അന്തരാഷ്‌ട്ര നിലവാരത്തിൽ നിർമിച്ച കടയ്‌ക്കാട്‌-കൈപ്പട്ടൂർ റോഡിന്റെ ആയുസ്‌ ഒരു മാസം മാത്രം. നിർമ്മാണത്തിലെ ക്രമക്കേടുകൾ പുറത്ത്

single-img
12 December 2015

Antharashta

പത്തനംതിട്ട: ഒരുമാസം മുൻപാണ് ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട്‌ കടയ്‌ക്കാട്‌-കൈപ്പട്ടൂർ റോഡിന്റെ പണി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡാണെനൊക്കെയാണ് ഇതിനെ കൊട്ടിഘോഷിച്ചത്. എന്നാൽ ഇപ്പോൾ അതിന്റെ അവസ്ഥ പരിതാപകരമാണ്. കഴിഞ്ഞ ദിവസം മറ്റൊരു വാഹനത്തിന്‌ സൈഡു കൊടുക്കുന്നതിനിടെ റോഡ്‌ മധ്യത്തിൽ നിന്ന്‌ തകർന്ന്‌ ഭാരം കയറ്റി വന്ന ലോറി സമീപത്തെ പറമ്പിലേക്ക്‌ മറിഞ്ഞു അപകടം ഉണ്ടായി. ഇതോടെ റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകൾ പുറത്താകുകയാണ്.

നിർമാണം പൂർത്തിയാക്കിയ കടയ്‌ക്കാട്‌-കൈപ്പട്ടൂർ റോഡിൽ നരിയാപുരത്ത്‌ കഴിഞ്ഞ ദിവസമാണ്‌ സംഭവം നടന്നത്‌. പന്തളം-പത്തനംതിട്ട റോഡിന്റെകടയ്‌ക്കാട്‌ മുതൽ കൈപ്പട്ടൂർ വരെയുള്ള അഞ്ചര കിലോമീറ്റാണ്‌ ചിറ്റയം ഗോപകുമാർ എം.എൽ.എ മുൻകൈയെടുത്ത്‌ അഞ്ചരക്കോടി മുടക്കി ബി.എംആൻഡ്‌ ബി.സി. നിലവാരത്തിൽ നിർമിച്ചത്‌. ഈ റോഡിൽ സാധാരണ വാഹനങ്ങളുടെ ഡ്രൈവർമാർ വിശ്രമിക്കാൻ നിർത്തുന്ന നരിയാപുരത്തെ റബർതോട്ടത്തിനോട്‌ ചേർന്ന ഭാഗത്ത്‌ നിന്നാണ്‌  ലോറി മറിഞ്ഞത്‌. പാറമണലുമായി പന്തളം ഭാഗത്തേക്ക്‌ പോവുകയായിരുന്ന ലോറി റോഡ്‌ ഇടിഞ്ഞതിനെതുടർന്ന്‌ മറിയുകയായിരുന്നു. ലോറിയുടെ ഭാരക്കൂടുതൽ കൊണ്ടാണ്‌ റോഡ്‌ തകർന്നത്‌ എന്ന് വരുത്തി തീർത്ത് പ്രശ്നത്തിൽ നിന്നും തടിയൂരാനുള്ളനീക്കത്തിലാണ്‌ പൊതുമരാമത്ത്‌ അധികൃതർ.

അയ്യപ്പഭക്‌തരുടെ ആയിരക്കണക്കിന്‌ വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപായുന്ന റോഡിലാണ്‌ ഈ ക്രമക്കേടുകൾ നടത്തിയിരിക്കുന്നത്. ആവാഹനങ്ങളൊന്നും ഇതുവരെ അപകടത്തിൽപ്പെടാതിരുന്നത്‌ അയ്യപ്പന്റെ കൃപ കൊണ്ടാണെന്ന്‌ നാട്ടുകാർ പറയുന്നു. ഭരണപക്ഷ-ഉദ്യോഗസ്‌ഥ-കരാർമാഫിയ ഒത്തുചേർന്ന്‌ ശബരിമല അനുബന്ധ പാതകളുടെ അറ്റകുറ്റപ്പണിയിലൂടെ കവർന്നെടുക്കുന്നത്‌ കോടികളാണ്‌. കഴിഞ്ഞ 15 വർഷത്തെ കണക്ക്‌പരിശോധിച്ചാൽ തീർഥാടനകാലത്തെ അറ്റകുറ്റപ്പണികൾക്കായി മാത്രംഅനുവദിച്ചത്‌ 3000 കോടി രൂപയാണ്‌.
ശബരിമല തീർഥാടകർക്ക്‌ വേണ്ടിയുള്ള റോഡ്‌ അറ്റകുറ്റപ്പണി ആയതിനാൽ ജനങ്ങളും സംശയിക്കില്ല.  100 കോടി രൂപയെങ്കിലും റോഡിൽചെലവഴിച്ചിരുന്നെങ്കിൽ ഓരോ വർഷത്തെയും അറ്റകുറ്റപ്പണി ഒഴിവാക്കാമായിരുന്നു. ഇത്തവണയും ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട്‌റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ സർക്കാർ അനുവദിച്ചത്‌ 170 കോടിയാണ്‌. തീര്‍ഥാടനകാലത്തോട്‌ അനുബന്ധിച്ച്‌ മഴയിലും മഞ്ഞിലും ടാർ റോഡിൽഉരുക്കിയൊഴിക്കും. ഒരു മാസം കഴിയും മുമ്പ്‌ റോഡുകൾ വീണ്ടും കുണ്ടും കുഴിയുമാകും. എട്ടുമാസം കഴിയുന്നതോടെ വീണ്ടും ഇതേ റോഡുകൾക്ക്‌അറ്റകുറ്റപ്പണിക്ക്‌ കോടികൾ അനുവദിക്കും. തിരക്കിട്ട്‌ വീണ്ടും അറ്റകുറ്റപ്പണി, ഒരു മാസത്തിനുള്ളിൽ തകർച്ച. ഇങ്ങനെ അഴിമതി തുടർന്നുകൊണ്ടേയിരിക്കുന്നു.

