ഐ.പി.എലിൽ പുതിയ രണ്ട് ടീമുകൾ: പുണെയും രാജ്‌കോട്ടും

single-img
8 December 2015

iplന്യൂഡൽഹി: ഐപിഎല്ലിൽ വാതുവെപ്പിനെ തുടർന്ന് സസ്‌പെൻഷനിലായ ചെന്നൈ സൂപ്പർ കിങ്‌സിനും രാജസ്ഥാൻ റോയൽസിനും പകരമായി പുതിയ രണ്ട് ടീമുകൾ. പുണെയും രാജ്‌കോട്ടുമാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസണിലെ പുതിയ ടീമുകൾ. ജസ്റ്റിസ് ആർ.എൽ. ലോധയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടു വർഷത്തേയ്ക്കാണ് മുൻ ചാമ്പ്യന്മാർ കൂടിയായ ചെന്നൈയെയും രാജസ്ഥാനെയും സസ്‌പെന്‍ഡ് ചെയ്തത്.

പുണെ ടീമിനെ സഞ്ജീവ് ഗോയങ്ക 16 കോടിക്കും രാജ്‌കോട്ട് ടീമിനെ ഇന്റക്‌സ് മൊബൈൽ 10 കോടിക്കുമാണ് ലേലത്തിൽ പിടിച്ചത്. ന്യൂ റൈസിങ് എന്ന കമ്പനിയുടെ പേരിലാണ് സഞ്ജീവ് ഗോയങ്ക ടീം ലേലത്തിൽ പിടിച്ചത്. എന്നാൽ ടീമുകളുടെ ഹോം ഗ്രൗണ്ട് എതായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. പുണെ, റാഞ്ചി, ചെന്നൈ, ധർമശാല, നാഗ്പുർ, അഹമമ്മദാബാദ്, വിശാഖപട്ടണം, ഇൻഡോർ തുടങ്ങിയ വേദികളാണ് സജീവ പരിഗണനയിലുള്ളത്.

സ്റ്റാർ ഇന്ത്യ, വൊഡാഫോൺ, ചെട്ടിനാട് സിമന്റ്, വീഡിയോകോൺ, ഹർഷ് ഗോയങ്കയുടെ ആർ.പി.ജി ഗ്രൂപ്പ്, എൻ.ഡി.ടി.വി, സെറ്റ് മാക്‌സ്, ഐ.എൽ. ആൻഡ് എഫ്.എസ്, വാധ്വ ഗ്രൂപ്പ്, സൈക്കിൾ അഗർബത്തി എന്നിവയടക്കം മൊത്തം 22 കമ്പനികളായിരുന്നു ലേലത്തിൽ പങ്കെടുത്തത്.

പുതിയ ഫ്രാഞ്ചൈസികൾക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ട് ടീമുകളിലെ താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാനാവും. ഇവരടക്കം മൊത്തം 50 കളിക്കാരുടെ ഒരു പൂൾ തയ്യാറാക്കിയിട്ടുണ്ട്. എം.എസ്. ധോനി, സുരേഷ് റെയ്‌ന, ഡു പ്ലെസ്സി, ബ്രണ്ടൻ മെക്കല്ലം, മൈക്ക് ഹസ്സി, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ഡ്വെയ്ൻ സ്മിത്ത്, കൈൽ അബ്ബോട്ട്, ആർ. അശ്വിൻ, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, കരുൺ നായർ, അഭിഷേക് നായർ, ഷെയ്ൻ വാട്‌സൺ, ജെയിംസ് ഫോക്‌നർ, സ്റ്റുവർട്ട് ബിന്നി, സഞ്ജു സാംസണ്‍, ടിം സൗത്തി തുടങ്ങിയ പ്രമുഖ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ലേലത്തിന് ഒരുങ്ങിനിൽപ്പുണ്ട്. ഡിസംബർ പതിനഞ്ചിനാണ് താരലേലം.

അതേസമയം കൊച്ചി ടസ്‌ക്കേഴ്‌സിന് പകരം പുതിയ ടീം ലഭിക്കുമെന്ന് കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കൊച്ചിയെയും ജയ്പുരിനെയും ലേലത്തിൽ നിന്ന് ഒഴിവാക്കാൻ ഐ.പി.എൽ ഗവേണിങ് ബോഡി നേരത്തെ തീരുമാനിച്ചിരുന്നു.