അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ലേബര്‍ ക്യാമ്പുകള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ അഞ്ചരക്കോടി പാഴായി; സംസ്ഥാനത്ത് ഇതേവരെ ഒരു ലേഖര്‍ ക്യാമ്പ് പോലും തുറന്നിട്ടില്ല.

single-img
19 December 2015

Loubeou

തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ലേബര്‍ ക്യാമ്പ് നിര്‍മാണത്തിന് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ അഞ്ചരക്കോടി രൂപ പാഴായി. നാളിതുവരെ സംസ്ഥാനത്ത് ഒരു ലേബര്‍ക്യാമ്പ് പോലും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.

അന്യസംസ്ഥാനതൊഴിലാളികള്‍ക്കു മെച്ചപ്പെട്ട താമസസൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ലേബര്‍ ക്യാമ്പുകള്‍ നിര്‍മിക്കാന്‍ 2013ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി 2013 2014, 2014 2015 ബജറ്റുകളില്‍ യഥാക്രമം രണ്ടരക്കോടിയും മൂന്നുകോടിയും രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള ജില്ലാ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിനായി തൊഴില്‍വകുപ്പിനു കീഴില്‍ ‘ഭവനം ഫൗണ്ടേഷന്‍ കേരള’ എന്ന കമ്പനിയും രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇപ്പോള്‍ പാലക്കാട് കിന്‍ഫ്ര നല്‍കിയ ഭൂമിയില്‍ ക്യാമ്പ് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് തൊഴില്‍വകുപ്പ്. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള കോഴിക്കോട്, കൊച്ചി, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ പദ്ധതിക്കു വേണ്ട ഭൂമി കണ്ടെത്താന്‍ പോലും ഇതുവരെ സര്‍ക്കാരിനായിട്ടില്ല. സംസ്ഥാനത്തുടനീളം ജോലി സ്ഥലങ്ങളോടു ചേര്‍ന്നുള്ള ഇടുങ്ങിയ മുറികളിലാണ് ഇവര്‍ കൂട്ടത്തോടെ താമസിക്കുന്നത്. പെരുമ്പാവൂരിലും കോഴിക്കോട് വാണിമേലും ഇവര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലെ വൃത്തിഹീനമായ അന്തരീക്ഷം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതായി ആരോഗ്യവകുപ്പു നിരവധി തവണ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

കേരളത്തില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പദ്ധതി മുടങ്ങിയതിനാല്‍ അവരെക്കുറിച്ച് കൃത്യമായ കണക്കുകള്‍ തൊഴില്‍ വകുപ്പിന്റെ പക്കലില്ല. കേരള കംപല്‍സറി രജിസ്‌ട്രേഷന്‍ ഓഫ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് ആക്ട് 2012 നിയമപ്രകാരം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായിരുന്നു തൊഴില്‍ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. വിവിധ ജില്ലകളിലുള്ള കുടിയേറ്റ ക്ഷേമനിധി ബോര്‍ഡ് മുഖേന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഓരോ തൊഴില്‍ സ്ഥലങ്ങളിലുമെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനുണ്ടാവുന്ന കാലതാമസം പദ്ധതിക്കു തടസമായി.

പിന്നീടാണ് ആഭ്യന്തരവകുപ്പ് അതതു പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന നിര്‍ദേശം വന്നത്. തൊഴിലാളികളുടെ ഫോട്ടോ, വിരലടയാളം, മൊബൈല്‍ നമ്പര്‍, അവരുടെ ജന്മനാട്ടിലെ വിലാസം, അവിടുത്തെ ഫോണ്‍ നമ്പര്‍ എന്നിവ ശേഖരിച്ചു അവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയായിരുന്നു ലക്ഷ്യം. അതും നടപ്പായില്ല. പോലീസ് സ്‌റ്റേഷനുകളില്‍ അന്യദേശ തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ മൈഗ്രന്റ് ലേബേഴ്‌സ് രജിസ്റ്റര്‍ സൂക്ഷിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. ഇപ്രകാരം രജിസ്റ്റര്‍ എല്ലാ സ്‌റ്റേഷനുകളിലുമുണ്ടെങ്കിലും വിവരങ്ങള്‍ മാത്രമില്ല.

അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പദ്ധതി കര്‍ശനമായി നടപ്പിലാക്കുമെന്നു യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നാലുതവണ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതി പ്രകാരവും പോലീസ്, തൊഴില്‍ വകുപ്പ് മുഖേനയും രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല.