നീതിപീഠങ്ങള്‍ കണ്ണടക്കരുത്, കാരണം നിര്‍ഭയ സംഭവം ഒറ്റപ്പെട്ട ഒന്നല്ല

single-img
22 December 2015

nirbhayas mam

ഡെല്‍ഹിയിലെ അന്നത്തെ ഇരുട്ടില്‍ നിര്‍ഭയയെ നിഷ്‌കരുണം പിച്ചിച്ചീന്തി കൊലപ്പെടുത്തിയ അന്നത്തെ കുട്ടിക്കുറ്റവാളിയും ഇന്നത്തെ ഇരുപതുകാരനുമായ ആ ‘മനുഷ്യരൂപം’ നിയമത്തിനനുസരണമായി സര്‍വ്വസ്വാതന്ത്രങ്ങളോടെ പുറത്തിറങ്ങി. മറ്റുള്ളവര്‍ ജയിലില്‍ തൂക്കുകയറും കാത്ത് കഴിയുന്ന അവസരത്തില്‍ അവന്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു തുടങ്ങിയിരിക്കുന്നു. സമൂഹത്തിന്റെ സുരക്ഷിതബോധം റപ്പാക്കാനും കാലങ്ങള്‍ നീണ്ട സ്വാതന്ത്ര്യം നിഷേധിക്കലിലൂടെ ഒരു ചീത്തമനസ്സിനുടമയെ നല്ലവനാക്കാനുമുള്ള ശ്രമങ്ങളില്‍ ഒന്നാണ് തടവുശിക്ഷ. പക്ഷേ ഇവിടെ വെറും മൂന്നുവര്‍ഷമെന്ന ലഘുകാലയളവിലനുഭവിച്ച ശിക്ഷയുമായി നിര്‍ഭയയോടു ഏറ്റവും കൂടുതല്‍ ക്രൂരതകാട്ടിയ അയാള്‍ സമൂഹത്തിനുള്ളിലേക്കിറങ്ങുമ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ ഭയവും ചില ചോദ്യങ്ങളും മാത്രം ബാക്കിയാകുന്നു.

‘പൈതലാ’ണെന്ന ആനുകൂല്യത്തില്‍ ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളി പരമാവധി ശിക്ഷയായ മൂന്നുവര്‍ഷം തടവ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 20 വയസ്സിലെത്തിയ ആ യുവാവ് സല്‍സ്വഭാവിയായെന്ന് ഉറപ്പുനല്‍കാന്‍ സംരക്ഷണകേന്ദ്രത്തിലെ അധികൃതരുള്‍പ്പെടെയുള്ള ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിയുന്നില്ല എന്നുള്ളതാണ് വാസ്തവം. എന്നിരുന്നാലും നിയമം നിയമത്തിന്റെ വഴിക്കാണെന്ന് മകാടതിയും വിധിയെഴുതിക്കഴിഞ്ഞു. അതിന്റെ പേരില്‍ മോചനം തടയാന്‍ സാധ്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെ രാജ്യത്തെ പരമോന്നത നീതിപീഠവും അതിനെ പിന്തുണച്ചു. പുറത്തിറങ്ങുന്ന യുവാവിനെ രണ്ടുവര്‍ഷം നിരീക്ഷിക്കാന്‍മാത്രമാണ് നിയമവ്യവസ്ഥയുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇയാളുടെ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ റിപ്പോര്‍ട്ട് തേടുകയും ശചയ്തു. ഒരര്‍ത്ഥത്തില്‍ വി.ഐ.പി പരിഗണനയോടെ ആ കുറ്റവാളി സമൂഹത്തിലേക്കിറങ്ങുന്നു.

