കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി സര്‍വകലാശാല സെനറ്റ്

single-img
19 December 2015

Calicut-University

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നും സമാധാനത്തോടെ പഠിക്കാന്‍ സാധിക്കുന്നില്ലെന്നും പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി എംഎസ്എഫും സര്‍വകലാശാല സെനറ്റും. പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് അവതരിപ്പിച്ച പ്രമേയം സെനറ്റില്‍ പാസാക്കി.

കാലിക്കറ്റ് സര്‍വകലാശാലയുടെ ക്യാമ്പസിലും ഹോസ്റ്റലിലും പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ എത്തി ശല്യം ചെയ്യുന്നെന്ന വാര്‍ത്തകള്‍ പുറത്തു വന്ന് തുടങ്ങിയിട്ട് ഏറെ നാളായി. പെണ്‍കുട്ടികള്‍ നിരന്തരം പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും ഇതിന്മേല്‍ മേല്‍നടപടികളൊന്നും സ്വീകരിക്കപ്പെട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ക്യാമ്പസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കുകയും ക്യാമ്പസിനുള്ളില്‍ ‘ആകാശംമുട്ടുവോളം പരാതി’ എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്തത്. ഈ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കാനാണ് ഇപ്പോള്‍ സെനറ്റ് പ്രമേയം പാസാക്കിയിരിക്കുന്നത്.

പരാതി യൂണിവേഴ്‌സിറ്റിയുടെ സല്‍പ്പേരിനു കളങ്കമായെന്നും പരാതി നല്‍കിയെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്. പരാതിയില്‍ ഒപ്പിട്ട വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചുവെന്നും എംഎസ്എഫ് ആരോപിക്കുന്നു. സെനറ്റ് യോഗം തുടങ്ങിയപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐയാണ് ആദ്യം പ്രമേയം കൊണ്ടു വന്നത്. എന്നാല്‍ ഇത് വോട്ടിങ്ങിന് മാറ്റി. ഇതേ ആവശ്യം ഉന്നയിച്ച് കെഎസ്‌യു നല്‍കിയ പ്രമേയം സമയം കഴിഞ്ഞതിനാല്‍ യോഗം പരിഗണിച്ചതുമില്ല. എംഎസ്എഫ് പ്രമേയം മാത്രമാണ് സെനറ്റ് അംഗീകരിച്ചത്.

110 പേര്‍ അടങ്ങുന്ന കമ്മറ്റിയാണ് യൂണിവേഴ്‌സിറ്റി സെനറ്റ്. ഇതില്‍ 27 പേര്‍ മാത്രമാണ് ഇടതുപക്ഷത്ത് നിന്നുള്ളത്. ബാക്കിയുള്ളവര്‍ യുഡിഎഫ് മുന്നണിയില്‍പ്പെട്ടവരാണ്. രാഷ്ട്രീയമല്ലാതെ മറ്റൊന്നും പരിഗണിക്കാതെയുള്ള സെനറ്റിന്റെ ഈ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. പരാതി നല്‍കിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് എസ്എഫ്‌ഐ ചായ്‌വുള്ളതും പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരില്‍ ചിലര്‍ എംഎസ്എഫ് പ്രവര്‍ത്തകരായതുമാണ് ഇത്തരത്തില്‍ സ്ത്രീ വിരുദ്ധമായ നടപടി സ്വീകരിക്കാന്‍ എംഎസ്എഫിനെ പ്രേരിപ്പിച്ചതെന്നും ആരോപണങ്ങളുണ്ട്.

നേരത്തെ ഫാറൂഖ് കോളഡജില്‍ ലിംഗ അസമത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ സമരം നടത്തിയപ്പോള്‍ അതിനെതിരെ സമരം നടത്തിയ സംഘടനയാണ് എംഎസ്എഫ്.
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടികള്‍ക്ക് സമാധാനമായി പഠിക്കാനോ വഴിനടക്കാനോ കഴിയുന്നില്ലെന്നത് നാളുകളായുള്ള പരാതിയാണ്. ഈ വിഷയത്തില്‍ പൊലീസ് സര്‍വകലാശാല അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ സെനറ്റിന്റെ നടപടി.