ബന്ധുവിനെ ജാമ്യത്തിലിറക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഭിന്നശേഷിയുള്ള യുവാവിന് സ്‌റ്റേഷനിലെ മേശമേല്‍ ചാരിയതിന്റെ പേരില്‍ സബ് ഇന്‍സ്‌പെക്ടറുടെ തെറിവിളി

single-img
22 December 2015

Kazhakkutam-Police-Station

പൊതുജനങ്ങളോട് എടാ പോടാ വിളി വേണ്ടെന്ന ഡി.ജി.പിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേ തന്നെ ബന്ധുവിനെ ജാമ്യത്തിലിറക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ ഭിന്നശേഷയുള്ള പത്രപ്രവര്‍ത്തകന് മറ്റു പോലീസുകാരുടെ മുന്നില്‍വെച്ച് സബ് ഇന്‍സ്്‌പെക്ടറുടെ തെറിവിളി. അരക്കെട്ടിനുള്ള പ്രശ്‌നം മൂലം അധികനേരം നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള യുവാവ് ഹെഡ് കോണ്‍സ്റ്റബിളിനോട് സംസാരിക്കുന്നതിനിടയില്‍ മേശമേല്‍ ചാരിയതിന്റെ പേരിലാണ് എസ്.ഐയുടെ പരസ്യ ചീത്തവിളിക്ക് ഇരയാകേണ്ടി വന്നത്.

ഇ-വാര്‍ത്തയിലെ റിപ്പോര്‍ട്ടറായ കഴക്കൂട്ടം പറക്കോട് നയന ഹൗസിലെ എസ്.എ ശരത്താണ് പുതിയ പോലീസ് സദാചാര പരിഷ്‌കരണത്തിന്റെ ഇരയായത്. ഒരു കേസില്‍ പോലീസ് കസ്റ്റഡിയിലായ ബന്ധുവിനെ ജാമ്യത്തിലിറക്കാന്‍ കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ എത്തിയതായിരുന്നു ശരത്. ജാമ്യാവശ്യങ്ങള്‍ക്കായി സ്‌റ്റേഷന്‍ റൈട്ടറോട് കാര്യങ്ങള്‍ നിന്ന് വിശദീകരിക്കുന്നതിനിടയില്‍ ശരത് മേശമേല്‍ ഒന്നു ചാരുകയായിരുന്നു. ശരീരത്തിന്റെ മസിലുകളെ ബാധിക്കുന്ന മ്യാസ്‌തെനിയ ഗ്രാവിസ് എന്ന അസുഖം ബാധിച്ച ശരതിന് അധികനേരം നില്‍ക്കാന്‍ കഴിയുന്ന അവസ്ഥയല്ല.

ഈ സമയം തന്റെ റൂമില്‍ നിന്നും പുറത്തേക്കു വന്ന സബ് ഇന്‍സ്‌പെക്ടര്‍ വി.കെ സാഗര്‍ നീ പോലീസ് സ്‌റ്റേഷനില്‍ വന്ന് മൂട് കാണിക്കുന്നോടാ എന്ന് ചോദിച്ച് ശരതിനോട് തട്ടിക്കയറുകയായിരുന്നു. തന്റെ അവസ്ഥ പറഞ്ഞിട്ടും അതു കേള്‍ക്കാന്‍ നില്‍ക്കാതെ നീ മദ്യപിച്ചിട്ടാണോടാ സ്‌റ്റേഷനില്‍ വന്നതെന്നും ചോദിച്ച് എസ്.ഐ തട്ടിക്കയറുകയായിരുന്നുവെന്ന് ശരത് പരാതിയില്‍ പറയുന്നു. സ്‌റ്റേഷനില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി എത്തിയവരുടേയും മറ്റ് പോലീസുകാരുടേയും മുന്നില്‍ വെച്ചായിരുന്നു എസ്.ഐയുടെ തെറിവിളി.

അപമാനിതനായ ശരത് തിരുവനന്തപുരം ഡി.സി.പി സഞ്ജയ് കുമാറിനെ ടെലഫോണില്‍ ബന്ധപ്പെട്ട് എസ്.ഐക്കെതിരെയുള്ള പരാതി അറിയിക്കുകയായിരുന്നു. പരാതി സ്വീകരിച്ച ഡി.സി.പി എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

തങ്ങളുമായി ബന്ധപ്പെടുന്ന പൊതുജനങ്ങളോട് പോലീസുകാര്‍ മാന്യമായി പെരുമാറണമെന്ന് ഡി.ജി.പിയുടെ ഉത്തരവ് നിലനില്‍ക്കേയാണ് പല സ്‌റ്റേഷനുകളിലും പൊതുജനങ്ങള്‍ പോലീസുദ്യോഗസ്ഥരാല്‍ അപമാനിക്കപ്പെടുന്നതെന്ന് ശരത് പറഞ്ഞു. മറ്റുള്ളവരുടെ മുന്നില്‍വെച്ചുള്ള ഇത്തരം അപമാനങ്ങള്‍ ജനങ്ങളെ മാനസികപരമായി തകര്‍ക്കുന്നാണെന്നും പോലീസ് സ്‌റ്റേഷനിലെത്തുന്ന സാധാരണക്കാരന് ഇത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും ശരത് പറഞ്ഞു.