ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയെന്ന ലക്ഷ്യവുമായി യാത്രാ ബസിലേക്ക് ഇരച്ചുകയറിയ ഭീകരരെ മുസ്ലീം സഹയാത്രികര്‍ ചെറുത്തുതോല്‍പ്പിച്ച കഥ

single-img
22 December 2015

al-shabaab-3.n

മതസാഹോദര്യത്തിന്റെ നേര്‍ക്കാഴ്ചയാണ് നെയ്‌റോബി സംഭവം. ഭീകരതയെന്ന പേരില്‍ കൊലപാതകങ്ങളും വിധ്വനംസക പ്രവര്‍ത്തനങ്ങളും നടത്തുന്നവറക്ക് മറുപടിയായി സാഹോദര്യത്തിന്റെ നേര്‍ക്കാഴ്ച കാണിച്ചുതന്നിരിക്കുന്നു, ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ജനങ്ങള്‍. വംശീയഹത്യ നടക്കുന്ന കെനിയയില്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയെന്ന ലക്ഷ്യവുമായി യാത്രാ ബസിലേക്ക് ഇരച്ചുകയറിയ വടക്കന്‍ കെനിയയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന അല്‍ ഷബാബ് ഭീകരരെ മുസ്ലീം സഹയാത്രികര്‍ ചെറുത്തുതോല്‍പ്പിച്ചു.

പത്തോളം വരുന്ന അല്‍ ഷബാബ് ഭീകരര്‍ ബസിലേക്ക് ഇരച്ചുകയറിയെത്തി യാത്രക്കാരോട് മുസ്‌ലിംകളെല്ലാം ഒരു വശത്തേക്ക് മാറി നില്‍ക്കാനാവശ്യപ്പെടുകയായിരുന്നു. ക്രിസ്ത്യാനികളായ യാത്രക്കാരെ കൊന്നൊടുക്കുന്നതിനായിരുന്നു ഇത് എന്ന മനസ്സിലാക്കിയ മുസ്ലീങ്ങള്‍ പക്ഷേ ക്രിസ്ത്യാനികളായ സഹോദരങ്ങളെ മരണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചവര്‍ ഇസ്ലാമിക വസ്ത്രങ്ങള്‍ മറ്റുള്ളവര്‍ക്കുമായി പങ്കുവെയ്ക്കുകയും ചെയ്തു.

ഭീകരര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുസ്ലീങ്ങള്‍ മാറിയില്ല. ഇസ്ലാം മതത്തിനു വേണ്ടിയാണെന്ന പ്രചരണത്തോടെ കൊല്ലും കൊലയും നടത്തുന്ന ഭീകരര്‍ ആ മതമൈത്രിക്ക് മുന്നില്‍ തോറ്റുപോയി. ഒടുവില്‍ ദേഷ്യത്തോടെ മുന്നിലുള്ള രണ്ടുപേരെ വെടിവെച്ച് കൊന്നശേഷം അവര്‍ രക്ഷപ്പെടുകയായിരുന്നു. നാലുപേര്‍ക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റു.