ഇന്ത്യാ-പാക് ബന്ധത്തിന് വിള്ളല്‍ വീഴുന്ന പരാമര്‍ശങ്ങള്‍ പാടില്ല: പാക് മന്ത്രിമാരോട് നവാസ് ഷെരീഫ്

single-img
19 December 2015

modi-navas

ഇസ്ലാമാബാദ്: ഇന്ത്യപാക് ബന്ധത്തിന് വിള്ളല്‍ വീഴുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്ന് പാകിസ്താന്‍ മന്ത്രിസഭാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശം. ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ സമാധാന ശ്രമങ്ങള്‍ക്ക് ആഘാതം സൃഷ്ടിക്കുന്നതോ സമാധാന പ്രക്രിയയ്ക്ക് കോട്ടം വരുത്തുന്ന യാതൊരുവിധ പ്രസ്താവനകളും മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ നടത്താന്‍ പാടില്ലെന്ന് ഷെരീഫ് നിര്‍ദേശം നല്‍കിയതായി പാക് വൃത്തങ്ങള്‍ വ്യക്തമാക്കി.

സമാധാന ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ മാത്രമേ പാടുള്ളൂവെന്നും ഷെരീഫ് നിര്‍ദേശം നല്‍കി. ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കൊപ്പം കശ്മീര്‍, ഭീകരവാദം, വാണിജ്യം എന്നീ വിഷയങ്ങള്‍ക്കും മുന്‍ഗണന നല്‍കാനും ഷെരീഫിന് ആഗ്രഹമുണ്ട്. കൂടാതെ ജനുവരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം പാകിസ്ഥാന് ഗുണം ചെയ്യുമെന്ന് അദ്ദേഹം കരുതുന്നതായി ഷെരീഫിന്റെ വിശ്വസ്തര്‍ പറയുന്നു.

പാരീസില്‍ മോഡിയും ഷെരീഫും നടത്തിയ കൂടിക്കാഴ്ചയും പിന്നീട് ബാങ്കോക്കില്‍ ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഉപദേശകരും നടത്തിയ ചര്‍ച്ചകളും ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും പാകിസ്താനുണ്ട്. അടുത്തകാലത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്താനില്‍ എത്തുകയും ഷെരീഫിനെയും വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെയും കണ്ടത് ഇരുരാജ്യങ്ങള്‍ക്കിടയിലെ ശത്രുത ഇല്ലാതാകുമെന്നതിന്റെ സൂചനയായാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.