രാജ്യത്തെ ഏറ്റവും മികച്ച നടൻ നരേന്ദ്ര മോദിയാണെന്ന് ഖുശ്ബു.കമൽഹാസനും മമ്മൂട്ടിയും മോഹൻലാലുമെല്ലാം മോദിയുടെ മുന്നിൽ തോറ്റുപോകും

single-img
16 December 2015

screen-11.11.56[16.12.2015]രാജ്യത്തെ ഏറ്റവും മികച്ച നടൻ നരേന്ദ്ര മോദിയാണെന്നും കമൽഹാസനും മമ്മൂട്ടിയും മോഹൻലാലുമെല്ലാം മോദിയുടെ മുന്നിൽ തോറ്റുപോകുമെന്നും എഐസിസി വക്താവ് ഖുശ്ബു. കെ.എസ്.യു സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു ഖുശ്ബു. മൻമോഹൻ സിങ് മൗനവ്രതത്തിലായിരുന്നുവെന്നു കളിയാക്കിയിരുന്ന മോദി ഇപ്പോൾ ആവശ്യ നേരത്തുമാത്രം ഒന്നും മിണ്ടില്ല.മോദിയുടേതു വെറും വാക്കുകൾ മാത്രമാണ്, പ്രവൃത്തി ഇല്ല. ഏതോ നാട്ടിലെ ആർക്കൊക്കെയോ ട്വിറ്ററിൽ ജൻമദിനാശംസകൾ നേരുന്നതു പോലുള്ള കാര്യങ്ങളിലാണു മോദിയ്ക്ക് താൽപര്യം എന്നും ഖുശ്ബു കുറ്റപ്പെടുത്തി

എണ്ണയുടെ വില രാജ്യാന്തരതലത്തിൽ ഏറ്റവും കുറഞ്ഞിരിക്കുന്ന സമയത്ത് അതിന്റെ നേട്ടം ജനങ്ങൾക്കു നൽകാതെ സർക്കാർ ലാഭമുണ്ടാക്കുകയാണ്. ബുള്ളറ്റ് ട്രെയിനിനായി ഒരുലക്ഷം കോടി ചെലവഴിക്കുമ്പോൾ കോടിക്കണക്കിനാളുകൾക്കു വീടില്ലാത്ത അവസ്ഥയാണ്. ദാദ്രിയിൽ ഒരാളെ തല്ലിക്കൊന്നപ്പോഴും ബിജെപി നേതാക്കൾ തുടർച്ചയായ വിവാദപ്രസ്താവനകൾ നടത്തിയപ്പോഴും അദ്ദേഹം മൗനം പാലിച്ചു. രാജ്യത്ത് ഇപ്പോൾ തിരഞ്ഞെടുപ്പു നടന്നാൽ കോൺഗ്രസ് ജയിക്കുമെന്നതിൽ സംശയമില്ല. ഏതെങ്കിലും ബിജെപിക്കാരൻ രാജ്യത്തിനായി ജീവൻ ബലികഴിച്ചിട്ടുണ്ടോ? രാഷ്ട്രപിതാവായ ഗാന്ധിജിയല്ല, അദ്ദേഹത്തെ കൊലപ്പെടുത്തിയ ഗോഡ്സേയാണ് അവർക്കു മഹാത്മാവ്.

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ നൗഷാദിന്റെ കുടുംബത്തിനു നഷ്ടപരിഹാരം കൊടുത്തത് അദ്ദേഹം മുസ്‌ലിം ആയതിനാലാണെന്നു വെള്ളാപ്പള്ളി നടേശനെപ്പോലുള്ള ഒരാൾക്ക് എങ്ങനെ പറയാനാകുമെന്നും അവർ ചോദിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽനിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കിയതു കേരളത്തെ അപമാനിച്ചതിനു തുല്യമാണെന്നും ഖുശ്ബു ചൂണ്ടിക്കാട്ടി.

കെഎസ്‌യു കോഴിക്കോട്ടു നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ സംസ്ഥാന സംഗമത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് അധ്യക്ഷനായിരുന്നു. ടി. സിദ്ദീഖ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എം. സുരേഷ് ബാബു, കെ.പി. അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. രോഹിത്, ജില്ലാ പ്രസിഡന്റ് വി.പി. ദുൽഖിഫിൽ, വിനു ചുള്ളിയിൽ, ടിജിൻ ജോസഫ്, ജെ.എസ്. അജിൽ, അഭിലാഷ് ചിതര, എ.എം. അഭിജിത് എന്നിവർ പ്രസംഗിച്ചു.