എസ്.എന്‍ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പേര് തീരുമാനിച്ചു

single-img
4 December 2015

vellappally-with-son

ഭാരത് ധര്‍മ്മ ജനസേവാ പാര്‍ട്ടി- എസ്.എന്‍ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പേര് തീരുമാനിച്ചതായി സൂചന. അന്‍പതുപേര്‍ ചേര്‍ന്നാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമത്വ മുന്നേറ്റ യാത്ര തിരുവനന്തപുരം ശംഖുമുഖത്ത് സമാപിക്കുമ്പോഴാകും പുതിയ പാര്‍ട്ടിയുടെ പേര് ഔപചാരികമായി പ്രഖ്യാപിക്കുമെന്നാണ് കിട്ടിയിട്ടുള്ള വിവരം.

എന്നാല്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ ഘടകക്ഷിയാകുമെന്നാണ് മംഗളം റിപ്പോര്‍ട്ട് ശചയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസിലെ പ്രധാന ഗ്രൂപ്പിന്റെ പ്രമുഖനും മുന്‍ ദേവസ്വം ബോര്‍ഡ് മെംബറുമായ നേതാവുമായി വെള്ളാപ്പള്ളി ചര്‍ച്ച നടത്തിയെന്നും മംഗളംറിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുചേര്‍ന്ന് സമത്വ മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചുവെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ മുന്നണിയ്ക്ക് കഴിയാത്ത സാഹചര്യത്തിലാണ് യു.ഡി.എഫിലേയ്ക്കുള്ള രംഗപ്രവേശം ചര്‍ച്ചയായതെന്നാണ് വിവരം. നേരത്തെ എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എസ്.ആര്‍.പി ദീര്‍ഘകാലം യു.ഡി.എഫിന്റെ ഭാഗമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.