ഭാരത് ധര്‍മ ജനസേന (ബി.ഡി.ജെ.എസ്) പാര്‍ട്ടിയുടെ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയായേക്കും; ബിജെപിയും കേരളാ കോണ്‍ഗ്രസ്സ് (എം) മായി സഖ്യത്തിനും സാധ്യത

single-img
7 December 2015

vellappally-with-son

പത്തനംതിട്ട : എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ച ഭാരത് ധര്‍മ ജനസേന (ബി.ഡി.ജെ.എസ്) പാര്‍ട്ടിയുടെ പ്രഥമ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയായേക്കും. ബി.ഡി.ജെ.എസ്, കേരളാ കോണ്‍ഗ്രസ്(എം)മും ബി.ജെ.പിയുമായി ചേര്‍ന്ന് സഖ്യത്തിനും സാധ്യത തെളിയുന്നുണ്ട്. കത്തോലിക്കാസഭയുടെ മൗനാനുവാദം ലഭിച്ചാല്‍ സഖ്യം നിലവില്‍ വരുമെന്നാണു സൂചന.

കത്തോലിക്കാ സഭാ നേതൃത്വം ബി.ജെ.പിയോട് അകലം പാലിച്ചാണ് നില്‍ക്കുന്നത്. ഇതാണു കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസ്(എം) ഗ്രൂപ്പിന് ബി.ജെ.പിയുമായി ലയനത്തിനുള്ള തടസവും. ബി.ജെ.പി. സഖ്യമുണ്ടാകുന്നതിന് മുന്നോടിയായി കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ജോയ് ഏബ്രഹാമിനെ കേന്ദ്രമന്ത്രിയാക്കുമെന്നും ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കി പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. സമത്വമുന്നേറ്റ യാത്രയില്‍ ഒരിടത്തും കെ.എം. മാണിയെ കുറ്റപ്പെടുത്താന്‍ വെള്ളാപ്പള്ളി തയാറായില്ല. മാത്രമല്ല, അദ്ദേഹത്തെ വെള്ളപൂശാനും ശ്രമിച്ചു. ബിജു രമേശ് തന്റെ ബദ്ധശത്രുവാണെന്നതും മാണിയെ പിന്തുണയ്ക്കാന്‍ വെള്ളാപ്പള്ളിയ്ക്കുളള കാരണമായി. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ വെള്ളാപ്പള്ളി പദ്ധതിയിടുന്ന രാഷ്ട്രീയ തന്ത്രം എന്താണെന്ന് മനസ്സിലാകും. ഇപ്പോള്‍ കത്തോലിക്ക സഭാ നേതൃത്വം മാത്രമാണ് തടസ്സം നില്‍ക്കുന്നത്.

അവിടത്തെ അനുമതി കൂടി കിട്ടിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ മുന്നണി നിലവില്‍ വരും.
14 ന് ആര്‍. ശങ്കര്‍ പ്രതിമാ അനാഛാദനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി, വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനം നടത്തും. അതിലൊന്നു ശബരിമലയ്ക്കുള്ള ദേശീയ തീര്‍ഥാടനകേന്ദ്ര പദവിയും മറ്റൊന്നു പാവപ്പെട്ട ജനങ്ങള്‍ക്കുള്ള പ്രത്യേക സാമ്പത്തിക പാക്കേജുമാണ്. ജാതിമത വ്യത്യാസമില്ലാതെ ഭൂരഹിതര്‍ക്കും ദരിദ്രര്‍ക്കുമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ നേരത്തേ പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു.

ബി.ഡി.ജെ.എസിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടേയുള്ളൂ. അത് ലഭിച്ചതിന് ശേഷമേ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ കഴിയൂ. ‘കൂപ്പുകൈ’ തന്നെയാണ് തെരഞ്ഞെടുപ്പ് ചിഹ്‌നമായി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തു പ്രതിസന്ധി വന്നാലും ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ള സമുദായ സംഘടനകള്‍ക്ക് മാത്രമേ നേതൃസ്ഥാനം കൊടുക്കുകയുള്ളൂ. മറ്റുളളവരുടെ പ്രവര്‍ത്തനം നിരീക്ഷിച്ചാകും നേതൃസ്ഥാനങ്ങളിലേക്ക് പരിഗണിക്കുക. എസ്.എന്‍.ഡി.പിക്ക് പുറമേ യോഗക്ഷേമസഭ, കെ.പി.എം.എസ്, കെ.എസ്.എസ്, പാണര്‍ സമാജം, പട്ടികജാതി/വര്‍ഗ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയ്ക്ക് തുടക്കത്തില്‍ പ്രാതിനിധ്യമുണ്ടാകും. 14 ജില്ലകളിലേക്കുമുള്ള പ്രസിഡന്റുമാരെ വിവിധ സമുദായങ്ങളുടെ ശക്തിക്കനുസരിച്ചു നിയമിക്കും.

എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി ബി.ഡി.ജെ.എസിന്റെ പ്രസിഡന്റാകുമ്പോള്‍ യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരി, കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.എന്‍. നീലകണ്ഠന്‍, ജനറല്‍ സെക്രട്ടറി ടി.വി. ബാബു എന്നിവര്‍ തലപ്പത്തുണ്ടാകും. പാര്‍ട്ടിയുടെ ബൈലോ അനുസരിച്ച് പ്രസിഡന്റിനാണ് അധികാരം കൂടുതല്‍. എന്തായാലും മകനെ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണ് വെള്ളാപ്പള്ളി നടേശന്റെ ലക്ഷ്യമെന്നത് ഉറപ്പിക്കാം.