സാഹസികതയും പ്രകൃതിഭംഗിയും കൈകോർക്കുന്ന ജഡായുപ്പാറ; 2016ൽ സഞ്ചാരികൾക്കായി തുറക്കുന്നു

single-img
16 December 2015

Jadayu Para 1

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ഇനി ജഡായുപ്പാറയാണ്. ആ ഖ്യാതി അവിടേക്ക് എത്താൻ ഒരു മാസത്തെ കാലതാമസം കൂടിയെ നിലനിൽക്കുന്നുള്ളൂ. അതെ 2016 ജനുവരിയിൽ ജഡായു നേചർ പാർക്ക് ഉദ്ഘാടനം ചെയ്യുകയാണ്.

കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജഡായുപ്പാറ സ്ഥിതിചെയ്യുന്നത്. രാമായണത്തിലെ വിഖ്യാതമായ പക്ഷിരാജൻ ജഡായു രാവണന്റെ വില്ലുകൊണ്ട് വിണത് ഈ പാറയുടെ മുകളിലാണെന്നാണ് ഐതീഹ്യം. ജഡായു വീണുകിടക്കുന്ന മാതൃകയിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. അതോടൊപ്പം നിരവധി സാഹസിക സഞ്ചാരത്തിനുള്ള സംവിധാനങ്ങളും കൂട്ടിയിണക്കിയതാണ് ജഡായു നേചർ പാർക്ക്. കുറച്ച് അറ്റകുറ്റപണികൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. അടുത്ത മാസം ഉദ്ഘാടനത്തിനു ശേഷം ഏറെവൈകാതെ തന്നെ സഞ്ചാരികൾക്കായി ഇവിടം തുറന്ന് നൽകും. രാവണനുമായുള്ള ജഡായുവിന്റെ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ മനസ്സിൽ പുനർസൃഷ്ടിക്കുകയാണ് ശില്പത്തിലൂടെ.

Jadayu Para 2

പാറയുടെ മുകളിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുണ്ട് ജഡായു ശില്പത്തിന്. ശില്പത്തിനുള്ളിൽ ഒരു മ്യൂസിയവും ഒരുക്കിയിരിക്കുന്നു. സാങ്കേതിക ലോകത്തെ ദൃശ്യവിസ്മയങ്ങൾ പ്രദർശിപ്പിക്കുന്ന 6ഡി തിയേറ്ററും ഇതിനുള്ളിൽ സഞ്ചാരികൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രകൃതിയുടെ മനോഹാരിത പ്രകടമാക്കുന്നതിനോടൊപ്പം സാഹസികതയും ഇവിടെ കൈക്കോർക്കുകയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി നിരവധി സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പെയിന്റ് ബാൾ, ലേസർ ടാഗ്, അമ്പെയ്ത്ത്, റൈഫിൾ ഷൂട്ടിങ്, റോക്ക് ക്ലൈമ്പിങ്, ഏറ്റിവി, റാപെല്ലിങ് തുടങ്ങി ഇരുപതില്പരം സാഹസിക വിനോദങ്ങളാണ് ജഡായു നേചർ പാർക്കിലുള്ളത്. ഇതിനെല്ലാമുപരി കേബിൾ കാർ സർവ്വീസും ഇവിടെ ഒരുക്കിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യ സ്റ്റേറ്റ് ഓഫ് ദ ആർട്ട് കേബിൾ കാർ പ്രോജക്ടാണിത്.

Jadayu Para 3

100 കോടിയിലധികം രൂപ മുതൽമുടക്കിലാണ് ജഡായു നേചർ പാർക്ക് പണികഴിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ ഒരു നാഴികകല്ലായി മാറുന്ന പദ്ധതിയാണ് ഇവിടെ വരാനൊരുങ്ങുന്നത്. സഞ്ചാരികൾക്ക് വേറിട്ട അനുഭവം വാഗ്ദാനം ചെയ്യുന്ന ജഡായുപ്പാറ യാഥാർഥ്യമാകാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതിയാകും…