നിർഭയ കേസ്: കുട്ടി കുറ്റവാളിയെ വെറുതെ വിട്ടയക്കാനുള്ള കോടതി വിധിയിൽ ദുഃഖം രേഖപ്പെടുത്തി നിർഭയയുടെ മാതാപിതാക്കൾ

single-img
19 December 2015

nirbhayas mam

ന്യൂഡല്‍ഹി: ‘ഒടുവില്‍ അപരാധം തന്നെ വിജയിച്ചു. ഇതൊരു തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. മൂന്ന് വര്‍ഷമായി നീതിക്ക് വേണ്ടി പോരാടി, പക്ഷേ ഇന്ന് കുറ്റം വിജയിച്ചു’. ദില്ലി കൂട്ടമാനഭംഗത്തിന് ഇരയായ ജ്യോതി സിംഗിന്റെ മാതാവ് കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ ഖേദിച്ച് പറഞ്ഞ വാക്കുകളാണിവ. കോടതിവിധിയിലുണ്ടായ നിരാശയും വേദനയും പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവര്‍ വിവരിച്ചത്.

രാഷ്ട്രീയക്കാരുടെ ഉറപ്പുകളെല്ലാം വെറുതെയായെന്നും ഇനിയും നീതിക്ക് വേണ്ടി പോരാടുമെന്നും ജ്യോതി സിംഗിന്റെ മാതാവ് ആശാ സിംഗ് പറഞ്ഞു. സഹതാപത്തിലൂന്നിയ ചര്‍ച്ചകള്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും പറഞ്ഞ ആശ രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കുറ്റപ്പെടുത്തി. ഇങ്ങനെ ‘ഈ രാജ്യത്തെ രാഷ്ട്രീയം അനുസരിച്ച് നിരപരാധികളും സത്യസന്ധരുമായ മനുഷ്യര്‍ക്കാണ് എല്ലാം നഷ്ടമാകുന്നത്. രാഷ്ട്രീയക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കും. ഇത്തരത്തിലുള്ള ന്യായങ്ങള്‍ മൂലം എത്ര പെണ്‍കുട്ടികള്‍ ഇനിയും ബലികഴിക്കപ്പെടേണ്ടി വരും’ എന്നും അവര്‍ പ്രതികരിച്ചു.

ഇതോടെ ഒന്നും അവസാനിക്കുന്നില്ലെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടം തങ്ങള്‍ തുടരുമെന്നും ജ്യോതി സിംഗിന്റെ അച്ഛന്‍ ബദരിനാഥ് സിംഗ് പ്രതികരിച്ചു.