കാറില്‍ സഞ്ചരിച്ച ഗര്‍ഭിണിക്കും ഭര്‍ത്താവിനും സദാചാര ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം

single-img
23 December 2015

image

പത്തനാപുരം: കാറില്‍ സഞ്ചരിച്ച ഗര്‍ഭിണിക്കും ഭര്‍ത്താവിനും സദാചാര ഗുണ്ടകളുടെ  ക്രൂര മര്‍ദ്ദനം. ദമ്പതികളെ മറ്റൊരു വാഹനത്തില്‍ പിന്‍തുടര്‍ന്നെത്തിയ സദാചാരക്കാര്‍ അപമാനിക്കുകയും നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അഞ്ചല്‍ ചണ്ണപ്പേട്ട വള്ളിക്കിഴക്കേതില്‍ ലിബിന്‍, ഭാര്യ ജിന്‍സി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം അറിയിച്ചിട്ടും പോലീസെത്താന്‍ വൈകിയതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ദമ്പതിമാരെ പരിക്കുകളോടെ പത്തനാപുരത്തെ സ്വകാര്യ ആശു​പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കലഞ്ഞൂര്‍ മൂഴിക്ക് സമീപത്തു വച്ചാണ് സംഭവങ്ങളുടെ തുടക്കം.

റാന്നിയിലെ ഭാര്യയുടെ വീട്ടില്‍പ്പോയി മടങ്ങിയ ദമ്പതിമാര്‍ മൂഴിക്ക് സമീപം പാതയോരത്ത് കാര്‍ നിര്‍ത്തി അല്പനേരം ഉള്ളിലിരുന്ന് വിശ്രമിച്ചു. ഇതിനിടെ മറ്റൊരു വാഹനത്തില്‍ ദമ്പതിമാരെ പിന്‍തുടര്‍ന്ന അഞ്ചംഗ സംഘം ഇവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പരസ്യമായി ചോദ്യം ചെയ്തു. ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നും റാന്നിയില്‍ പോയി മടങ്ങും വഴി ഭാര്യക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴിയില്‍ നിര്‍ത്തി വിശ്രമിച്ചതാണെന്നും അറിയിച്ചെങ്കിലും സദാചാരക്കാര്‍ വിടാന്‍ കൂട്ടാക്കിയില്ല.

ചോദ്യം ചെയ്യല്‍ രൂക്ഷമായതോടെ ദമ്പതിമാരും സംഘവും തമ്മില്‍ വാക്കേറ്റമായി. പ്രദേശവാസികളും മറ്റ് യാത്രക്കാരും ഇടപെട്ടതോടെ കാറിലെത്തിയ സംഘം മടങ്ങി. പിന്നീട് നടുക്കുന്ന് ചെമ്മാന്‍പാലത്തിന് സമീപത്തുവച്ച് സദാചാരസംഘം ദമ്പതിമാരെ പിന്‍തുടര്‍ന്നു വന്ന് ആക്രമിക്കുകയായിരുന്നുവത്രേ. സംഭവം ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും സദാചാരസംഘം രക്ഷപ്പെട്ടിരുന്നു.  ദമ്പതിമാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.