മസ്താങ് ജി.ടി വരുന്നു; വില 60 ലക്ഷം

single-img
16 December 2015

maztവാഹനപ്രേമികളുടെ സ്വപ്നവാഹനങ്ങളിൽ ഒന്നായ ഫോഡിന്റെ ശ്രേണിയിലെ ഏറ്റവും പ്രശസ്ത മോഡൽ ‘മസ്താങ് ജി ടി’ ഇന്ത്യയിലേക്ക് വരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ തന്നെ കാറിന്റെ ഇന്ത്യൻ അരങ്ങേറ്റം പ്രതീക്ഷിക്കാമെന്നാണ് സൂചന. ഇതിനു മുന്നോടിയായി സർക്കാരിന്റെ വിവിധ അനുമതികൾക്കും അംഗീകാരത്തിനുമായി ഫോഡ് ‘മസ്താങ് ജി ടി’യെ പുണെയിലെ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യിലും എത്തിച്ചിരുന്നു.

വിദേശത്തു നിർമിച്ച ‘മസ്താങ് ജി ടി’ ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക. കഴിഞ്ഞ ഓഗസ്റ്റിലാണു ഫോഡ് റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള ‘മസ്താങ്’ പുറത്തിറക്കുന്നത്. നോർത്ത് അമേരിക്കയിലെ മിഷിഗനിലുള്ള ഫ്ളാറ്റ്റോക്ക് അസംബ്ലി പ്ലാന്റിൽ നിന്നായിരുന്നു ആദ്യ ആർ എച്ച് ഡി ‘മസ്താങ്’ പുറത്തെത്തിയത്. കാർ നിരത്തിലെത്തി അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണു വലതു വശത്തു സ്റ്റീയറിങ്ങുള്ള ‘മസ്താങ്’ യാഥാർഥ്യമാവുന്നതെന്ന പ്രത്യേകതയുമുണ്ട്.

mazthjരണ്ട് എൻജിൻ സാധ്യതകളോടെയായിരുന്നു ‘മസ്താങ്ങി’ന്റെ വരവ്: അഞ്ചു ലീറ്റർ വി എയ്റ്റും 2.3 ലീറ്റർ ഇകോ ബൂസ്റ്റും. ശേഷിയേറിയ എൻജിൻ പരമാവധി 435 ബി എച്ച് പി കരുത്തും 542 എൻ എം ടോർക്കുമാണു സൃഷ്ടിക്കുന്നത്. ഇകോബൂസ്റ്റ് എൻജിനിൽ പിറക്കുന്നതാവട്ടെ 312.67 ബി എച്ച് പി കരുത്താണ്. ഇന്ത്യയിലേക്ക് തൽക്കാലം അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിനുള്ള ‘മസ്താങ് ജി ടി’ എത്തുമെന്നാണു കരുതുന്നത്.

യു കെയിൽ അവതരിപ്പിക്കുമ്പോൾ 29,995 പൗണ്ട്(ഏകദേശം 30.11 ലക്ഷം രൂപ) ആയിരുന്നു ‘ഇകോബൂസ്റ്റ്’ എൻജിനുള്ള ‘മസ്താങ്ങി’നു വില; വി എയ്റ്റ് എൻജിനുള്ള മോഡലിന് 33,995 പൗണ്ട്(34.12 ലക്ഷത്തോളം രൂപ) ആണു വില. എന്നാൽ ഇന്ത്യയിൽ ഇവ ഇറക്കുമതി ചെയ്യുമ്പോൾ നികുതിയും മറ്റും ചേർത്ത് വില 60 മുതൽ 70 ലക്ഷം രൂപയോളമായി ഉയരുമെന്നാണ് വിലയിരുത്തൽ.

ആറു സ്പീഡ് മാനുവൽ, സെലക്ട് ഷിഫ്റ്റ് പാഡിൽ ഷിഫ്റ്റർ സഹിതം ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ് മസ്താങ് ജിടിയ്ക്ക്. ഇതിൽ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗീയർബോക്സുള്ള ‘മസ്താങ്’ ആവും ഇന്ത്യയിലെത്തുക. എന്നാൽ ഇന്ത്യയിലെത്തുന്ന മസ്താങ്ങിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

എങ്കിലും കറുപ്പ് മൾട്ടി സ്പോക്ക് അലോയ് വീലും വൈപ്പർ ആക്ടിവേഷൻ സംവിധാനമുള്ള ഓട്ടമാറ്റിക് എച്ച് ഐ ഡി ഹെഡ്ലാംപും എൽ ഇ ഡി ടെയിൽ — ഫോഗ് ലാംപുകളും റിയർ സ്പോയ്ലറും ഹീറ്റഡ് ഡോർ മിററും ടേൺ ഇൻഡിക്കേറ്ററുമൊക്കെ പ്രതീക്ഷിക്കാം. ഉൾവശത്ത് ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രോം സ്പർശത്തോടെ നാലു ഗേജ് ഇൻസ്ട്രമെന്റ ക്ലസ്റ്റർ, മൾട്ടി ഫംക്ഷൻ സ്റ്റീയറിങ് വീൽ എന്നിവയുണ്ടാവും. 2016 വർഷം പകുതിയോടെ വിൽപ്പനയ്ക്ക് മസ്താങിനെ എത്തിക്കുമെന്ന് കരുതുന്നു.