കിണറ്റില്‍ വീണ കൂട്ടുകാരന്റെ ജീവന്‍ രക്ഷിച്ച് ആറുവയസ്സുകാരന്‍

single-img
7 December 2015

Sreyas

കോഴിക്കോട്: ചെരുപ്പെടുക്കാനുള്ള ശ്രമത്തിനിടെ പൊട്ടകിണറ്റിലേക്ക് വഴുതി വീണ കുട്ടിയെ രക്ഷിച്ച് ആറുവയസുകാരന്‍ സഹപാഠിയുടെ വീരോചിത ഇടപെടല്‍. കോഴിക്കോട്, കല്ലായി കട്ടയാട്ടുപറമ്പ് തയ്യില്‍ വീട്ടില്‍ നിവേദിനെയാണു കളിക്കൂട്ടുകാരനും സഹപാഠിയുമായ ശ്രേയസ് ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്. അയല്‍വാസികളായ ഇരുവരും പന്നിയങ്കര എന്‍.എസ്.എസ്.എല്‍.പി. സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ്.

കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂള്‍ വിട്ടുവന്നശേഷം വൈകിട്ട് അഞ്ചരയോടെ വീടിനു സമീപം കളിക്കുന്നതിനിടെയാണു നിവേദ് ഉപയോഗശൂന്യമായ കിണറ്റില്‍ അകപ്പെട്ടത്. കിണറ്റില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. നിവേദ് മുങ്ങിപ്പൊങ്ങുന്നതു കണ്ടിട്ടും മനഃസാന്നിധ്യം നഷ്ടമാകാതെ ശ്രേയസ്, വെള്ളം കോരുന്ന തൊട്ടിയുടെ കയര്‍ കിണറ്റിലേക്കിട്ടു. കയറില്‍ കയറിപ്പിടിച്ച നിവേദിനെ വലിച്ചുകയറ്റുകയും ചെയ്തു.

കുട്ടികളുടെ വീട്ടുകാരോ അയല്‍ക്കാരോ സംഭവങ്ങളൊന്നും അറിഞ്ഞതേയില്ല. നിവേദിനെ കരയ്ക്കു കയറ്റിയതിനുശേഷമാണ് ഇരുവരും ചേര്‍ന്ന് അടുത്ത വീട്ടുകാരെ വിവരമറിയിച്ചത്.

കണിച്ചോട്ട് ബിജുവിന്റെയും മിനിലയുടെയും മകനാണു ശ്രേയസ്. ബാല്‍ ഫാര്‍മ റീജണല്‍ മാനേജര്‍ വി.പി. സജിത്ത്‌ലാലിന്റെയും ഹയര്‍ സെക്കന്‍ഡറി അധ്യാപിക ടി. റാണിചന്ദ്രയുടെയും രണ്ടാമത്തെ മകനാണു നിവേദ്. ജീവന്‍ നഷ്ടപ്പെടാമായിരുന്ന അപകടത്തെ മനഃസാന്നിധ്യം കൊണ്ടു നേരിട്ട ശ്രേയസിനെയും നിവേദിനെയും തിങ്കളാഴ്ച സ്‌കൂള്‍ അസ്സംബ്ലിയില്‍ വിളിച്ച് ആദരിച്ചു.