വോൾവൊയുടെ സ്വയം നിയന്ത്രിത ലക്ഷ്വറി കാർ; കൺസപ്റ്റ് 26

single-img
9 December 2015

volvoവാഹനലോകത്ത് എന്നും പുതുമകൾ അവതരിപ്പിച്ചിട്ടുള്ള നിർമ്മാതാക്കളാണ് വോൾവൊ. ആഡംബരത്തിനോടൊപ്പം സുരക്ഷയ്ക്കും പ്രായോഗികതയ്ക്കും മുൻഗണന കൊടുക്കുന്നുണ്ട് അവർ. നാം ഇന്നത്തെ വാഹനങ്ങളിൽ കാണുന്ന മുന്തിയ സുരക്ഷാ സംവിധാനങ്ങളായ എയർ ബാഗ്, പാർക്കിങ് സെൻസർ, റഡാർ സംവിധാനം തുടങ്ങിയ മിക്യതും തന്നെ ആദ്യമായി പരീക്ഷിക്കുന്നത് വോൾവൊയാണ്. ഇപ്പോൾ സ്വയം നിയന്ത്രിത വാഹനങ്ങൾ നിർമ്മിച്ച് വാഹനലോകത്ത് പുതിയൊരു മാറ്റം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഈ സ്വീഡിഷ് വാഹനനിർമ്മാതാക്കൾ.

ഇനി വരാനിരിക്കുന്നത് സ്വയം നിയന്ത്രിത കാറുകളുടെ കാലമാണ്. വോൾവൊ കൂടാതെ പ്രമുഖ വാഹൻ നിർമ്മാതാക്കളായ മേഴ്സീഡീസ് ബെൻസും ബിഎംഡബ്ല്യൂവും ടെസ്ലയുമൊക്കെ ഈ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സ്വയം നിയന്ത്രിത കാറുകളുടെ പുതുയുഗം യാഥാർഥ്യമാക്കാനുള്ള പദ്ധതികളും പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. ഇനി ഭാവിയിൽ കാർ വാങ്ങുമ്പോൾ പെട്രോൾ വേണോ ഡീസൽ വേണോയെന്ന് ചിന്തിക്കുന്നതിന് തുല്യമായി അധികം വൈകാതെ തന്നെ സാധാരണ കാർ വേണോ സ്വയം നിയന്ത്രിത കാർ വേണോയെന്ന് തീരുമാനമെടുക്കേണ്ടി വരും.

വോൾവൊയുടെ കൺസപ്റ്റ് 26 എന്ന ആഡംബര കാറാണ് സ്വയം നിയന്ത്രിക്കുന്ന (ഓട്ടോണൊമസ്) വാഹനമായി അവർ വികസിപ്പിക്കുന്നത്. ഒട്ടേറെ ഗവേഷണങ്ങൾക്കൊടുവിലാണ് ദൈനംദിന ജീവിത ആവശ്യങ്ങൾക്ക് യോജിക്കുംവിധം കൺസപ്റ്റ് 26  രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉൾവശത്തെ സവിശേഷ രൂപകൽപ്പനയും നൂതന സാങ്കേതിക സംവിധാനങ്ങളുമാണ് ലക്ഷ്വറി ഓട്ടോണൊമസ് കാറായ വോൾവോ കൺസപ്റ്റ് 26 നെ വ്യത്യസ്തമാക്കുന്നത്.
volvo1
ഡ്രൈവിംഗ് സ്വതന്ത്രവും രസകരവുമാക്കുവാനുള്ള മാർഗ്ഗമാണ് വോൾവൊ കണ്‍സപ്റ്റ് 26 വാഗ്ദാനം ചെയ്യുന്നത്. മെട്രൊ നഗരങ്ങളിലെ ഡ്രൈവിംഗ് സമ്മർദ്ദവും വിരക്തിയും സൃഷ്ടിക്കുന്നതാണ്. എന്നാൽ ഇതിനുള്ള പരിഹാരമാണ് ഓട്ടോണമസ് ഡ്രൈവിംഗ് – വോൾവൊ മോണിറ്ററിഗ് ആൻഡ് കൺസെപ്റ്റ് സെന്റെർ  ജനറൽ മാനേജർ ആൻഡേഴ്‌സ് ടൈൽമെൻ-മിക്കിവിക്ക്‌സ് പറയുന്നു.

ഡാഷ് ബോർഡിൽ നിന്ന് പുറത്തേക്കുവരുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന 25 ഇഞ്ച് ഫ്ലാറ്റ് ടച്ച് സ്‌ക്രീൻ മോണിറ്റർ, സെൻട്രൽ കൺസോളിൽ ഒരുക്കിയിട്ടുള്ള ടാബ്‌ലെറ്റ് ഇന്റർഫേസ്, ഉള്ളിലേക്ക് മടക്കിവയ്ക്കുവാൻ കഴിയുന്ന ഡ്രൈവർ ഡോറിലെ ട്രേ ടേബിൾ തുടങ്ങിയവയാണ് ഇന്റീരിയറിലെ ആകർഷണങ്ങൾ.

വോൾവൊ കണ്‍സപ്റ്റ് 26ൽ ഡ്രൈവ്, ക്രിയേറ്റ്, റിലാക്‌സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളുമുണ്ട്. ഡ്രൈവ് മോഡ് പേരുപോലെ തന്നെ സുഖകരമായ ഡ്രൈവിംഗ് അനുഭവം തരുമ്പോൾ ശാന്തമായ വിനോദവേളയാണ് ക്രിയേറ്റ് മോഡ് നൽകുന്നത്. അതിൽ സിനിമ കാണുകയോ ഇന്റർനെറ്റിലേക്ക് കടക്കുകയോ ചെയ്യാം, വാഹനം ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി എത്തും. ഇനി റിലാക്‌സ് മോഡാണെങ്കിൽ സുഖ നിദ്ര തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ലക്ഷ്യത്തിലെത്തുക മാത്രമല്ല യാത്രികനെ ക്രിത്യസമയത്ത് വാഹനം വിളിച്ചുണർത്തുകയും ചെയ്യും. ത്രീ-ഡി റഡാർ സംവിധാനത്തിലൂടെ കൃത്യമായ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കുന്നു. സ്വയം നിയന്ത്രിത കാറുകളിൽ അപകട സാധ്യതകൾ കുറവായിരിക്കും എന്നതാണ് പ്രധാനകാര്യം.