ബന്ദ് ദിനത്തില്‍ കല്ലേറില്‍ പരിക്കേറ്റ് കുടുംബത്തിനോട് എന്തിന് പുറത്തിറങ്ങിയെന്ന് സര്‍ക്കാര്‍; എന്ത് ദിനമായാലും പുറത്തിറങ്ങി നടക്കാന്‍ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി

single-img
16 December 2015

Harthal

ബന്ദ് ദിനത്തില്‍ പുറത്തിറങ്ങി നടന്നതുകൊണ്ടല്ലേ അരകമത്തിനിരയായത് എന്ന് ഒരു പൗരനോട് സര്‍ക്കാര്‍ പറയുന്നത് തികഞ്ഞ അസംബന്ധമാണെന്ന് ഹൈക്കോടതി. ബന്ദ് ദിനമായതിനാല്‍ പുറത്തിറങ്ങുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സര്‍ക്കാറിനുണ്ടെന്നും ജനങ്ങള്‍ക്ക് പല ആവശ്യങ്ങളും ഉണ്ടാകുമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ദ് ആഹ്വാനം നടത്തുന്നതുതന്നെ പൊതുജനങ്ങളോടുള്ള ധിക്കാരമാണെന്നും കോടതി പറഞ്ഞു.

1994ല്‍ ബന്ദ് ദിനത്തില്‍ കുടുംബവുമായി പുറത്തിറങ്ങേണ്ടി വന്ന കെ. ബാലചന്ദ്രന് കല്ലേറില്‍ പരിക്കേറ്റതു സംബന്ധിച്ച് തിരുവനന്തപുരം സബ് കോടതി നഷ്ടപരിഹാരം വിധിച്ചതിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ബന്ദ് ദിനത്തില്‍ ബാലചന്ദ്രന്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്.

എന്നാല്‍ ബന്ദ് ദിനമായാലും എന്തായാലും പുറത്തിറങ്ങി നടക്കാന്‍ ഏതൊരു പൗരനും മൗലിക അവകാശമുണ്ടെന്നും ബന്ദ് ദിവസം എന്തിന് പുറത്തിറങ്ങി എന്ന സര്‍ക്കാറിന്റെ വാദം നിരുത്തരവാദപരമായ ഒന്നാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതകളുള്ള ഒരു സര്‍ക്കാറും ഭരണഘടനാ വിരുദ്ധമായ രീതിയില്‍ ഇങ്ങനെ ചോദിക്കില്ലെന്നും ഹൈക്കോടതി സൂചിപ്പിച്ചു. ഇന്ത്യന്‍ പൗരന്റെ മാത്രമല്ല, കേരളത്തില്‍ എത്തുന്ന മറ്റേതൊരു രാജ്യത്തെ പൗരന്റെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ഹൈമക്കാടതി പറഞ്ഞു.

ഭരണഘടനയും മനുഷ്യാവകാശങ്ങളെ സംബന്ധിച്ച വിവിധ ഉടമ്പടികളും കണക്കിലെടുത്തുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ചുമതല സര്‍ക്കാറിനുണ്ടെന്നും ബന്ദ് പോലുള്ള ദിവസങ്ങളില്‍ സര്‍ക്കാരും പോലീസും ഒന്നിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.