സിബിഐ റെയിഡ്: മോദി ഭീരുവും മനോരോഗിയുമെന്ന് കെജ്രിവാൾ, റെയിഡ് നിഷേധിച്ച് സിബിഐ

single-img
15 December 2015

kejariwalന്യൂഡൽഹി: മുന്നറിയിപ്പ് നൽകാതെ തന്റെ ഓഫീസ് സിബിഐ റെയിഡ് ചെയ്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അരവിന്ദ് കെജ്രിവാളിന്റെ ആക്ഷേപവർഷം. ചൊവ്വാഴ്ച രാവിലെ തന്റെ ഓഫീസിൽ സിബിഐ റെയിഡ് നടത്തിയ സംഭവം ട്വിറ്ററിലൂടെ അറിയിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മോദി ഭീരുവാണെന്ന് ആക്ഷേപിച്ചിരുന്നു. പിന്നീട് വന്ന ട്വീറ്റിൽ നരേന്ദ്ര മോദി അതിവിചിത്രങ്ങളായ ചിന്തകളിലും പ്രവൃത്തികളിലും ഏർപ്പെടുന്ന മനോരോഗിയാണെന്ന് കെജ്രിവാൾ ആരോപിച്ചു.

കേന്ദ്ര സർക്കാർ തങ്ങളോട് പകപോക്കുകയാണെന്നും സിബിഐ ഉദ്യോഗസ്ഥർ ഒരു മുന്നറിയപ്പും നൽകാതെയാണ് റെയിഡ് നടത്തിയതെന്ന് ആം ആദ്മി നേതൃത്വം പ്രതികരിച്ചു. റെയിഡിനെത്തിയ സമയവും അവർ വിശദീകരണം നൽകിയില്ലെന്ന് എ.എ.പി വൃത്തങ്ങൾ ആരോപണം ഉയർത്തി. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് റെയിഡ് ചെയ്തെന്നും സീൽ ചെയ്തെന്നുമുള്ള വാർത്ത സിബിഐ നിഷേധിച്ചു.

കമ്പ്യൂട്ടർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ ഓഫീസിലെ ഉദ്യോഗസ്ഥൻ രാജീന്ദർ കുമാർ ക്രമക്കേടുകൾ നടത്തിയതായി തെളിവ് ലഭിച്ചിരുന്നു. അതുമായി സംബന്ധിച്ച വിവരങ്ങൾക്കായി കെജ്രിവാളിന്റെ ഓഫീസിൽ തിരച്ചിൽ നടത്തിയതാണെന്നാണ് സിബിഐയുടെ വിശദീകരണം. എന്നാൽ കെജ്രിവാളിന്റെ റൂമിൽ പരിശോധന നടത്തിയട്ടില്ലെന്ന് അവർ വ്യക്തമാക്കി. രാജീന്ദറിന്റെ വീട്ടിലും തിരച്ചിൽ നടത്തിയതായി സിബിഐ അറിയിച്ചു.

എന്നാൽ സിബിഐയുടെ വാദം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിരസിച്ചു. രാജീന്ദർ കുമാർ തന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥരിൽ ഒരാളാണെന്ന് പ്രതികരിച്ച കെജ്രിവാൾ, മുഖ്യമന്ത്രിയുടെ കാര്യാലയം പരിശോധിക്കുന്നതിന് മുൻപ് എന്തുകൊണ്ട് ദില്ലി സർക്കാരിനെ കാര്യം അറിയിച്ചില്ലയെന്ന ചോദ്യവുമുയർത്തി.

സിബിഐ നുണ പറയുകയാണെന്നും ഓഫീസ് റെയിഡ് ചെയ്തെന്നും കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. അവർ ഓഫീസിലെ ഫയലുകൾ പരിശോധിച്ചുവെന്നും മോദിയ്ക്ക് ഏത് ഫയലാണ് ആവശ്യമെന്നും കെജ്രിവാൾ ട്വിറ്ററിൽ ആക്ഷേപിച്ചു. മോദിയ്ക്കെതിരെയുള്ള കെജ്രിവാളിന്റെ ആക്ഷേപം അറപ്പ് വരുത്തുന്നതാണെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.

ഡൽഹി തെരെഞ്ഞെടുപ്പിൻ ഈ വർഷം ഫെബ്രുവരിയിലാണ് വൻ ഭൂരിപക്ഷത്തോടെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി ഭരണത്തിലേറിയത്. എന്നാൽ ദില്ലിയിലെ ലോ ആൻഡ് ഓഡർ, പോലീസ് എന്നീ പ്രധാന സംവിധാനങ്ങൾ കേന്ദ്ര സർക്കാർ നേരിട്ടായിരുന്നു നിയന്ത്രിച്ചിരുന്നത്. ഇത് സംബന്ധിച്ച് ആം ആദ്മിയുടെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ റെയിഡ്.