ശബരിമല വികസനത്തിന് സര്‍ക്കാര്‍ നാലുവര്‍ഷത്തിനുള്ളില്‍ നല്‍കിയത് 65 കോടി; കേന്ദ്രത്തിന്റെ വക 60 ലക്ഷവും

single-img
18 December 2015

sabarimala

കൊച്ചി: ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ 65.32കോടി രൂപ നല്‍കിയതായി വിവരാവകാശ രേഖ. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ 60 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ വിവരാവകാശ നിയമപ്രകാരം ശബരിമലയുടെ വികസനത്തിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ തുകയുടെ കണക്കുകള്‍ അന്വേഷിച്ച് നല്‍കിയ അപേക്ഷയില്‍ മേലാണ് രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ചീഫ്‌സെക്രട്ടറിയുടെ ഓഫിസില്‍ നിന്നുമാണ് കണക്കുകള്‍ ലഭിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 65.32 കോടി രൂപയില്‍ 38.64 കോടി ചെലവായിട്ടുണ്ടെന്നും ബാക്കി തുക തുടര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി സബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും രേഖകള്‍ കാണിക്കുന്നു.
2005ല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 60 ലക്ഷം രൂപ മാത്രമാണ് പത്തുവര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ലഭിച്ച സഹായം.

ക്ഷേത്രങ്ങളില്‍ നിന്നുളള വരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ കൈയ്യിട്ടുവാരുന്നുവെന്ന ആരോപണം പരന്നിരുന്നു. ക്ഷേത്രവരുമാനത്തിലെ
ഒരു രൂപപോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും ക്ഷേത്രങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ അങ്ങോട്ട് കോടിക്കണക്കിന് രൂപ നല്‍കുന്നുണ്ടെന്നും ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ച കണക്കുകള്‍ അത് വ്യക്തമാക്കുന്നു.