ഒമാന്‍ എണ്ണവിലയില്‍ ഇടിവ്; ആറുവര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍

single-img
16 December 2015

petrol

മസ്‌കറ്റ്: ഒമാന്‍ എണ്ണവിലയില്‍ വന്‍ ഇടിവ്. ആറുവര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഒമാന്‍ എണ്ണവില തിങ്കളാഴ്ച ദുബൈ മര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ (ഡി.എം.ഇ) വ്യാപാരം അവസാനിപ്പിച്ചത്. ഫെബ്രുവരി ഡെലിവറിക്കുള്ള എണ്ണയുടെ വില തിങ്കളാഴ്ച 33.55 ഡോളറിലത്തെി. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 1.63 ഡോളറാണ് കുറഞ്ഞത്. ഇതോടെ ഒമാന്റെ സമ്പദ്ഘടനക്ക് കനത്ത വെല്ലുവിളി ഉയര്‍ന്നിരിക്കുകയാണ്.

ജനുവരി ഡെലിവറിക്കുള്ള എണ്ണയുടെ വില 42.28 ഡോളറില്‍ സ്ഥിരത പ്രാപിച്ചതായി ഡി.എം.ഇ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഡെലിവറിക്കുള്ള എണ്ണയേക്കാള്‍ 3.75 ഡോളര്‍ അധികമാണിത്.

ന്യൂയോര്‍ക് മാര്‍ക്കറ്റിലും ക്രൂഡോയില്‍ വില 35 ഡോളറിലും താഴെയത്തെി. ആഗോള സമ്പദ്ഘടനയിലെ പ്രതിസന്ധിയാണ് ക്രൂഡോയില്‍ വിപണിക്ക് നാളുകളായി തിരിച്ചടിയാകുന്നത്.

ഒമാന്‍ എണ്ണവില 2009 ഫെബ്രുവരിയിലാണ് ഏറ്റവും താഴ്ന്ന നിരക്കായ 40.53 ഡോളറിലത്തെിയത്. തുടര്‍ന്ന് വില ഉയരുകയായിരുന്നു. ക്രമമായി ഉയര്‍ന്ന വില 2011 ഫെബ്രുവരിയില്‍ 100 ഡോളര്‍ കവിഞ്ഞിരുന്നു.