ശബരിമലയില്‍ കാണിക്ക എണ്ണുന്നതിനിടെ കവര്‍ച്ച നടത്തിയ ജീവനക്കാരന്‍ പിടിയില്‍

single-img
21 December 2015

sabarimala

ശബരിമലയില്‍ കാണിക്ക എണ്ണുന്നതിനിടെ പണാപഹരണം നടത്തിയ ജീവനക്കാരന്‍ പിടിയില്‍. ഞായറാഴ്ച രാത്രിയാണ് 20,000 രൂപ മോഷ്ടിച്ച ദേവസ്വം ജീവനക്കാരനായ തിരുവല്ല ദേവസ്വം ഗ്രൂപ്പിലെ ജീവനക്കാരനായ രാജഗോപാലിനെ വിജിലന്‍സ് വിഭാഗം പിടികൂടിയത്.

ശബരിമല ക്ഷേത്രത്തില്‍ ലഭിച്ച കാണിക്ക എണ്ണുന്നതിനിടെയാണ് രാജഗോപാല്‍ പണാപഹരണം നടത്തിയത്. ദേവസ്വം വിജിലന്‍സ് ചീഫ് ഓഫീസര്‍ ഗോപാല്‍കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം അടുത്തകാലത്ത് കാണിക്കയെണ്ണുന്ന സ്ഥലത്ത് ഹൈ ഡെഫിനിഷന്‍ കാമറകള്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഭണ്ഡാരത്തില്‍ നിന്നും തുക നഷ്ടപ്പെടുന്നതായി സംശയമുണ്ടായതിനെ തുടര്‍ന്ന് കാമറാ നിരീക്ഷണം ശക്തമാക്കിയിരുന്നു.

ശബരിമലയില്‍ ഈ മാസം 13നാണ് രാജഗോപാല്‍ ജോലിക്ക് പ്രവേശിച്ചത്. പിടിയിലായപ്പോള്‍ 1000 രൂപയുടെ നോട്ടുകള്‍ മുണ്ടിനടിയില്‍ തിരുകിയതായി കണ്ടെത്തിയിരുന്നു. ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയിലും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിട്ടുണ്ട്.