മാവോയിസ്റ്റുകളെ തെരയാന്‍ കാല്‍കോടി രൂപ ചെലവിട്ട് കൊട്ടിഘോഷിച്ച് വാങ്ങിയ പ്രത്യേകവാഹനം പൊളാരീസ് കട്ടപ്പുറത്തായി

single-img
21 December 2015

POLARIS

കൊട്ടിഘോഷിക്കപ്പെട്ട് മാവോയിസ്റ്റുകളെ തെരയാന്‍ കാല്‍ കോടി രൂപ ചെലവിട്ട് വാങ്ങിയ പ്രത്യേക അമേരിക്കന്‍ നിര്‍മിത പൊളാരീസ് കട്ടപ്പുറത്തായി. പൂക്കോട്ടുംപാടം ടി.കെ. കോളനി പൂത്തോട്ടം കടവിലെ വനംവകുപ്പ് ഔട്ട് പോസ്റ്റുകള്‍ അക്രമിച്ചു തീയിട്ട മാവോയിസ്റ്റ് സംഘം ഭീതിപരത്തിയിട്ടും നടപടിയെടുക്കാനാകാതെ അധികൃതര്‍ കുഴയുകയാണ്. രണ്ടുവര്‍ഷം മുമ്പ് ഒരു കോടി രൂപ ചെലവിട്ട് പോലീസ് വാങ്ങിയ നാലു പൊളാരീസ് റേഞ്ചര്‍ 800 ക്രൂ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളില്‍ ഒന്ന് പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനില്‍ ഉപയോഗമില്ലാതെ നശിക്കുകയാണ്.

പൂക്കാട്ടുംപാടത്ത് മാവോയിസ്റ്റ് അക്രമം നടന്നയുടനെ സായുധ പോലീസ് സംഘവും തണ്ടര്‍ബോള്‍ട്ട് കമന്‍ഡോ സംഘവും പറന്നെത്തിയെങ്കിലും വാഹനം കട്ടപ്പുറത്തായിരുന്നു. ഇറക്കുമതി ചെലവടക്കം 25 ലക്ഷം രൂപ മുടക്കിയാണ് ഒരു വാഹനം കേരളതത്ിലെത്തിച്ചത്. മാവോയിറ്റ് ഭീഷണിയുള്ള കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള വാഹനങ്ങള്‍ അതതു ജില്ലകളിലെ സര്‍ക്കിള്‍ ഓഫീസുകളിലും പാലക്കാട്ടേക്കുള്ള വാഹനം തിരുവനന്തപുരം കോവളം പോലീസിനുമാണ് കൈമാറിയത്.

45 ഡിഗ്രിവരെയുള്ള കയറ്റം അനായാസം കയറുന്ന ഈ വാഹനത്തിന് വീണുകിടക്കുന്ന മരങ്ങളോ, കുഴികളോ തടസമാവില്ല. എന്‍ജിന്‍ ഭാഗം മുങ്ങുന്നതുവരെ വെള്ളത്തിലൂടെയും ഈ വാഹനം സഞ്ചരിക്കുകയും ശചയ്യും. പെട്രോള്‍ ഇന്ധനമായുള്ള ഇരട്ട സിലിണ്ടര്‍ വാഹനത്തിന് മലമ്പാതകളില്‍ വേഗത വര്‍ധിക്കും. ഈ വാഹനത്തിന്റെ പുറകില്‍ ലഗേജുകള്‍ സൂക്ഷിക്കാനും, ഏഴുപേര്‍ക്ക് സഞ്ചരിക്കാനും കഴിയും.
പക്ഷേ ഇറക്കുമതി ചെയ്ത ഈ വാഹനം ഒരിക്കല്‍ പോലും മാവോയിസ്റ്റ് വേട്ടക്ക് ഉപയോഗിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.