പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അനുബന്ധ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടു കേരളം സമര്‍പ്പിച്ച തീര്‍ത്ഥാടക ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു

single-img
9 December 2015

sree_padmanabhaswamy_templeപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അനുബന്ധ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടു കേരളം സമര്‍പ്പിച്ച തീര്‍ത്ഥാടക ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. പത്മനാഭസ്വാമി ക്ഷേത്ര പരിസരം നവീകരിക്കാന്‍ മാത്രം 84 കോടി രൂപയും ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തോടു ചേര്‍ന്നു ബോട്ട് പവിലിയന്‍ നിര്‍മിക്കാന്‍ 5.4 കോടിയും ശബരിമല നിലയ്ക്കലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പമ്പയാറില്‍ രണ്ടു പാലങ്ങള്‍ നിര്‍മിക്കാനുമായി ആറു കോടി രൂപയും ചെലവഴിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി എ.പി അനില്‍കുമാര്‍ അറിയിച്ചു.

ക്ഷേത്രത്തിനു ചുറ്റുമുള്ള ഇരുപത്തഞ്ചോളം പൈതൃക മന്ദിരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് 5.2 കിലോമീറ്റര്‍ ദൂരത്തില്‍ മനോഹരമായ നടപ്പാത സ്ഥാപിക്കുന്നതാണു പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. ഉല്‍സവ മണ്ഡപം, സ്വാതി തിരുനാള്‍ മ്യൂസിയം തുടങ്ങിയ മന്ദിരങ്ങളെ കോര്‍ത്തിണക്കിയാണ് ഈ ഹെറിറ്റേജ് വോക്ക് വേ വരുന്നത്. പദ്ധതിയുടെ ഭാഗമായി പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തിന്റെ തനിമയും പൈതൃകവും അതേപടി നിലനിര്‍ത്തിയുള്ള നവീകരണമാണു ലക്ഷ്യമിടുന്നത്.

ബയോ ടോയ്‌ലറ്റ് ബ്ലോക്ക്, കുടിവെള്ള വിതരണ ശൃംഖല, ബാത്തിങ് കോംപ്ലക്‌സ്, ടൂറിസ്റ്റ് അറൈവല്‍ സെന്റര്‍, 3ഡി ഡിജിറ്റല്‍ മ്യൂസിയം, 2ഡി വിഡിയോ മ്യൂസിയം, ഓഡിയോ മ്യൂസിയം എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ക്ലോക്ക് റൂം തുടങ്ങിയവയും നിര്‍മിക്കും. ഓരോ മന്ദിരത്തിലും പൈതൃകവും ചരിത്രവും വിശദീകരിക്കുന്ന ബോര്‍ഡുകളും സ്ഥാപിക്കും. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളും ഈ തുക ഉപയോഗിച്ചു നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ ക്ഷേത്രത്തിന്റെ മനോഹാരിതയ്ക്കു കോട്ടം വരുത്തുന്ന തരത്തില്‍ ഇപ്പോള്‍ തലങ്ങും വിലങ്ങും വലിച്ചിരിക്കുന്ന വൈദ്യുതി കേബിളുകള്‍ അടക്കം മാറ്റി പകരം ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കും. സോളര്‍ പവര്‍ സ്റ്റേഷന്‍, സുരക്ഷാ ക്യാമറ ശൃംഖല, കവാടങ്ങളുടെ നവീകരണം എന്നിവയും പദ്ധതിയിലുണ്ട്. കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ നല്‍കിയ പദ്ധതി രേഖയാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.