ഇരുളിനെ തുരത്തിയ ഗുരുവിന്റെ കയ്യിലെ വിളക്കൂതി അണക്കുന്നവര്‍

single-img
14 December 2015

vellappally-natesan

സംസ്ഥാനത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം ജാതി- മത ധ്രുവീകരണം ശക്തമായിരിക്കുകയാണ്. ശ്രീ നാരായണ ഗുരുവിന്റെ ബാനറില്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം കേരളത്തില്‍ സ്വയം ഭരണകര്‍ത്താവാകാനുള്ള ശ്രമമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നത്. ആര്‍. ശങ്കര്‍ പ്രതിമ ചൊവ്വാഴ്ച കൊല്ലത്ത് അനാവരണം ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ അകംപുറം ഇപ്പോഴും അവ്യക്തമാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ ആദ്യം ക്ഷണിക്കുകയും പിന്നീട് ക്ഷണം പിന്‍വലിക്കുകയും ചെയ്ത വെള്ളാപ്പള്ളിയുടെ നീക്കത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തും പുറത്തും അലയടിക്കുന്നത്. എന്നാല്‍ അതിലൊന്നും കുലുങ്ങില്ലെന്ന മനോഭാവത്തോടെ വെള്ളാപ്പള്ളി പരസ്യമായി ജാതിയും മതവും വിളിച്ചുപറയുകയും ശചയ്യുന്നു.

പ്രോട്ടോകോള്‍ അനുസരിച്ച് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയാണ് അധ്യക്ഷസ്ഥാനം വഹിക്കേണ്ടത്. എന്നാല്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ആര്‍. ശങ്കര്‍ പ്രതിമാ അനാവരണ ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കി തന്റേതായുള്ള പ്രോട്ടോകോള്‍ പുറത്തിറക്കിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. ബിജെപിയുടെ സഖ്യകക്ഷിയാകാന്‍ പോകുന്ന ഭാരത് ധര്‍മ ജന സേനയുടെ (ബിഡിജെഎസ്) സ്ഥാപകനായ വെള്ളാപ്പള്ളി കളിക്കുന്നത് പ്രതികാരത്തിനോ ഭീഷണിക്കോ തുല്യമായ തരംതാഴ്ന്ന രാഷ്ട്രീയമാണ്. നരേന്ദ്ര മോദി ശിവഗിരിയില്‍ വരുന്നതു ക്ഷണിക്കാതെയാണെന്ന ധര്‍മസംഘം നേതൃത്വത്തിന്റെ പ്രസ്താവന ബിജെപി കേന്ദസംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നതിന്റെ മറുപടി സുഹൃത്ത് സ്ഥാനീയനായ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ ഒഴിവാക്കി തിരികെ നല്‍കിയിരിക്കുന്നു.

കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന ആര്‍. ശങ്കറിന്റെ ആദരിക്കല്‍ ചടങ്ങില്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ എന്തുകൊണ്ട് പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല എന്ന ചോദ്യത്തിന് വെള്ളാപ്പള്ളിയ്ക്ക് കൃത്യമായ ഉത്തരം നല്‍കാനായിട്ടില്ല. കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന പണ്ട് ഗുരുവിന്റെ ‘ഞാന്‍ പ്രതിഷ്ഠിച്ചത് നിങ്ങളുടെ ശിവനെയല്ല’ എന്ന വാക്കുകള്‍ കടമെടുത്ത് പറഞ്ഞതണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏതുവിധേനയും പുതു തലമുറയുടെ അഭിനവ ഗുരുവാകാന്‍ തയ്യാറെടുക്കുന്ന വെള്ളാപ്പള്ളി അതിനൊത്തരീതയില്‍ ലോകത്തെക്കൊണ്ട് തന്നെ അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ അടയാളങ്ങളായി മാത്രമേ ഈ നടപടികളെ കാണാനാകൂ.

മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന്റെ കാരണം എന്തും ആയികൊള്ളട്ടെ ഇവിടെ ഉരുത്തിരിയുന്ന വാസ്തവം മറ്റൊന്നാണ്. എല്ലാം തന്റെ അധീനതയില്‍ വരുത്തണം എന്ന വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ധാഷ്ട്യമാണ് ഇവിടെ വ്യക്തമാകുന്നത്. ബിഡിജെഎസ് പാര്‍ട്ടി ബിജെപിയുമായി സംഖ്യത്തിന് തയ്യാറാകുന്നതോടെ കേരളത്തിലെ മതന്യൂനപക്ഷക്കാരുടെ പിന്തുണ ലഭിക്കുകയും അതുവഴി വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ മന്ത്രിയാകാം എന്നുമാണ് വെള്ളാപ്പള്ളിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ അതിന് മുന്നേ തന്നെ മുഖ്യമന്ത്രിയെ വരെ നിയന്ത്രിക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമമായും ഈ നീക്കത്തെ വിലയിരുത്താം. എല്ലാം ഗുരുവിന്റെ ബാനറില്‍ ആകുമ്പോള്‍ പിന്നോക്ക ജാതിക്കാര്‍ കൂടെനില്‍ക്കും എന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്.

