വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി ഭാരത് ധര്‍മ ജനസേനയ്ക്ക് ചിഹ്നമായി കൂപ്പുകൈ ലഭിക്കില്ല

single-img
9 December 2015

vellappally-f

വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി ഭാരത് ധര്‍മ ജനസേന (ബിഡിജെഎസ്)യ്ക്ക് ചിഹ്നമായി കൂപ്പുകൈ ലഭിക്കില്ല. കൂപ്പുകൈ അനുവദിക്കുന്നതിന് ചട്ടപ്രകാരം തടസമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവിലെ ചിഹ്നങ്ങളോട് സാദൃശ്യമുള്ള പുതിയ ചിഹ്നം അനുവദിക്കില്ലെന്നാണ് കമ്മീഷന്‍ അറിയിച്ചത്. പുതിയ ചിഹ്നം വോട്ടര്‍മാര്‍ക്കിടയില്‍ സംശയം ഉളവാക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന 10 ചിഹ്നങ്ങളില്‍ ഒരെണ്ണം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ നിലവില്‍ ഇല്ലാത്തതും മറ്റൊരു പാര്‍ട്ടിയുടെയും ചിഹ്നവുമായി സാദൃശ്യവുമില്ലാത്ത മൂന്ന് ചിഹ്നങ്ങള്‍ നല്‍കി അവയില്‍ നിന്നും ഒരെണ്ണം സ്വീകരിക്കുകയുമാണ് വേണ്ടത്.

പുതിയ ചിഹ്നം ആവശ്യപ്പെട്ടുള്ള അപേക്ഷ ബിഡിജെഎസ് ഇതുവരെ നല്‍കിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്താണ് സാധാരണ പാര്‍ട്ടികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.