കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാട് ഒരു ചോദ്യമാണ്, വോട്ടു നല്‍കി ജയിപ്പിച്ചത് എന്തിനായിരുന്നുവെന്ന് ജനങ്ങേളാടുള്ള ചോദ്യം

single-img
18 December 2015

15-1434378002-fuelprice

ജനാധിപത്യത്തിന്റെ സര്‍വ്വസ്വാതന്ത്ര്യയിടമാണ് ഇന്ത്യ എന്നുള്ള വിശേഷണം നിലനില്‍ക്കുമ്പോഴും അങ്ങനെയാണോ എന്ന് രാജ്യെത്ത ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കുന്ന ഒരു കാലമാണിത്. വിലക്കയറ്റമെന്ന മഹാവ്യാധിക്കു നടുവില്‍ ഈ ഇന്ത്യമഹാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പൗരന്‍മാരും മുട്ടിലിഴയുമ്പോള്‍, ആ വിലക്കയറ്റത്തിനു കാരണമായ ഇന്ധനവിലവര്‍ദ്ധനവെന്ന അഗ്നിയില്‍ ഇറക്കുമതിത്തീരുവയെന്ന എണ്ണയൊഴിച്ച് ആനന്ദിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എണ്ണവില ബാരലിന് 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും നികുതി കുറയ്ക്കാതെ സര്‍ക്കാര്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് തള്ളിയിടുന്നു.

അസംസ്‌കൃത എണ്ണയുടെ വില ഒന്നരവര്‍ഷത്തിനിടെ മൂന്നിലൊന്നായി കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത് ജനങ്ങളോട് പകപോക്കുന്ന മനോഭാവത്തോടെയാണ്. ഡീസലിന്റെ എക്‌സൈസ് തീരുവ 1.17 രൂപയും പെട്രോളിന്റെത് 30 പൈസയും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വോട്ട്‌ചെയ്ത് ജയിപ്പിച്ച ജനങ്ങളോടുള്ള സ്‌നേഹം വ്യക്തമാക്കിക്കഴിഞ്ഞു. രസകരമായ കാര്യം എന്താണെന്നാല്‍, 2008 ല്‍ 147 ഡോളര്‍ ക്രൂഡോയില്‍ വിലയുണ്ടായിരുന്ന കാലത്തെ ഇന്ധനവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ ഇന്ധനവില പത്തുരൂപയിലധികം കൂടുതാണെന്നുള്ളതാണ്. വെറും 37.19 രൂപയാണ് ഇന്നത്തെ ക്രൂഡോയില്‍ വില എന്നുകൂടി ഇതിന്റെ കൂട്ടത്തില്‍ ചേര്‍ത്ത് വായിക്കണം.

അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായത് 2009 ഫെബ്രുവരിയ്ക്കുശേഷം ക്രൂഡോയില്‍ വില അതിന്റെ ഏറ്റവും താഴ്ന്ന വിലനിരക്കില്‍ നില്‍ക്കുമ്പോള്‍ അതിന്റെ യാതൊരാനുകൂല്യങ്ങളും സാധാരണക്കാരന് ലഭ്യമാക്കാതെ, മുതലാളിത്ത വ്യവസ്ഥിതിയിലെ നയങ്ങള്‍ നടപ്പാക്കുന്ന ഏകാധിപത്യ ഭരണാധികാരികളെപ്പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഒരുവര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണയുടെ വില 50 ശതമാനത്തിലേറെ കുറഞ്ഞിട്ടും പെട്രോളിന് കുറച്ചത് മൂന്നുശതമാനവും ഡീസലിന് 10 ശതമാനം മാത്രവുമാണെന്നുള്ളതുകൂടി നോക്കിയാല്‍ മനസ്സിലാകും, സാധാരണക്കാരനെ െകാള്ളയടിക്കാന്‍ കാത്തുനില്‍ക്കുന്ന സര്‍ക്കാര്‍ മനസ്ഥിതി. നരേന്ദ്രമോദിസര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത് ആറാംതവണയാണ് തീരുവ വര്‍ധിപ്പിക്കുന്നതെന്നുള്ളത് ഈ കാഴ്ചയെ ശരിവയ്ക്കുകകൂടിയാണ്.

2014 ഏപ്രിലില്‍ ഒരു ലിറ്റര്‍ ഡീസലിനുമേല്‍ 3.65 രൂപയായിരുന്ന എക്‌സൈസ് തീരുവ 11.83 രൂപയായാണ് ഉയര്‍ന്നത്. പെട്രോളിന്റെത് ഈ കാലയളവില്‍ 9.48 രൂപയില്‍നിന്ന് 19.36 രൂപയാകുകയും ചെയ്തു. അതായത് 20 മാസത്തിനിടെ ഡീസലിന്റെ എക്‌സൈസ് തീരുവയില്‍ 224 ശതമാനമാണ് കൂട്ടിയിരിക്കുന്നത്. പെട്രോളിന്റെത് 104 ശതമാനവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഈ കേന്ദ്രസര്‍ക്കാര്‍ ഒന്നരമാസത്തിനിടയില്‍ വരുത്തുന്ന രണ്ടാമത്തെ നികുതിവര്‍ധനയാണിത് എന്നുകൂടി ചിന്തിക്കുമ്പോള്‍ മനസ്സിലാകും, മൃഗീയഭൂരിപക്ഷത്തോടെ ജയിച്ചു ഭരിക്കുന്ന സര്‍ക്കാരിന്റെ യഥാര്‍ത്ഥ പ്രജസ്‌നേഹം.

വെന്തുരുകുന്ന ജനങ്ങളുടെ മേല്‍ ഇരട്ടിഭാരം അടിച്ചേല്‍പ്പിച്ച് തീരുവ കൂട്ടിയതിലൂടെ ഈ സാമ്പത്തികവര്‍ഷം േകന്ദ്രസര്‍ക്കാര്‍ സ്വരൂപിക്കുക 2500 കോടി രൂപയാണ്. കഴിഞ്ഞ തവണത്തെ നികുതി വര്‍ദ്ധനയിലൂടെ സമാഹരിച്ചത് 3200 കോടിയെന്ന റിക്കോര്‍ഡ് തുകയും. അതായത് 2014-15ല്‍ മാത്രം 99,184 കോടി രൂപയാണ് ജനങ്ങളെ പിഴിയുകയെന്ന ഇറക്കുമതിത്തീരുവകൂട്ടലിലൂടെ സര്‍ക്കാര്‍ സ്വരൂപിച്ചത്. ഇങ്ങനെതന്നെ പോകുകയാണെങ്കില്‍ ഇറക്കുമതിയിനത്തില്‍ ഈ സാമ്പത്തികവര്‍ഷം രണ്ടുലക്ഷം കോടി ലാഭിക്കാനാകുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ അധികവരുമാനമൊന്നും ജനങ്ങള്‍ക്ക് ഇന്നും കൈയെത്താത്ത അകലത്താണെന്നുള്ളതാണ് സത്യം.