ഐഫ്എഫ്‌കെയുടെ സ്വന്തം അശോകേട്ടന്‍ എന്ന അഷ്‌റഫ്

single-img
9 December 2015

ashokതിരുവനന്തപുരം: ഐഎഫ്എഫ്‌കെ എന്നു പറഞ്ഞാല്‍ അഷ്‌റഫ് പാലമലയുടെ  കൈവെള്ളയിലിരിക്കും. മേളയുടെ സംഘാടകനൊന്നുമല്ല, പ്രതിനിധിയുമല്ല അഷ്‌റഫ്. പക്ഷേ മേളയിലെ പല പ്രതിനിധികള്‍ക്കും വിഐപികള്‍ക്കും ആള്‍ സുപരിചിതനാണ്. അവരെയും കൂട്ടി ധാരാളം യാത്ര ചെയ്തിട്ടുമുണ്ട്.

കേരള രാജ്യാന്തര ചലച്ചിമേളയില്‍ 13 വര്‍ഷമായി ഈ ആറ്റിങ്ങല്‍ സ്വദേശി ഔദ്യോഗിക ഓട്ടോ ഡ്രൈവറാണ്. അതല്ല അഷ്‌റഫിനെ വ്യത്യസ്തനാക്കുന്നത്. കക്ഷി ഒരു നടന്‍ കൂടിയാണ്. നടനായിട്ട് ഓട്ടോഡ്രൈവറായെന്നു പറയുന്നതായിരിക്കും ശരി. മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ ചെയ്തതായി അഷ്‌റഫ് അവകാശപ്പെടുന്നില്ലെങ്കിലും സിനിമാ പ്രേക്ഷകന് എന്നും ഓര്‍ക്കാന്‍ ചില നിമിഷങ്ങള്‍ കക്ഷി ചെയ്തിട്ടുണ്ട്. നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും ഗള്‍ഫ് യാത്രയിലെ ജീവിക്കുന്ന കഥാപാത്രമാണ് അഷ്‌റഫ്.

ചലച്ചിത്രമേളയില്‍ അഷ്‌റഫിന്റെ അരങ്ങേറ്റം 2002ലായിരുന്നു. കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് കൗതുകം പകരും. പക്ഷേ അത്തരം പല കൗതുകങ്ങള്‍ നിറഞ്ഞതാണ് അഷ്‌റഫിന്റെ ജീവിതം.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എട്ടു വയസ് മാത്രം പ്രായമുണ്ടായിരുന്ന അഷ്‌റഫ് മദ്രാസിലേക്ക് കള്ളവണ്ടി കയറി. സിനിമാഭ്രാന്തായിരുന്നു കാരണം. സിനിമാ ലോകത്തു അഷ്‌റഫെന്നു പറഞ്ഞാല്‍ പലര്‍ക്കുമറിയില്ല. ‘കൊച്ചശോകേട്ടന്‍’ എന്നു തന്നെ പറയണം. ‘ബോബനും മോളിയും’ എന്ന സിനിമയില്‍ ബാലനടനായി ചെയ്ത വേഷമായ മൊട്ട അശോകനില്‍ നിന്നാണ് ഈ പേരിന്റെ വരവ്. അഭിനയത്തെക്കുറിച്ച് വീട്ടുകാരും നാട്ടുകാരും അറിയുന്നത് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം അഷ്‌റഫ് നാട്ടിലേക്ക് മടങ്ങി വരുമ്പോള്‍ മാത്രമാണ്.

ജോണ്‍ എബ്രഹാമിന്റെ ‘വിദ്യാര്‍ത്ഥികളേ ഇതിലേ’ എന്ന സിനിമയിലും ബാലതാരമായി അഭിനയിച്ചു. ബാല്യം കഴിഞ്ഞപ്പോള്‍ പിന്നെയും ജീവിതം സെറ്റിലേക്കു നീങ്ങി. രംഗ സജ്ജീകരണം, ക്ലാപ്‌ബോയ് തുടങ്ങി പല വേഷങ്ങളും ക്യാമറയ്ക്കുപിന്നില്‍ അണിഞ്ഞു.

1979 ലെ ഗള്‍ഫ് മോഹം ഒരു അബദ്ധത്തില്‍ ചാടിച്ചു. അഷ്‌റഫടങ്ങുന്ന പതിനൊന്നംഗസംഘത്തെ  തമിഴ്‌നാടു തീരത്തെത്തിച്ച് ഗള്‍ഫാണെന്നു പറഞ്ഞ് ഒരു ഏജന്‍സി പറ്റിച്ചു.ഈ കഥ മദ്രാസിലെങ്ങും പാട്ടായി. അങ്ങനെയാണ് ‘നാടോടിക്കാറ്റ് ‘ എന്ന എക്കാലത്തെയും മലയാള ഹിറ്റുകളിലൊന്നിന്റെ പിറവി.

ചില പ്രമുഖ കലാകാര•ാരെ അഭ്രപാളിയിലെത്തിച്ചതില്‍ ഒരു പങ്ക് അശോകേട്ടനുണ്ട് എന്ന് അഭിമാനത്തോടെ അഷ്‌റഫ് പറയുന്നു. ഇന്ന് സിനിമക്കാരെ അഷ്‌റഫ് ചലച്ചിത്രമേളയുടെ വേദികളിലെത്തിക്കുന്നത് അതിലും വലിയ കൗതുകകഥ. മലയാളസിനിമയിലെ സാങ്കേതികവിദഗ്ധരുടെ സംഘടനയായ മാക്ടയിലെ പത്താമത്തെ അംഗമാണ് അദ്ദേഹം. സിനിമാ പെന്‍ഷനും ലഭിക്കുന്നുണ്ട്.

ഈ 62 കാരന്‍ ഐഎഫ്എഫ്‌കെയില്‍ മുടങ്ങാതെ എത്തുന്നതിനു പിന്നില്‍ തൊഴില്‍ എന്നതിനു പുറമേ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. മദ്രാസില്‍ കണ്ടുമറന്ന പല പഴയബന്ധങ്ങളുടെ ഓര്‍മ പുതുക്കണം. ജീവിച്ചിരിപ്പുണ്ടെന്ന് അവരൊക്കെയൊന്നറിയട്ടെ എന്നും പറഞ്ഞ് അഷ്‌റഫ് വീണ്ടും തിരക്കിനിടയിലേക്ക് മറഞ്ഞു. ഇപ്പോഴത്തെ സിനിമാലോകത്തിന്റെ കോട്ടമായി അഷ്‌റഫ് ചൂണ്ടിക്കാണിക്കുന്നതും നഷ്ടപ്പെടുന്ന ഈ ബന്ധങ്ങളെയാണ്.