ഇന്ത്യപാക് യുദ്ധത്തില്‍ ധീരതയോടെ പോരാടിയ മലയാളി നാവികസേന ഉദ്യോഗസ്ഥന് ബംഗ്ലാദേശ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രത്യേക ക്ഷണം

single-img
4 December 2015

K Mohanan

കണ്ണൂര്‍: ഇന്ത്യപാക് യുദ്ധത്തില്‍ കാഴ്ചവെച്ച ധീരതയ്ക്ക് മലയാളി പട്ടാളക്കാരന് ബംഗ്ലാദേശിന്റെ ആദരം. യുദ്ധത്തില്‍ 35 മണിക്കൂര്‍ പോര്‍വിമാനം പറപ്പിച്ച് പോരാടിയ നാവികസേനാ പൈലറ്റായ റിയര്‍ അഡ്മിറല്‍ കെ.മോഹന(69)നാണ് ബംഗ്ലാദേശ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണം ലഭിച്ചിരിക്കുന്നത്. ഐ.എന്‍.എസ്. വിക്രാന്തിന്റെതടക്കം നാല് കപ്പലുകളുടെ ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുള്ള ഈ കണ്ണൂര്‍ക്കാരന്‍ അടുത്ത വര്‍ഷത്തെ ബംഗ്ലാദേശ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ക്ഷണം ലഭിച്ച ഏക മലയാളിയുമാണ്.

അന്നത്തെ യുദ്ധത്തില്‍ പാകിസ്ഥാന്‍ കീഴടങ്ങിയതോടെയാണ് അതുവരെ കിഴക്കന്‍ പാകിസ്താനായിരുന്ന പ്രദേശം ബംഗ്ലാദേശായത്. അതിന്റെ നന്ദിസൂചകമായാണ് കര, നാവിക, വ്യോമ സേനകളില്‍ അന്ന് പ്രവര്‍ത്തിച്ചിരുന്നവരെ ബംഗ്ലാദേശ് സര്‍ക്കാര്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ വിശിഷ്ടാതിഥികളായി ക്ഷണിച്ച് ആദരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ നവികസേന, വ്യോമസേന എന്നീ വിഭാഗങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതവും കരസേനയില്‍നിന്ന് 23 പേരുമാണ് ക്ഷണിക്കപ്പെട്ടത്.

ഡിസംബര്‍ അഞ്ചിന് പുറപ്പെടുന്ന മോഹനനും ഭാര്യ കുമാരിയും ഡല്‍ഹിയില്‍ നിന്നുള്ള 26 പേരടങ്ങിയ സംഘത്തോടൊപ്പം 15ന് ബംഗ്ലാദേശിലെത്തും. 15ന് സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം ബംഗ്ലാദേശ് പ്രസിഡന്റും കരനാവികവ്യോമ സേനാതലവന്മാരുമൊരുക്കുന്ന വിരുന്നിലും പങ്കെടുക്കും. ഇന്ത്യപാക് യുദ്ധത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ വൈമാനികന്‍ കൂടിയായിരുന്നു അദ്ദേഹം.
കൂടാളി താഴത്തുവീട്ടില്‍ കുഞ്ഞനന്തന്‍ നമ്പ്യാരുടെ മകനാണ് കെ. മോഹനന്‍. കോളേജ്പഠനകാലത്ത് നേവല്‍ എന്‍.സി.സി.യില്‍ മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടാണ് നേവിയിലേക്കുള്ള ചുവട് വെപ്പ്. 1967ല്‍ സേനയില്‍ ചേര്‍ന്ന ഇദ്ദേഹത്തിന് യുദ്ധവിമാനം പറത്താനുള്ള പരിശീലനമാണ് ലഭിച്ചത്. പാക് യുദ്ധം തുടങ്ങിയപ്പോള്‍ 35 വിമാനമാണ് ഐ.എന്‍.എസ്. വിക്രാന്തിലുണ്ടായിരുന്നത്. അതില്‍ ഏറ്റവും പ്രായംകുറഞ്ഞയാള്‍ മോഹനന്‍ ആയിരുന്നു. 13 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 93,000 പേരടങ്ങുന്ന പാക് സൈന്യം ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു. പാക് പടയെ ഒന്നടങ്കം പ്രഹരമേല്‍പ്പിച്ച് പോരാടിയ മോഹനന്റെ ധീരതയെ അന്ന് മാധ്യമങ്ങളും വാനോളം പുകഴ്ത്തിയിരുന്നു.

1985ല്‍ ഐ.എല്‍.എസ്. ക്വില്‍ത്താന്‍, 91ല്‍ ഐ.എന്‍.എസ്. ഹന്‍സ, 93ല്‍ ഐ.എന്‍.എസ്. ദീപക്, 94ല്‍ ഐ.എന്‍.എസ്. വിക്രാന്ത് എന്നിവയുടെ ക്യാപ്റ്റനായി കെ. മോഹനന്‍ സേവനമനുഷ്ഠിച്ചു. നാവികസേനാ വ്യോമവിഭാഗത്തിന്റെ തലവനും കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവനമെഡലും നേടിയിട്ടുണ്ട്.
2014ല്‍ വിരമിച്ചശേഷം ഇപ്പോള്‍ പള്ളിക്കുന്നില്‍ താമസിക്കുന്നു മോഹനന്‍. താന്‍ ക്യാപ്റ്റനായിരുന്ന ഐ.എന്‍.എസ്. വിക്രാന്തിന്റെ ഓര്‍മയ്ക്ക് വീടിന് പേരിട്ടിരിക്കുന്നതും ‘വിക്രാന്ത്’ എന്നാണ്. വീടിനുമുന്നില്‍ താന്‍ ആദ്യം പറപ്പിച്ച യുദ്ധവിമാനം ‘എലിസെ’യുടെ മോഡലും തൂക്കിയിട്ടിട്ടുണ്ട്. സേനയില്‍ നിന്നും വിരമിച്ചെങ്കിലും ഒരു നാവിക ഉദ്യോഗസ്ഥന്റെ മനസ്സ് ഇപ്പോഴും മോഹനന്‍ കൈവിട്ടിട്ടില്ല. അതിനുദാഹരണമാണ് അദ്ദേഹത്തിന്റെ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന സര്‍വ്വീസ് ഓര്‍മ്മകള്‍.