പ്രളയത്തെ തോല്‍പ്പിച്ച് കെ.എസ്.ആര്‍.ടി.സി ചെന്നൈയില്‍ നിന്നും നാട്ടിലെത്തിച്ചത് 1,765 പേരെ

single-img
9 December 2015

Chennai Flood KSRTC

നൂറ്റാണ്ടിന്റെ പ്രളയത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ അന്തിച്ചു നിന്നപ്പോള്‍ ആ പ്രളയത്തില്‍ നീന്തി കെ.എസ്.ആര്‍.ടി.സി ചെന്നൈയില്‍ നിന്നും നാട്ടിലെത്തിച്ചത് 1,765 പേരെയാണ്. മൂന്നുദിവസം നടത്തിയ സര്‍വീസുകളിലൂടെയാണ് ഇത്രയധികം ആള്‍ക്കാരെ ഒറ്റയ്ക്ക് കെ.എസ്.ആര്‍.ടി.സി നാട്ടിലെത്തിച്ചത്.

ചൊവ്വാഴ്ച രണ്ടുസര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി. കേരളത്തിലേക്ക് നടത്തിയത്. ഇവരില്‍ ഏറിയപങ്കും വിദ്യാര്‍ഥികളും ചെന്നൈയില്‍ ജോലിനോക്കുന്ന ചെറുപ്പക്കാരുമാണെന്ന് നോര്‍ക്കയുടെ ചെന്നൈയിലെ സ്‌പെഷല്‍ ഓഫീസര്‍ അനു ചാക്കോ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ഇടപെടല്‍ മികവുകൊണ്ടു തന്നെ ചൊവ്വാഴ്ചയായപ്പോഴേക്കും നാടെത്താനുള്ള തിരക്കുകുറഞ്ഞിരുന്നു. ഏറെ നേരം യാത്രക്കാര്‍ക്കുവേണ്ടി കാത്തശേഷമാണ് കെ.എസ്.ആര്‍.ടി.സി.യുടെ അവസാനവണ്ടി കോയമ്പേട് സ്റ്റേഷന്‍ വിട്ടത്.

ഇതിനിടെ കേരളസര്‍ക്കാര്‍ കൊടുത്തയച്ച 21 ടണ്‍ ബ്ലൂച്ചിങ് പൗഡര്‍ ചൊവ്വാഴ്ച ചെന്നൈയില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കൈമാറി. ചെന്നൈയില്‍ ഏറ്റവും അത്യാവശ്യമുള്ള വസ്തുവായി മാറിയിരിക്കുകയാണ് ബ്ലൂച്ചിങ് പൗഡര്‍. പലയിടത്തും മലിനജലം കെട്ടിക്കിടക്കെ പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് ആവശ്യമാണ്. ഒരുകോടി രൂപയുടെ മരുന്നുകള്‍ എത്തിക്കാമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ ബ്ലീച്ചിംഗ് പൗ്ഡര്‍ ആവശ്യപ്പെടുകയായിരുന്നു.

ബുധനാഴ്ച രാവിലെ ഗ്ലൗസുകളും കുറച്ച് അത്യാവശ്യമരുന്നുകളും കേരളസര്‍ക്കാര്‍ ചെന്നൈയില്‍ എത്തിക്കുന്നുണ്ട്. നാട്ടിലേക്ക് പോകുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുന്നതിന് സി.ടി.എം.എ. പ്രസിഡന്റ് എം.എ. സലീമിന്റെ നേതൃത്വത്തില്‍ മലയാളിസംഘടനാപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.