ജാതിയും മതവും നോക്കാതെ മനുഷ്യപക്ഷത്ത് നിന്ന ശ്രീനാരായണഗുരുവിനെ സ്വാര്‍ത്ഥലാഭത്തിന് വേണ്ടി താഴ്ന്ന ജാതിയുടെ നായകനാക്കി ഉയര്‍ത്തികാട്ടിയ എസ്.എന്‍.ഡി.പി യോഗം ഇപ്പോള്‍ ആര്‍ ശങ്കറിനെയും തങ്ങളുടെ സമുന്നതനായ വ്യക്തിയാക്കി മറ്റുവാനുള്ള കരുനീക്കത്തിലാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്നത് എസ്.എന്‍.ഡി.പി യോഗം ട്രസ്റ്റിന്റെ സ്വകാര്യ പരിപാടിയിലാണെന്നും അത് ഔദ്യോഗിക പരിപാടിയല്ലാത്തതിനാല്‍ പ്രോട്ടോകോള്‍ നോക്കേണ്ട ആവശ്യമില്ലയെന്നും യോഗം നേതൃത്വവും ബിജെപിയും വിശദീകരിച്ചിരുന്നു. ആര്‍ ശങ്കര്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ആരും ആയികൊള്ളട്ടെ പക്ഷെ അദ്ദേഹം കെരളം ഭരിച്ചിരുന്ന മുഖ്യമന്ത്രിയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ പ്രതിമ അനാവരണം ചെയ്ത് ആദരിക്കുന്ന ചടങ്ങില്‍ പ്രസ്തുത മുഖ്യമന്ത്രി പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു എന്നുള്ള കാര്യം നൂറുശതമാനം തീര്‍ച്ചയാണ്. ു

ഇതിനുപുറമെ മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല വെള്ളാപ്പള്ളിയുടെ വിലക്ക്. തനിക്കും എസ്.എന്‍.ഡി.പി യോഗത്തിനും ബിജെപിക്കും എതിരായി നില്‍ക്കുന്ന എല്ലാവരേയും പരിപാടിയില്‍ നിന്നും അകറ്റിന്നിര്‍ത്തിയിട്ടുണ്ട്. ആര്‍ ശങ്കര്‍ പ്രതിമയ്ക്ക് സമീപം ഉയര്‍ന്ന ശിലാഫലകം നോക്കിയാല്‍ അത് വ്യക്തമാകും. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഉമ്മന്‍ ചാണ്ടിയെയും എ. എ. അസീസിനെയും പോലുള്ളവരെ ഒഴിവാക്കിയ വെള്ളാപ്പള്ളി, ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട പി. കെ. ഗുരുദാസനെയും എന്‍. കെ. പ്രേമചന്ദ്രനെയും നിലനിര്‍ത്തിയതിനു പിന്നിലെ ജാതിതാത്പര്യവും വ്യക്തമാണ്.

സ്വാമി വിമവകാനന്ദനേയും ഭഗത്സിംഗിനേയും പോലെ ഭാരതത്തിലെ ഹിന്ദുമതത്തില്‍പ്പെട്ട ഏതൊരു സാമൂഹിക പരിഷ്‌കര്‍ത്താക്കളേയും സ്വാതന്ത്ര്യ സമര സേനാനികളേയും തങ്ങളുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് അറിഞ്ഞുകൊണ്ടുതന്നെ കേരളത്തിന്റെ പ്രതിനിധിയാകാന്‍ ശ്രമിക്കുകയാണ് വെള്ളാപ്പള്ളിയെന്ന് വ്യക്തം. ഹിന്ദുമതത്തിലെ ജാതീയത കൊടികുത്തിവാണ ഇരുളടഞ്ഞ ഇന്നലെകളില്‍ വഴിവിളക്കുമായി മുന്നില്‍ നടന്ന് വെളിച്ചം കാട്ടിത്തന്നയാളാണ് ശ്രീനാരായണ ഗുരു. ഗുരുവിന്റെ കയ്യിലെ ആ വെളിച്ചം ഊതിക്കെടുത്തി തെറ്റായ വഴിയിലൂടെ വീണ്ടും സമൂഹത്തെ ഇരുട്ടിലേക്ക് തള്ളിയിട്ട് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ജാതിമേലാളന്‍മാരുടെ ശ്രമങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.