തലസ്ഥാന നഗരത്തിനു കുടിവെള്ളം വിതരണം ചെയ്യുന്ന അരുവിക്കര ജലസംഭരണി നാശത്തിന്റെ വക്കിൽ; ഒഴുകിയെത്തുന്നത് മനുഷ്യവിസർജ്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ; ജനങ്ങൾ പ്രതിഷേധത്തിൽ

single-img
18 December 2015

indexതിരുവനന്തപുരം: തലസ്ഥാന നഗരത്തിനു കുടിവെള്ളം വിതരണം ചെയ്യുന്ന അരുവിക്കര ജലസംഭരണി മാലിന്യങ്ങളുടെ കൂമ്പാരം. മനുഷ്യവിസർജ്യമുൾപ്പെടെയുള്ള ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ജലസംഭരണിയിലേക്ക് ഒഴുകിയെത്തുന്നത്.

കഴിഞ്ഞ ചില വർഷങ്ങളായി അരുവിക്കര റിസർവ്വോയർ നാശത്തിന്റെ വക്കിലാണ്. ചെളിയും എക്കലും വന്നടിഞ്ഞ് റിസർവ്വോയറിന്റെ മിക്കവാറും ഭാഗങ്ങൾ നികന്നുകഴിഞ്ഞു. കോരപ്പുല്ലും കൈതയും വളരുന്ന മണൽത്തിട്ടകൾ എങ്ങും കാണാം. ഒരു വലിയ പ്രദേശം, താമരയും ആമ്പലും വളരുന്ന ചെളിക്കുണ്ടായി മാറിയിരിക്കുകയാണ്. നിലവിൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങൾക്കു പോലും ഒന്നോ രണ്ടോ അടി ആഴമേ ഉള്ളു.

ഡാമിന്റെ സമീപത്തു തന്നെ അഴുക്കുവെള്ളം കെട്ടിക്കിടന്ന് പുഴുവരിക്കുന്ന സ്ഥിതിയിലാണ്. മാലിന്യം ഒഴുക്കിക്കളയാനുള്ള ഡാം വേസ്റ്റ് വാൽവ് പ്രവർത്തനരഹിതമായിട്ട് കാലങ്ങളായതിനാൽ വൃഷ്ടിപ്രദേശങ്ങളിൽ നിന്ന് വന്നുചേരുന്ന മാലിന്യം മുഴുവൻ റിസർവ്വോയറിൽ കെട്ടിക്കിടക്കുകയാണ്. നിലവിൽ പേപ്പാറയിൽ നിന്ന് ഒഴുകിയെത്തുന്ന ഒരു ചെറിയ നീർച്ചാൽ മാത്രമാണ് തലസ്ഥാന നഗരിയിലേക്കുള്ള കുടിവെള്ളവിതരണം സാധ്യമാക്കുന്നത്. പ്രസ്തുത അവസ്ഥ തുടർന്നാൽ അധികം വൈകാതെ ഇതും നഷ്ടമാകുന്ന സ്ഥിതിയിലാണ്.

ജലസംഭരണിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി തവണ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തിരമായി ഡാം റിസർവ്വോയർ വൃത്തിയാക്കണമെന്നും ചെളിയും എക്കലും നീക്കി ആഴം പുനസ്ഥാപിക്കണമെന്നും ജലസംഭരണിയുടെ നഷ്ടമായ ഭംഗി വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് അരുവിക്കരയിൽ ജനകീയ സമരസമിതി രൂപം കൊണ്ടിരിക്കുകയാണ്.

ഡിസംബർ 18ന് സെക്രട്ടേറിയറ്റ് നടയിൽ അരുവിക്കര റിസർവ്വോയറിന്റെ പൂർവ്വസ്ഥിതിയും നിലവിലെ ദുസ്ഥിതിയും വ്യക്തമാക്കുന്ന ഫോട്ടോ പ്രദർശനം സംഘടിപ്പിക്കാൻ ജനകീയ സമരസമിതി തീരുമാനിച്ചു. രാവിലെ 10.30 ന് ആരംഭിക്കുന്ന ചിത്രപ്രദർശനം പ്രശസ്ത കവയിത്രി ഉദ്ഘാടനം ചെയ്യും. പിറ്റേദിവസം, ഡിസംബർ 19 ന് വൈകുന്നേരം 4 മണിക്ക് അരുവിക്കരയിൽ ‘സംരക്ഷണസായാഹ്നം’ സംഘടിപ്പിക്കാനും സമിതി തീരുമാനിച്ചിരിക്കുകയാണ്. പ്രശസ്തകവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

അതേസമയം നിയമസഭയിൽ അരുവിക്കര നഗരത്തിനു കുടിവെള്ളമെത്തിക്കുന്ന ജലസംഭരണിയുടെ പ്രശ്നം ശബരീനാഥൻ എം.എൽ.എ ഉന്നയിച്ചു.സബ്മിഷനു മറുപടിയായി അരുവിക്കര ജലസംഭരണി വൃത്തിയാക്കുമെന്ന് മന്ത്രി പി.ജെ. ജോസഫ് അറിയിച്ചിട്ടുണ്ട്