കിയത്. ഇന്ന് തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയില്‍വെച്ചായിരുന്നു അദ്ദേഹം രക്തദാനം നടത്തിയത്.

തമിഴ്‌നാട്ടില്‍ ജനിച്ച പ്രകാശ് മുകുന്ദന്‍ നാടാര്‍ ഇപ്പോള്‍ താമസിക്കുന്നത് മുംബൈയിലാണ്. രക്തദാനത്തിന്റെ ഭാഗമായി ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങള്‍ അദ്ദേഹം സഞ്ചരിച്ചുകഴിഞ്ഞു. ഇനിയും മറ്റു സംസ്ഥാനങ്ങള്‍ കൂടി സഞ്ചരിച്ച് തന്റെ ദൗത്യം തുടരുകയെന്നുള്ളതാണ് പ്രകാശ് നാടാരുടെ സ്വപ്‌നവും. പോളിയോ എന്ന മഹാരോഗം ജീവിതത്തിന്റെ 90 ശതമാനം ചലനവും കവര്‍ന്നെടുത്തപ്പോള്‍ അതില്‍ പരിഭവമില്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി സന്തോഷം പകര്‍ന്നു നല്‍കി പ്രകാശ് നാടാര്‍ സഞ്ചരിക്കുകയാണ്.