പക്ഷേ നിര്‍ഭയയെന്ന് ഇന്ത്യ വിളിക്കുന്ന ആ പെണ്‍കുട്ടി കേട്ടാലറയ്ക്കുന്ന ക്രൂരതയ്ക്കിരയായി മരണത്തെ പുല്‍കിയ സംഭവവുമായി ചേര്‍ത്ത് വായിക്കേണ്ട ഒന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ റോഹ്ത്തക്കില്‍ സഹോദരിക്കൊപ്പം താമസിച്ചിരുന്ന നേപ്പാളി യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നുവെന്ന വാര്‍ത്ത. മൃതദേഹത്തിന്റെ രണ്ടുകൈകളും മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയ ആ സംഭവത്തിലുമുണ്ട് ഒരു ‘പ്രായപൂര്‍ത്തിയാകാത്തയാള്‍’. മറ്റുള്ളവര്‍ക്ക് മരണം വിധിച്ച കോടതി കുട്ടിപ്രതിക്കുള്ള ശിക്ഷയുടെ കണക്കുകള്‍ പരിശോധിക്കുന്നേയുള്ളു. മുന്ന് അല്ലെങ്കില്‍ നാലുവര്‍ഷം, സ്വയം ആനന്ദിച്ചും മറ്റുള്ളവരെ ഭയപ്പെടുത്തിയും ആ ‘കുട്ടി’ നമുക്കൊപ്പം കാണുമായിരിക്കും.

സാധാരണക്കാരന്റെ അവസാനത്തെ ആശ്രയമായാണ് നീതിപീഠങ്ങളെ കരുതുന്നത്. സത്യവുമതാണ്. എന്നാല്‍ നിയമത്തിന്റെ നൂലിഴകള്‍ക്കുള്ളിലൂടെ ഇത്തരത്തില്‍ ചിലര്‍ രക്ഷപ്പെടുമ്പോള്‍ ജനങ്ങളുടെ മനസ്സിലെരിയുന്ന ഭയത്തിന്റെ അളവുകൂടി നീതിപീഠങ്ങള്‍ മനസ്സിലാക്കണം. ഇന്ത്യയെന്ന ജനാധിപത്യ- മതേതര രാഷ്ട്രത്തില്‍ ജനങ്ങളുടെ ആശ്രയങ്ങള്‍ക്കവസാനം കോടതികള്‍ തന്നെയാണ്. കരുത്തര്‍ അധികാരത്തിന്റേയും പണത്തിന്റേയും ഹുങ്കില്‍ ചവിട്ടിമെതിക്കുന്ന പാവങ്ങളുടെ കണ്ണില്‍ എരിയുന്ന ചെറിയ തിളക്കംപോലും, ഒരിക്കല്‍ തന്റെ രക്ഷയ്ക്കു നീതിപീഠങ്ങള്‍ കാണുമെന്ന പ്രതീക്ഷയാണ്. ഇത്തരത്തില്‍ ഒറ്റപ്പെ സംഭവങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ വീഴ്ത്തുന്ന ചെറുതല്ലാത്ത നിഴലുകള്‍ മാറ്റിയെടുക്കപ്പെടേണ്ടവ തന്നെയാണ്.

പതിനാറിനും പതിനെട്ടിനും ഇടയിലുള്ളവരില്‍ അടുത്തകാലത്തായി കുറ്റകൃത്യത്തിന്റെ തോത് കൂടിവരികയാണ്. പഴയ കുട്ടികളിലെ നിഷ്‌കളങ്കത എവിടെയോ കൈമോശം വന്നിരിക്കുന്നു. നിരക്ഷരരോ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരോ ആണ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരിലധികവുമെന്ന വസ്തുത കൈചൂണ്ടുന്നത് ഭരണകൂടങ്ങള്‍ക്കു നേരെയാണ്. യഥാര്‍ത്ഥത്തില്‍ നിയമത്തില്‍ കാലാനുസൃതമായ ഭേദഗതി പരിഗണിക്കപ്പെടേണ്ട കാലമായിരിക്കുന്നു. ഇന്ന് പുറത്തിറങ്ങിയ ആ കുറ്റവാളി സമൂഹത്തിനു മുന്നില്‍ വയ്ക്കുന്ന സന്ദേശം മറ്റൊന്നാണെങ്കില്‍ എന്തുചെയ്യാന്‍ കഴിയും? ബാലനീതി നിയമത്തിന്റെ ഇളവ് കൊടുംകുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് നല്‍കേണ്ടതുണ്ടോ എന്നുകൂടി ചിന്തിക്കേണ്ട സമയമാണിത്. കാരണം ഭരണകൂടങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ ിനിയെത്ര നിര്‍ഭയമാര്‍ ഉണ്ടാകണമെന്ന ആ അമ്മയുടെ ചോദ്യമാണ് ഇവിടെ പ്രസക്തം.