വിഖ്യാതമായ ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറിയിലെ തെറ്റ് കണ്ടുപിടിച്ച് തിരുത്തിച്ച് ഒരു മലയാളി

single-img
8 December 2015

9780198614371

ലോകപ്രശസ്തമായ ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറിയിലെ തെറ്റ് കണ്ടുപിടിച്ച് തിരുത്തിച്ച് ഒരു മലയാളി. മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുന്നൂര്‍ ഹുദവിയാണ് ആധികാരികതക്കും സൂക്ഷ്മതക്കും പേരുകേട്ട ഓക്‌സ്‌ഫോഡ് പ്രസ്സിന്റെ തെറ്റ് കണ്ടെത്തിയത്. തെറ്റ് അറിയിച്ചുകൊണ്ടുള്ള അബ്ദുന്നൂര്‍ അബ്ദുന്നൂര്‍ ഹുദവിയുടെ ഇമെയ്‌ലിനെ തുടര്‍ന്ന് ഓക്‌സ്‌ഫോഡ് അധികൃതര്‍ തെറ്റ് തിരുത്തുകയും അക്കാര്യം മറുപടി മെയില്‍ വഴി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.

ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ അബ്ദുന്നൂര്‍ ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കുകയും ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.ജിയും ബി.എഡും നേടുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഉച്ചാരണം സംബന്ധിച്ചുള്ള ‘ടിപ്‌സ് ഓണ്‍ ഇംഗ്ലീഷ് പ്രൊനന്‍സിയേഷന്‍’ എന്ന പുസ്തകം തയാറാക്കുന്നതിനിടയിലാണ് ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറി എട്ടാം എഡിഷന്‍ സോഫ്റ്റ്‌വെയറിലെ ആറ് തെറ്റുകള്‍ അബ്ദുന്നൂറിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഡിമോന്‍സ്ട്രബ്ള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്ലിസ്റ്റര്‍, സാറ്റ്, വാള്‍ട്‌സ് തുടങ്ങിയ പദങ്ങളുടെ ഉച്ചാരണമാണ് സോഫ്റ്റ്‌വെയറില്‍ ഓക്‌സ്‌ഫോര്‍ഡ് അധികൃതര്‍ തെറ്റായി ഉള്‍ക്കൊള്ളിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓക്‌സ്‌ഫോഡ് പ്രസ്സിന് ഇമെയില്‍ അയക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരിശോധനയില്‍ അബ്ദുന്നൂര്‍ കണ്ടെത്തിയ തെറ്റുകള്‍ അംഗീകരിച്ച അധികൃതര്‍ മറുപടി അയക്കുകയും ചെയ്തു. ഓക്‌സ്‌ഫോര്‍ഡിന്റെ പുതിയ പതിപ്പില്‍ തെറ്റ് തിരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.