നവംബർ മധ്യത്തോടെയാണ്‌ ശബരിമല തീർഥാടനം തുടങ്ങുന്നത്‌. റോഡ്‌ അറ്റകുറ്റപ്പണിക്ക്‌ ടെൻഡർ അടക്കമുള്ള നടപടി ക്രമം പൂർത്തിയാക്കുന്നത്‌ നവംബർഅഞ്ചിനുള്ളിലായിരിക്കും. പിന്നെ തിരക്കിട്ട അറ്റകുറ്റപ്പണി തുടങ്ങും. രാവിലെ മുതൽ ഉച്ചവരെ പണി നടക്കും. ഉച്ചയ്‌ക്ക്‌ ശേഷം തുലാവർഷം കനത്തുപെയ്യും. പിറ്റേന്ന്‌ വന്ന്‌ കുഴിയിലെ മഴവെള്ളം പോലും നീക്കാതെ മെറ്റിലും ടാറുമിട്ട്‌ റോളർ കയറ്റി ഉരുട്ടും. ദിവസങ്ങൾക്കുള്ളിൽ ഈ പണിയുടെ ബില്ലുംമാറി കൊടുക്കും. പെട്ടെന്ന്‌ ബിൽ മാറി നൽകാമെന്ന ഉറപ്പിന്മേലാണ്‌ കരാറുകാരെക്കൊണ്ട്‌ പണി എടുപ്പിക്കുന്നത്‌. തീർഥാടനകാലം തുടങ്ങും മുമ്പ്‌ പണിതീർന്നില്ലെങ്കിൽ പഴി കേൾക്കേണ്ടി വരുമെന്ന്‌ അറിയാവുന്നതിനാൽ പൊതുമരാമത്ത്‌ അധികൃതർ എങ്ങനെയും ബിൽ മാറിക്കൊടുക്കും. കിട്ടാനുള്ളകമ്മിഷനും മേടിക്കും. മൂന്നുമാസം നീണ്ടു നിൽക്കുന്ന തീർഥാടനകാലം തുടങ്ങി ഒരു മാസം പിന്നിടും മുമ്പ്‌ റോഡുകൾ പഴയ പടിയാകും. എട്ടുമാസം ഇതുവീണ്ടും ഇങ്ങനെ കിടക്കും. അടുത്ത ശബരിമല മണ്ഡലകാലം ആരംഭിക്കുമ്പോഴേക്കും വീണ്ടും പഴയ പണി തുടക്കം മുതൽ ആവർത്തിക്കും.

10 ലക്ഷം വേണ്ടി വരുന്നിടത്ത്‌ അടിയന്തിര അറ്റകുറ്റപ്പണിയുടെ പേരിൽ 50 ലക്ഷം വകയിരുത്തുന്നു. റോഡിൽ ചിലവഴിക്കുന്നത്‌ അഞ്ചു ലക്ഷം രൂപയുടെടാറാണ്. ശേഷിക്കുന്ന 45 ലക്ഷം സർക്കാരിലെ ഉന്നതരുടെയും കരാറുകാരുടെയും പൊതുമരാമത്ത്‌ ഉദ്യോഗസ്‌ഥരുടെയും പോക്കറ്റിലേക്ക്‌ വീണുകൊണ്ടിരിക്കും. സംസ്‌ഥാനത്ത്‌ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ഈ ആരാധനാലയത്തിന്റെ പേരിൽ നടക്കുന്ന പകൽക്കൊള്ളയെ ആരുംഎതിർക്കുന്നില്ല. ഇതേപ്പറ്റി പൊതുമരാമത്ത്‌ മന്ത്രിയോട്‌ ചോദിച്ചാൽ “ശബരിമല റോഡുകൾ ഹെവിമെയിന്റനൻസ്‌ സ്‌കീമിൽ ഉൾപ്പെടുത്തിസഞ്ചാരയോഗ്യമാക്കി വരികയാണ്‌” എന്ന മറുപടിയാണ് കിട്ടുക. എന്നിട്ട്‌ ആ സ്‌കീം തുടങ്ങിയോ? അതുമില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഇതേ പല്ലവിതന്നെ ആവർത്തിക്കുന്നു.

കടയ്‌ക്കാട്‌-പന്തളം റോഡിന്റെ പണി ശബരിമല തീർഥാടനം ആരംഭിച്ച്‌ കഴിഞ്ഞതിന്‌ ശേഷമാണ്‌ പൂർത്തിയാക്കിത്‌. റോഡിന്റെ വശങ്ങളിൽ ആഴത്തിൽകുഴിയെടുത്ത്‌ പാറകളും മെറ്റിലും നിരത്തി അടച്ച്‌ അതിന്‌ മുകളിലാണ്‌ ബി.എം. ആൻഡ്‌ ബി.സി. ചെയ്‌തത്‌. ഇങ്ങനെ എടുത്ത കുഴി ശരിക്കും മൂടാതെ ടാർചെയ്തതാണ്‌ ഇപ്പോൾ റോഡ്‌ തകരാൻ കാരണമായിട്ടുള്ളത്‌.