പ്രമുഖ വ്യവസായ ഗ്രൂപ്പായ ശോഭാ സിറ്റി നികത്തിയ 19 ഏക്കര്‍ നെല്‍വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവ്

single-img
5 December 2015

Sobha

പ്രമുഖ വ്യവസായി പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ സിറ്റി നികത്തിയ 19 ഏക്കര്‍ നെല്‍വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ ഉത്തരവ്. വയല്‍ നികത്തുന്നത് തടഞ്ഞ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ശോഭാ സിറ്റി അധികൃതര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിയാണ് ടൗണ്‍ഷിപ്പിനായി നികത്തിയ 19 ഏക്കര്‍ നെല്‍വയലും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് അഗ്രി. പ്രൊഡക്ഷന്‍ കമ്മിഷണര്‍ സുബ്രത ബിശ്വാസ് ഉത്തരവിട്ടത്.

ശോഭാ സിറ്റിയുടെ തൃശൂര്‍കുറ്റിപ്പുറം ദേശീയ പാതയോരത്ത് പുഴക്കലിലുള്ള 19 ഏക്കര്‍ അനധികൃത വയല്‍ നികത്തലിനെതിരെ തൃശൂര്‍ മുന്‍ ജില്ലാപഞ്ചാത്തംഗം അഡ്വ. വിദ്യ സംഗീത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇവിടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോടതി സ്‌റ്റേ ചെയ്യുകയും വയല്‍ നികത്തല്‍ തടയാന്‍ എന്ത് നടപടി എടുത്തുവെന്ന് ജില്ലാ കളക്ടറോട് ആരായുകയും ചെയ്തിരുന്നു. കോടതിയ്ക്ക് വിശദീകരണം നല്‍കേണ്ടതിനാല്‍ അന്നത്തെ ജില്ലാ കളക്ടറായിരുന്ന എംഎസ് ജയയാണ് നികത്തിയ വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടത്.

എന്നാല്‍ ഇതിനെതിരെ അഗ്രികള്‍ച്ചറല്‍ പ്രൗഡക്ഷന്‍ കമ്മിഷണര്‍ക്ക് അപ്പീല്‍ നല്‍കുകയായിരുന്നു. ഈ ഹര്‍ജി തള്ളിയതായും നികത്തിയ 19 ഏക്കര്‍ വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടതായും വിവരവാകശാ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ പറയുന്നു. ശോഭാസിറ്റി നില്‍വില്‍വന്നതോടെ, പരിസര പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നതായും പരാതിയുണ്ട്.