മറ്റു സംസ്ഥാനങ്ങളെ അമ്പരപ്പിച്ച് ചെന്നൈയില്‍ പറന്നിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയ കെ.എസ്.ആര്‍.ടി.സിയെ വാനോളം പുകഴ്ത്തി തമിഴ് മാധ്യമങ്ങള്‍

single-img
8 December 2015

KSRTC Chennai

ചെന്നൈയില്‍ നൂറ്റാണ്ടിന്റെ പ്രളയത്തില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ സൗജന്യ ബസ് സര്‍വീസ് നടത്തിയ കേരള സര്‍ക്കാരിനു തമിഴ് മാധ്യമങ്ങളുടെ നിലയ്ക്കാത്ത പ്രശംസ. മറ്റു സംസ്ഥാനക്കാര്‍ തലയെണ്ണി കാശുവാങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴാണ് തികച്ചും സൗജന്യമായി കെ.എസ്.ആര്‍.ടി.സി ചെന്നൈയിലെത്തിയത്.

ഇന്നലെവരെ 32 സര്‍വീസാണ് കെഎസ്ആര്‍ടിസി കേരളത്തിലെ വിവിധ ഡിപ്പോകളില്‍നിന്നു ചെന്നൈയിലേക്കു നടത്തിയത്. ചെന്നൈയില്‍നിന്നു നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു സൗജന്യ യാത്രയ്ക്കു പുറമേ ശുദ്ധജലവും ബിസ്‌കറ്റും പഴവുമുള്‍പ്പെടെ ഭക്ഷണ സാധനങ്ങളും ലഭ്യമാക്കിയാണ് കെ.എസ്.ആര്‍.ടി.സി തങ്ങളുടെ സേവനം ഫലപ്രാപ്തിയില്‍ എത്തിക്കുന്നത്. ദിനമലര്‍ ഉള്‍പ്പെടെ പ്രമുഖ തമിഴ് പത്രങ്ങള്‍ കേരളത്തിന്റെ നടപടിയെ സ്വാഗതം ചെയ്തു വാര്‍ത്തകള്‍ നലകിയിട്ടുണ്ട്. ബസുകളില്‍ കേരള മുഖ്യമന്ത്രിയുടെ സ്റ്റിക്കര്‍ പതിച്ചിട്ടില്ലെന്നതും വാര്‍ത്തയില്‍ എടുത്തു പറയുന്നുണ്ട്.

ഇന്നലെവരെ 1600ല്‍ അധികംപേര്‍ ഈ ബസുകളില്‍ നാട്ടിലേക്കു മടങ്ങിയതായാണു കണക്ക്. ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത വാര്‍ത്തയ്ക്കു താഴെ ഒട്ടേറെപേര്‍ മാനുഷിക മൂല്യങ്ങള്‍ക്കു പരിഗണന നല്‍കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണമെന്നു പലരും ചൂണ്ടിക്കാട്ടി. കേരളത്തില്‍നിന്നു ചെന്നൈയിലേക്കു കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്തതിനാല്‍ ആദ്യമായാണ് ഈ ബസുകള്‍ ചെന്നൈയിലെത്തിയതും. ചുവപ്പും മഞ്ഞയും നിറത്തിലുള്ള ബസുകള്‍ ചെന്നൈ നഗരത്തിന് പുതു കാഴ്ചയുമായിരുന്നു.

സൗജന്യ സര്‍വീസായതിനാല്‍ ഡീസലടിക്കാന്‍ 6000 രൂപ വീതം നല്‍കിയാണ് കെ.എസ്.ആര്‍.ടി.സി ഒരോ ബസും ട്രിപ്പിന് അയയ്ക്കുന്നത്. ഓരോ ബസിലും രണ്ടു വീതം ഡ്രൈവര്‍മാരുണ്ട്. കോയമ്പേട് ബസ് ടെര്‍മിനലില്‍ ബസ് ബേ നാലില്‍നിന്നാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരെ സഹായിക്കാനായി കോയമ്പേട് ബസ് ടെര്‍മിനലില്‍ നോര്‍ക്ക കൗണ്ടറും തുറന്നിട്ടുണ്ട്.